ഛത്തീസ്ഗഡ് ചലഞ്ച്

BJP-Congress
പ്രതീകാത്മക ചിത്രം, കടപ്പാട് ഇന്റർനെറ്റ്
SHARE

ഛത്തീസ്ഗഢിന്‍റെ ആദ്യ മുഖ്യമന്ത്രി അജിത് ജോഗി കോണ്‍ഗ്രസിലുണ്ടാക്കിയ പിളര്‍പ്പോടെയാണ് പോരട്ടത്തിന്‍റെ മുഖം മാറുന്നത്. മകന്‍ അമിത് ജോഗി രണ്ടുവര്‍ഷം മുന്‍പ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് അജിത് ജോഗി കോണ്‍ഗ്രസ് വിട്ടത്. ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഢ് എന്ന സ്വന്തം പാര്‍ട്ടിയുണ്ടാക്കി. മൂന്നാം മുന്നണി സജ്ജമാക്കി. നിസാരമല്ല ജോഗി ഇഫക്ട്. കിങാകുക അല്ലെങ്കില്‍ കിങ്മേക്കറാവുക ഇതാണ് അജിത് ജോഗിയുടെ ലക്ഷ്യം.  

ഛത്തീസ്ഗഢില്‍ ഏവരും ഉറ്റുനോക്കുന്നത് അജിത് ജോഗിയെന്ന കരുത്തനായ പിന്നാക്ക നേതാവിനെയാണ്. ജോഗിയുടെ ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഢ് എന്ന പാര്‍ട്ടിയിലാണ്. ഭരണത്തുടര്‍ച്ച സ്വപ്നം കാണുന്ന രമണ്‍ സിങ് ഏറ്റവും  പ്രതീക്ഷയര്‍പ്പിക്കുന്നത് ജോഗിയുടെ മൂന്നാം ചേരിയിലാണ്. കാരണം പ്രതിപക്ഷവോട്ടുകള്‍ ഭിന്നിക്കുമെന്നതുതന്നെ. ബിഎസ്പിയും ഇടതുപാര്‍ട്ടികളും ചേരുന്ന ജോഗിയുടെ മുന്നണി ജനവിധിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തല്‍. ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഢ് മുന്നേറ്റമുണ്ടാക്കിയാല്‍ കോണ്‍ഗ്രസിനാകും കൂടുതല്‍ നഷ്ടമുണ്ടാകുകയെങ്കിലും ബിജെപിക്കും ക്ഷീണമുണ്ടാകും.  

ഒരുകാലത്ത് ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന്‍റെ മുടിചൂടാമന്നനായിരുന്നു അജിത് ജോഗി. ഭോപ്പാല്‍ സര്‍വകലാശാലയില്‍ നിന്ന് ഒന്നാം റാങ്കോടെ എന്‍ജിനിയറിങ് ബിരുദം. 1970 ല്‍ സിവില്‍ സര്‍വീസ്. റായ്പൂര്‍ കലക്ടറായിരിക്കെയാണ് രാജീവ് ഗാന്ധിയുമായി സൗഹൃദത്തിലാകുന്നത്. പൈലറ്റായ രാജീവ് വിമാനം പറത്തി റായ്പൂരിലെത്തുമ്പോള്‍ കലക്ടര്‍ കാണാനെത്തും. രാജീവിന്‍റെ കൈപിടിച്ച് രാഷ്ട്രീയത്തിലെത്തി. 1986 ല്‍ സിവില്‍ സര്‍വീസ് രാജിവെച്ചു. രാജ്യസഭാംഗമായി. ഛത്തീസ്ഗഢിന്‍റെ ആദ്യമുഖ്യമന്ത്രിയായി. സോണിയ ഗാന്ധിയുടെ വിശ്വസ്തനായി. ഏകാധിപതിയെപ്പോലെയാണ് ഭരണവും പാര്‍ട്ടിയും കൊണ്ടുനടന്നത്. മകന്‍ അമിത്തിന്‍റെ  അതിമോഹങ്ങള്‍ കൂടിയായപ്പോള്‍ കാര്യങ്ങള്‍ വഷളായി. വിവാദച്ചുഴിയില്‍പ്പെട്ടു. അഴിമതി ആരോപണങ്ങള്‍, ബിജെപി ഭരണം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍, കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കല്‍, കൊലപാതകക്കേസ്, അപകടം. പിന്നെ ഗ്രഹണകാലമായിരുന്നു. അപകടം സുഷുമ്നനാഡിയെ തളര്‍ത്തിയെങ്കിലും ഉൗര്‍ജം ഒട്ടും കുറഞ്ഞിട്ടില്ല.

