സാധ്യതകളുടെ ‘മധ്യ’പ്രദേശം; കോണ്‍ഗ്രസ് പിടിച്ചാല്‍ കളിമാറും; ബിജെപിയും

madhya-pradesh-challenge-main
SHARE

മധ്യപ്രദേശ്, ഇന്ത്യമഹാരാജ്യത്തിന്റെ മധ്യദേശം. അടുത്ത പൊതുതിരഞ്ഞെടുപ്പിലേക്കുള്ള പ്രതീക്ഷകളുടെയും മധ്യപ്രദേശം. 230 നിയമസഭാമണ്ഡലങ്ങള്‍. നവംബര്‍ 28ന് വോട്ടെടുപ്പ്. ഇവിടെ ആരു വരുമെന്നു മാത്രമല്ല, അടുത്ത 5 വര്‍ഷം രാജ്യം ആരു ഭരിക്കുമെന്നു കൂടി മധ്യപ്രദേശ് പറയുമോ? ഈ ചോദ്യത്തിനാണ് ഇന്ത്യ ഉത്തരം കാത്തിരിക്കുന്നത്. 

ദേശീയ രാഷ്ട്രീയത്തിലെ കണക്കുകൂട്ടലുകളുടെ മധ്യപ്രദേശം കൂടിയാണ് ഇപ്പോള്‍ മധ്യപ്രദേശ്. 2003 മുതല്‍ തുടര്‍ച്ചയായി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനം‌. . ബി.ജെ.പിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം. 230ല്‍ 165 സീറ്റിന്റെ വന്‍ വിജയം. കോണ്‍ഗ്രസ് 58 സീറ്റിലൊതുങ്ങി. 2018ലും തിരഞ്ഞെടുപ്പു പോരാട്ടം ബി.ജെ.പിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ തന്നെ. ഈ 15 വര്‍ഷത്തിനിടെ തീവ്രമായ ഒരു രാഷ്ട്രീയപോരാട്ടം പോലും മധ്യപ്രദേശ് കണ്ടിട്ടില്ല. എന്നാല്‍ ഇത്തവണ സ്ഥിതിഗതികള്‍ അങ്ങനെയല്ല.  

കോണ്‍ഗ്രസ് ബി.ജെ.പിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തി പ്രസക്തി തിരികെപ്പിടിക്കാന്‍ ശ്രമിക്കുന്നു. ആറു മാസത്തിനുള്ളില്‍ പൊതുതിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്ന കോണ്‍ഗ്രസിന് ഈ സെമിഫൈനലില്‍ നിര്‍ണായകമാണ് മധ്യപ്രദേശ്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ 29 ലോക്സഭാസീറ്റുകളില്‍ 27ലും വിജയിച്ചത് ബി.ജെ.പി. 11 രാജ്യസഭാ എം.പിമാരടക്കം ആകെ 40 എം.പിമാരെ സംഭാവന ചെയ്യുന്ന സംസ്ഥാനമെന്നത് ദേശീയരാഷ്ട്രീയത്തില്‍ മധ്യപ്രദേശിന്റെ പ്രാധാന്യം ഉറപ്പിക്കുന്നു. ആറു മാസത്തിനുള്ളില്‍ വരുന്ന പൊതുതിരഞ്ഞെടുപ്പിലേക്കുള്ള സാധ്യത കൂടിയാണ് ദേശീയരാഷ്ട്രീയം മധ്യപ്രദേശില്‍ ഉറ്റുനോക്കുന്നത്. 

മധ്യപ്രദേശ് 

ആകെ സീറ്റ്: 230 

 

∙ബിജെപി: 165 

 

∙കോൺഗ്രസ്: 58 

 

∙ബിഎസ്പി: 4 

 

∙സ്വതന്ത്രൻ: 3 

 

 

വോട്ടു ശതമാനം 

 

∙ബിജെപി: 44.9% 

 

∙കോൺഗ്രസ്: 36.4% 

 

∙ബിഎസ്പി: 6.3% 

 

∙സ്വതന്ത്രരും മറ്റുള്ളവരും: 12.4% 

2003 മുതല്‍ മധ്യപ്രദേശ് ഭരിക്കുന്നത് ബി.ജെ.പിയാണ്. 14 വര്‍ഷമായി ശിവരാജ് സിങ് ചൗഹാന്‍ തന്നെയാണ് മുഖ്യമന്ത്രിയും. ബി.ജെ.പിയുടെ ഏറ്റവും വലിയ ആത്മവിശ്വാസവും പേടിയും ഇതു തന്നെയാണ്. ഭരണവിരുദ്ധവികാരമുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. ഒന്നരപതിറ്റാണ്ടിനു ശേഷം സ്വാഭാവികമായുണ്ടാകുന്ന വിരോധമേ ജനങ്ങള്‍ക്കിടയിലുള്ളുവെന്നത് മുഖ്യമന്ത്രിക്ക് അഭിമാനവുമാണ്.  

ശിവരാജ് സിങ് ചൗഹാനാണ് മധ്യപ്രദേശില്‍ ഭരണത്തിനും തിരഞ്ഞെടുപ്പു പ്രചാരണത്തിനും നേതൃത്വം നല്‍കുന്നത്. മറ്റു സംസ്ഥാനങ്ങളെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി കാത്തിരിക്കുമ്പോള്‍ മധ്യപ്രദേശില്‍ മുഖ്യമന്ത്രി തന്നെയാണ് താരം. 2005ല്‍ ബാബുലാല്‍ ഗൗറില്‍ നിന്ന് മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്ത ശേഷം ശിവരാജ് സിങ് ചൗഹാന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. തുടര്‍ച്ചയായി മൂന്നു വട്ടം മുഖ്യമന്ത്രി. മുന്നത്തേക്കാള്‍ 22 സീറ്റ് അധികം നേടിയായിരുന്നു മൂന്നാം വട്ടം.  

നാലാം ഊഴത്തിനായി ശിവരാജ് സിങ് ചൗഹാന്‍ വോട്ടു തേടുമ്പോള്‍ രാഷ്ട്രീയനിരീക്ഷകരെ അമ്പരപ്പിക്കുന്ന ഒരു കാര്യം, ഭരണവിരുദ്ധവികാരം ഉയരുമ്പോഴും മുഖ്യമന്ത്രി നിലനിര്‍ത്തുന്ന ജനപ്രീതിയാണ്. 15 വര്‍ഷത്തിനു ശേഷവും വികസനസൂചികയില്‍ ഏറെ മുന്നോട്ടു പോയിട്ടില്ലാത്ത ഒരു സംസ്ഥാനത്ത് അസാധാരണമായ ഒരു പ്രതിഭാസമാണത്.  

ബി.ജെ.പിയുടെ ഏറ്റവും വലിയ പ്രതീക്ഷ മുഖ്യമന്ത്രിയോട് ജനങ്ങള്‍ക്ക് വലിയ അതൃപ്തിയില്ല എന്നതാണ്. എന്നാല്‍ ഭരണത്തോടോ കേന്ദ്രനയങ്ങള്‍ ചെലുത്തിയ സ്വാധീനത്തോടോ ജനങ്ങള്‍ക്ക് ആ നിലപാടല്ല എന്നത് ബി.ജെ.പി തിരിച്ചറിയുന്നുമുണ്ട്. ശക്തമായ അതൃപ്തി അന്തരീക്ഷത്തിലുണ്ട്. എങ്കിലും ഭൂരിപക്ഷം കുറഞ്ഞാലും ഭരണം നിലനിര്‍ത്തുമെന്നാണ് ബി.ജെ.പി. പ്രതീക്ഷ.  

ഗുജറാത്തില്‍ നരേന്ദ്രമോദിയെപ്പോലെ ഒരു അതികായപരിവേഷം ഇല്ലാതെ തന്നെ ശിവരാജ് സിങ് ചൗഹാന് ഒന്നരപ്പതിറ്റാണ്ട് ഭരണം തുടരാന്‍ കഴി​ഞ്ഞതെങ്ങനെ? കോണ്‍ഗ്രസ് തോററുകൊടുത്തതുകൊണ്ട് എന്നു തന്നെയാണുത്തരം. ഇത്തവണ പക്ഷേ കടുത്ത ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. പാര്‍ട്ടിയിലെ ഐക്യം, ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനോടുള്ള മുറുമുറുപ്പ്, കൂട്ടിന് ഹിന്ദുത്വത്തിന്റെ മുഖവും. ഇത്തവണ ജയിച്ചില്ലെങ്കില്‍ ഇനിയില്ലെന്ന് കോണ്‍ഗ്രസിനറിയാം.  