ബിജെപിടുടെ ബി ടീമാണ് ജോഗിയെന്ന വിമര്‍ശനമുണ്ട്. മൂന്നാംചേരിയുടെ ശക്തി ബിജെപി ഒട്ടും കുറച്ചുകാണുന്നില്ല. ബിജെപിക്കും കോണ്‍ഗ്രസിനും കൃത്യമായ ഭൂരിപക്ഷം ലഭിക്കാതിരുന്നാല്‍ കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി നടത്തിയതുപോലെയൊരു സര്‍ജിക്കല്‍ സ്ട്രൈക്ക്. അതാണ് ജോഗിയുടെ മനസിലുള്ളത്. ഇപ്പോള്‍ തല്‍ക്കാലം സമ്മതിച്ചുതരില്ലെങ്കിലും.

പട്ടിക വിഭാഗങ്ങള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനമുള്ള ജോഗിയും മയാവതിയും ചേരുമ്പോള്‍ മല്‍സരം പ്രവചനാതീതമാകുന്നു. ഖനിമേഖലകളില്‍ ഇടതുപാര്‍ട്ടികളുടെ പ്രത്യേകിച്ച് സിപിെഎയുടെ ചുവപ്പ് ഇപ്പോഴുമുണ്ട്. അതുകൂടി ചേര്‍ത്തുകാണണം. 

സീറ്റ് വീതംവെയ്പ്പിനെച്ചൊല്ലിയുള്ള നീണ്ട തര്‍ക്കത്തിനൊടുവിലാണ് ബിഎസ്പി നേതാവ് മായാവതി കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞത്. അജിത് ജോഗിയുമായി മായാവതി കൈകോര്‍ത്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പിക്ക് ലഭിച്ചത് 4.3 ശതമാനം വോട്ടും ഒരു സീറ്റുമാണ്. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ചിച്ച് മല്‍സരം നടക്കുന്ന ഛത്തീസ്ഗഢില്‍ ബിഎസ്പിയും കോണ്‍ഗ്രസും കൈകോര്‍ത്തെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു.

ആദിവാസി വോട്ടുകളും ജാതി സമവാക്യങ്ങളും ഏറെ നിര്‍ണായകമാണ് ഛത്തീസ്ഗഢില്‍. ആകെയുള്ള 90 നിയമസഭാ സീറ്റില്‍ 29 എണ്ണം പട്ടിക വര്‍ഗ സംവരണവും 10 എണ്ണം പട്ടിക ജാതി സംവരണവുമാണ്. മുന്നാക്ക സമുദായങ്ങളും ഒബിസിയും പൊതുവേ ബിജെപിക്കൊപ്പമാണ്.

15 വര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യാന്‍ കഴിഞ്ഞില്ല എന്ന ചോദ്യത്തിന് രമണ്‍ സിങിന്‍റെ മറുപടി ഇതാണ്.

മാവോയിസ്റ്റുകളുടെ സ്വാധീനമേഖല കുറഞ്ഞുവരികയാണ്. അവസാന തുരുത്തും ഇല്ലാതാക്കും '' 

MORE IN SPECIAL PROGRAMS
SHOW MORE