മധ്യപ്രദേശ് ഇത്തവണ തിരിച്ചുപിടിച്ചില്ലെങ്കില്‍ ഇനി കൈവിട്ടുപോകുമെന്ന് കോണ്‍ഗ്രസ് തുറന്നുസമ്മതിക്കുന്നു. മധ്യപ്രദേശില്‍ മാത്രമല്ല, പൊതുതിരഞ്ഞെടുപ്പിനെ നേരിടാനുളള ആത്മവിശ്വാസത്തിനും നിര്‍ണായകമാണ് ഈ ജനവിധി. പാര്‍ട്ടിയിലെ അനൈക്യം കൂടിയാണ് ഒന്നരപതിറ്റാണ്ട് അധികാരത്തിനു പുറത്തുനിര്‍ത്തിയതെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ആ ദൗര്‍ബല്യം നേരിടാന്‍ ഇത്തവണ തുടക്കം മുതലേ ഐക്യത്തോടെയെന്ന പ്രഖ്യാപനങ്ങള്‍ ആവോളമുണ്ട്. പക്ഷേ മൂന്നു പ്രമുഖ നേതാക്കളും മൂന്നു വഴിക്കു തന്നെയെന്ന പല സൂചനകളും തിരഞ്ഞെടുപ്പ് നടപടികളുടെ തുടക്കത്തിലേ കണ്ടു.   

കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാരെന്ന സൂചനയിലേക്കു പോലും കടക്കാത്തത് ഈ നേതാക്കളെ പേടിച്ചു തന്നെയാണ്. കൂട്ടത്തില്‍ ജനപിന്തുണ ജ്യോതിരാദിത്യസിന്ധ്യയ്ക്കു തന്നെ. 47 കാരനായ സിന്ധ്യ, ഗുണയില്‍ നിന്നുള്ള ലോക്സഭാംഗമാണ് . എന്നാല്‍ കമല്‍നാഥും മുന്‍മുഖ്യമന്ത്രി ദിഗ്‍വിജയ്സിങും പ്രബല ഗ്രൂപ്പുകളുമായി അവകാശവാദത്തിലുണ്ട്. മൂന്നു നേതാക്കളും മല്‍സരരംഗത്തില്ല. പക്ഷേ ഏറ്റവും അടുത്ത ബന്ധുക്കളെയും അനുയായികളെയും വിജയപ്രതീക്ഷയുള്ള സീറ്റുകളില്‍ സ്ഥാനാര്‍ഥികളായി അവതരിപ്പിച്ചിട്ടുണ്ട്.  

മുഖ്യമന്ത്രിയുടെ ഭാര്യാസഹോദരനടക്കം ബി.ജെ.പിയില്‍ നിന്ന് തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മറുകണ്ടം ചാടിയെത്തിയ പ്രമുഖ നേതാക്കള്‍ക്കെല്ലാം കോണ്‍ഗ്രസ് സീറ്റു നല്‍കിയിട്ടുണ്ട്. സാമുദായികഗ്രൂപ്പു സമവാക്യങ്ങളും തൃപ്തിപ്പെടുത്തി. എങ്കിലും പാര്‍ട്ടിയിലെ തൊഴുത്തില്‍ക്കുത്താണ് കോണ്‍ഗ്രസിന്റെ മുന്നിലുളള ഏറ്റവും വലിയ വെല്ലുവിളി. തിരഞ്ഞെടുപ്പു പ്രചാരണം നേരിട്ടു നയിക്കുന്നത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തന്നെ. ക്ഷേത്രങ്ങള്‍ കയറിയിറങ്ങിയാണ് രാഹുല്‍ഗാന്ധിയുടെ പര്യടനങ്ങള്‍. ശിവഭക്തനായ രാഹുലിന്‍റെ ചിത്രങ്ങള്‍ പലയിടത്തും പ്രചാരണബോര്‍ഡുകളില്‍ ഉയര്‍ത്തിയിരിക്കുന്നു. കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പോലും ഹിന്ദുത്വത്തെ പ്രകടമായി പുണര്‍ന്നു നില്‍ക്കുന്നു. മധ്യപ്രദേശിലെ കാര്‍ഷികപ്രശ്നം, മന്‍ഡ്സോറിലെ സമരത്തില്‍ ആറു കര്‍ഷകരുടെ ജീവനെടുത്ത പൊലീസ് വെടിവയ്പ്പ്, തൊഴിലില്ലായ്മ എന്നിവയോടൊപ്പം റഫേല്‍ അഴിമതിയും ദേശീയ പ്രശ്നങ്ങളും ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രചാരണം.  

മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കു നേരാണ് പോരാട്ടം. എസ്.പിയും ബി.എസ്.പിയുമായും സഖ്യമുണ്ടാക്കാന്‍ കഴിയാതെ പോയത് കോണ്‍ഗ്രസിന് തിരിച്ചടിയാകുമോ? മറ്റു പാര്‍ട്ടികള്‍ക്ക് തിര‍്ഞെടുപ്പില്‍ സ്വാധീനിക്കാവുന്ന ശക്തിയുണ്ടോ? മധ്യപ്രദേശിലെ ചിത്രം അല്‍പം വ്യത്യസ്തമാണ്. 

മധ്യപ്രദേശില്‍ ബി.ജെ.പിയും കോണ്‍ഗ്രസും നേരിട്ടാണ് എല്ലാ മണ്ഡലങ്ങളിലും മല്‍സരമെങ്കിലും പ്രാദേശികശക്തികളുമായുള്ള സഖ്യം വലിയ സാധ്യതകള്‍ക്കു വഴി തുറക്കുമെന്നു കോണ്‍ഗ്രസിനു വ്യക്തമായിരുന്നു. പക്ഷേ ദേശീയ തലത്തിലെ മഹാഘട്ബന്ധന്‍ സ്വപ്നം മധ്യപ്രദേശില്‍ തുടക്കത്തിലേ ശിഥിലമായി. എസ്.പിയും ബി.എസ്.പിയും സ്വന്തം നിലയ്ക്കു മുന്നോട്ടു പോയി. ബി.എസ്.പിയുമായി മാത്രം സഖ്യം ചേര്‍ന്നാല്‍ പോലും അന്തിമഫലത്തില്‍ നിര്‍ണാകസ്വാധീനമുണ്ടാകുമായിരുന്നു. പക്ഷേ കോണ്‍ഗ്രസ് അവഗണിക്കുന്നതുകൊണ്ട് ഒറ്റയ്ക്കു മല്‍സരിക്കുകയാണെന്നു പ്രഖ്യാപിച്ച് ബി.എസ്.പി നിലപാടെടുത്തു. കഴിഞ്ഞ തവണ ആറു ശതമാനം വോട്ടും നാലു സീറ്റും നേടിയ ബിഎസ്‌പി 50 സീറ്റാണ് മധ്യപ്രദേശിൽ കോൺഗ്രസിനോട് ആവശ്യപ്പെട്ടത്. കൂടിപ്പോയാല്‍ 15 എന്ന് ഉറച്ചു നിന്ന കോണ്‍ഗ്രസിന്റെ ആത‍്മവിശ്വാസം അമിതമായോ എന്ന് ജനവിധി പറയും.  

എന്നാല്‍ ആദിവാസികള്‍ക്കിടയില്‍ ഉയര്‍ന്നു വരുന്ന ജയ് ആദിവാസി യുവശക്തി അഥവാ ജേയ്സ് എന്ന പുതുതലമുറ സംഘടനയെ കോണ്‍ഗ്രസ് ഒപ്പം നിര്‍ത്തിയിട്ടുണ്ട്. ജേയ്സിന്റെ ഡോ.ഹീരലാല്‍ അലാവയെ മനാവര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കിയത് ഗുണം ചെയ്യുമെന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നു. 47 ആദിവാസിമണ്ഡലങ്ങളുണ്ട് മധ്യപ്രദേശില്‍. ആദിവാസിമേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഗോണ്ട്വാന ഗണതന്ത്ര് പാര്‍ട്ടിക്ക് കഴിഞ്ഞ നിയമസഭയില്‍ ഒരു എം.എല്‍.എയുണ്ടായിരുന്നു. GGPയും ഇത്തവണ കോണ്‍ഗ്രസിനായി കാത്തു, ഒടുവില്‍ തനിയെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സാധാരണയായി മറ്റു പാർട്ടികളുടെ വോട്ടുകൾ ബിജെപിയിലേക്കും കോൺഗ്രസിലേക്കും മറിയുന്നതാണു കുറേ വർഷങ്ങളായി കാണുന്ന ചിത്രം. 2008ല്‍ 16 സീറ്റാണ് കോൺഗ്രസ്- ബിജെപി ഇതര പാർട്ടികൾ നേടിയത്. 30 ശതമാനം വോട്ടും ഇവർക്ക് ലഭിച്ചു. 2013 ൽ വോട്ട് ശതമാനം 19 ആയി. സീറ്റുകൾ ഏഴായി കുറഞ്ഞു. ബി.ജെ.പി. 229 സീറ്റിലും മല്‍സരിക്കുന്നു.  

പാര്‍ട്ടികള്‍ എന്തെല്ലാം അജന്‍ഡ സ്വീകരിച്ചാലും മധ്യപ്രദേശിലെ ജനങ്ങളുടെ വിധിയെഴുത്ത് കൃത്യമായ ജീവല്‍പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് ഉറപ്പിച്ചു പറയാം. കര്‍ഷകരോഷത്തിന്റെ ആഴവും വ്യാപ്തിയുമായിരിക്കും അടുത്ത സര്‍ക്കാരിനെ തീരുമാനിക്കുക. കാരണം മധ്യപ്രദേശിലെ 70 ശതമാനം ജനങ്ങള്‍ കാര്‍ഷികമേഖലയുമായി നേരിട്ടു ബന്ധപ്പെട്ടു ജീവിക്കുന്നവരാണ്. 

കേരളത്തിലേതു പോലെ ചൂടേറിയ രാഷ്ട്രീയപ്രശ്നങ്ങളിലെ ആരോപണപ്രത്യാരോപണങ്ങള്‍ മധ്യപ്രദേശിലെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ഇല്ല. ഭരണപക്ഷം അഭിമാനമായി ഉയര്‍ത്തിക്കാണിക്കുന്നതും പ്രതിപക്ഷം ശക്തമായി ആരോപിക്കുന്നതും കര്‍ഷകമേഖലയിലെ ഇടപെടലുകളാണ്. സംസ്ഥാനത്തെ ഭൂരിപക്ഷം ജനങ്ങളും കര്‍ഷകരോ കാര്‍ഷികവിപണിയുമായി ബന്ധപ്പെട്ടു ജീവിതം നയിക്കുന്നവരോ ആണ്. വിലത്തകര്‍ച്ച മൂലം വന്‍പ്രതിസന്ധിയിലായ കര്ഷകര്‍ക്കായി ഭാവ് അന്തര്‍ പോലെ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഒന്നും കര്‍ഷകനു തുണയായില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇടനിലക്കാരും ഉദ്യോഗസ്ഥ അഴിമതിയും കര്‍ഷകര്‍ക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ വഴി മാറ്റി. പൊതുവിപണിയില്‍ കിലോയ്ക്ക് അറുപതു രൂപയിലേറെ വില ഈടാക്കുന്ന വെളുത്തുള്ളിക്ക് മധ്യപ്രദേശിലെ കര്‍ഷകര്‍ക്ക് കിലോയ്ക്ക് 1 രൂപ മാത്രം കിട്ടുന്ന ദുരവസ്ഥ പോലുമുണ്ടായി.

പരിപ്പ് വര്‍ഗങ്ങളും പച്ചക്കറിയും ഗോതമ്പും ഉള്ളിയുമൊക്കെയാണ് കാര്‍ഷികമേഖലയിലെ പ്രധാന വിളകള്‍. കഴിഞ്ഞ രണ്ടു വര്‍ഷവും മഴ ശരാശരിയിലും കുറവായിരുന്നു. പക്ഷേ പരമാവധി ജലസേചന മാര്‍ഗങ്ങള്‍ ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ മുന്‍കൈയെടുത്തു. 3000 കോടി രൂപ ചെലവഴിച്ച് സര്‍ക്കാരിന്റെ താങ്ങുവിലയും സംഭരണവുമൊക്കെ ഏര്‍പ്പെടുത്തിയെങ്കിലും കര്‍ഷകര്‍ ദുരിതക്കയത്തില്‍ തന്നെയാണ്. വിളനാശത്തിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയും പരിഹാസ്യമായി. കൃഷി നശിച്ചതിന് ഹെക്ടറിന് 25 രൂപയുടെ നഷ്ടപരിഹാരം വരെ ലഭിച്ച കര്‍ഷകരുണ്ട്. ഇതെല്ലാം കൂടിയാണ് മന്‍ഡ്‍സോറിലെ കര്‍ഷകസമരത്തിലേക്ക് നയിച്ചത്. പക്ഷേ സമരം ശക്തമായതോടെ സംഘര്‍ഷത്തിലെത്തിച്ചു പൊലീസ്. വെടിവയ്പില്‍ കൊല്ലപ്പെട്ടത് ആറു കര്‍ഷകര്‍. കര്‍ഷകരുടെ ജീവത്യാഗം കോണ്‍ഗ്രസ് പ്രചാരണത്തിലുന്നയിക്കുന്ന പ്രധാന വിഷയമാണ്. മന്‍ഡ്സോറിന്റെ വേദന സംസ്ഥാനത്തുടനീളം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നുറപ്പാണ്.

നഗരമേഖലയിലും സര്‍ക്കാരിനെതിരെ അതൃപ്തി പുകയുന്നുണ്ട്. യുവാക്കളുടെയിടയില്‍ തൊഴിലില്ലായ്മ പ്രധാന പ്രശ്നമാണ്. വ്യാപാരികളും ഉയര്‍ന്ന സമുദായവിഭാഗങ്ങളുമെല്ലാം സര്‍ക്കാരിനെതിരെ സംസാരിച്ചു തുടങ്ങിയിരിക്കുന്നു. 

സംസ്ഥാനസര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും പേടി സ്വപ്നങ്ങള്‍ ഡല്‍ഹിയില്‍ നിന്ന് ഇറക്കുമതി ചെയ്തതാണെന്നതും പറയാതിരിക്കാനാകില്ല. നോട്ടു നിരോധനം, ജി.എസ്.ടി., കാര്‍ഷികനയങ്ങള്‍. പ്രധാനമന്ത്രി മോദിയുടെ നയങ്ങള്‍ക്കുള്ള മറുപടി കൂടി ശിവരാജ് സിങ് ചൗഹാന് കിട്ടുമോ? കോണ്‍ഗ്രസിന്റെയും പ്രധാന പ്രചരണായുധം കേന്ദ്രനയങ്ങളാണ്.

നോട്ടുനിരോധനം മധ്യപ്രദേശിലെ ഗ്രാമീണമേഖലയെ തകര്‍ത്തു കളഞ്ഞു. രണ്ടു വര്‍ഷം പിന്നിട്ടിട്ടും തകര്‍ച്ചയില്‍ നിന്ന് കര കയറാന്‍ ഗ്രാമീണര്‍ക്കു കഴിഞ്ഞിട്ടില്ല. ഡിജിറ്റല്‍ പണമിടപാടിനെക്കുറിച്ച് കേട്ടിട്ടേയില്ലാത്ത, ഒരു ബാങ്ക് പോലുമില്ലാത്ത മിക്കവാറും ഗ്രാമങ്ങളില്‍ കറന്‍സി ക്ഷാമം കാര്‍ഷികവ്യാപാരത്തെ സ്തംഭിപ്പിച്ചു കള‍ഞ്ഞു. പണമിടപാടുകള്‍ നിശ്ചലമായതോടെ പണിക്കൂലിയും തുച്ഛവരുമാനവും അട്ടിമറിക്കപ്പെട്ടു. ബി.ജെ.പിയുടെ ഏറ്റവും വലിയ പിന്‍ബലം ചെറുകിടവ്യാപാരികളും വ്യവസായികളുമായിരുന്നു. നോട്ടു നിരോധനവും പിന്നാലെയെത്തിയ ജി.എസ്.ടിയും വ്യാപാരമേഖലയെയും മന്ദീഭവിപ്പിച്ചു.  

പട്ടികജാതി പട്ടികവര്‍ഗവിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്ന നിയമത്തിലെ കര്‍ശന വ്യവസ്ഥകള്‍ കേന്ദ്രം പുനഃസ്ഥാപിച്ചതില്‍ ഉയര്‍ന്ന സമുദായങ്ങള്‍ രോഷത്തിലാണ്. കേസുകളുടെ ദുരുപയോഗം ആവര്‍ത്തിക്കുമെന്ന വിചിത്രമായ ന്യായത്തിലും ആശങ്ക ശിവരാജ്സിങ് ചൗഹാനാണ്. കേന്ദ്രനയങ്ങളുടെ മറുപടി മധ്യപ്രദേശില്‍ ഏറ്റുവാങ്ങേണ്ടി വരുമോയെന്ന ഭീഷണി ബി.ജെ.പിയെ അലട്ടുന്നു.  

ബി.ജെ.പി. മാത്രമല്ല, കോണ്‍ഗ്രസും ഒരു മറയുമില്ലാതെ ഹിന്ദുത്വം പ്രയോഗിക്കുന്നു, മധ്യപ്രദേശില്‍, വര്‍ഗീയ ധ്രുവീകരണമല്ല, 90% ഹിന്ദുക്കളായ വോട്ടര്‍മാരുടെ ജീവിതസംസ്കാരം പരിഗണിക്കുക മാത്രമാണെന്നാണ് കോണ്‍ഗ്രസിന്റെ ന്യായം. ജനസംഖ്യയില്‍ 6 ശതമാനം മാത്രമാണ് മുസ്‍ലിംകള്‍. 230 മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് ഒരു മുസ്‌ലിം സ്ഥാനാര്‍ഥി. കോണ്‍ഗ്രസിന് മൂന്നും. 

കോണ്‍ഗ്രസ് അധ്യക്ഷന്റെ ക്ഷേത്രസന്ദര്‍ശനത്തില്‍ തുടങ്ങി, പ്രചാരണവേദികളിലെ നേതാക്കളിലെ പ്രസംഗങ്ങളില്‍ വരെ ഹിന്ദുവെന്ന അഭിമാനപ്രഖ്യാപനമാണ് നിറഞ്ഞുനില്‍ക്കുന്നത്. കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ 23000 പഞ്ചായത്തുകളിലും ഗോശാലകള്‍ പ്രധാന വാഗ്ദാനമാകുന്നതും ഭൂരിപക്ഷവോട്ടില്‍ കണ്ണു നട്ടു തന്നെ. ശ്രീരാമന്റെ വനവാസയാത്രയെ സൂചിപ്പിക്കുന്ന രാമപഥം, നര്‍മദപരിക്രമ പദ്്ധതി തുടങ്ങി ഹിന്ദുത്വം ഔദ്യോഗികമായി പ്രകടനപത്രികയില്‍ അവതരിപ്പിച്ചിട്ടുണ്ട്. എങ്കില്‍ രാമക്ഷേത്രത്തില്‍ നിലപാട് പറയൂവെന്ന് ബി.ജെ.പി തിരിച്ചടിക്കുന്നുണ്ടെങ്കിലും ഗുജറാത്തില്‍ നേട്ടമുണ്ടാക്കിയ മൃദുഹിന്ദുത്വപരീക്ഷണത്തില്‍ വിശ്വാസമര്‍പ്പിച്ചു തന്നെയാണ് കോണ്‍ഗ്രസ് മുന്നോട്ടു പോകുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് നാമമാത്രമായ പ്രാതിനിധ്യം മാത്രം. കഴിഞ്ഞ നിയമസഭയില്‍ ഒരേയൊരു മുസ്‍ലിം പ്രതിനിധി കോണ്‍ഗ്രസില്‍ നിന്നായിരുന്നു. ഇത്തവണ ബി.ജെ.പി. ന്യൂനപക്ഷസ്ഥാനാര്‍ഥിയെ നിര്‍ത്തിയതു തന്നെ സന്തോഷകരമെന്നാണ് കോണ്‍ഗ്രസിന്റെ ഒളിയമ്പ്.  

കോണ്‍ഗ്രസ് മധ്യപ്രദേശ് തിരിച്ചുപിടിക്കുമെന്ന അഭിപ്രായസര്‍വേകളാണ് അന്തരീക്ഷത്തിലേറെയും. എന്നാല്‍ എഴുതിത്തള്ളാന്‍ മുതിരേണ്ട എന്നു വാദിക്കാന്‍ ബി.ജെ.പിക്കും കാരണങ്ങളുണ്ട്. ഒരാഴ്ചത്തെ മധ്യപ്രദേശ് പര്യടനത്തിനു ശേഷം ഉറപ്പിച്ചു പറയാവുന്നത് ഒറ്റക്കാര്യമാണ്. പതിനഞ്ചു വര്‍ഷത്തിനു ശേഷം ആദ്യമായി മധ്യപ്രദേശ് ഒരു കടുത്ത പോരാട്ടത്തിനു സാക്ഷ്യം വഹിക്കുകയാണ്. ലോക്സഭാതിരഞ്ഞെടുപ്പില്‍ എന്തു നടക്കുമെന്നും മധ്യപ്രദേശിന് വ്യക്തമായ സൂചന നല്‍കാനാകും.

MORE IN SPECIAL PROGRAMS
SHOW MORE