ഇനി 'തുറന്ന' വാദത്തിന് കാതോർത്ത്; കോടതിയിൽ ഇന്ന്

sabarimala-special-programme
SHARE

ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള യുവതികള്‍ക്കും പ്രവേശനം. സ്ത്രീകളെ രണ്ടാംതരം പൗരന്മാരായി കാണുന്നത് ഭരണഘടനാ ധാര്‍മികതയ്ക്ക് നിരക്കാത്തതാണ്.  2018 സെപ്തംബര്‍ ഇരുപത്തിയെട്ടിന്  സുപ്രീംകോടതി ഭരണഘടനാ ബഞ്ച് ഇങ്ങനെ വിധിച്ചു. ചരിത്ര വിധിയെന്ന് എല്ലാവരും പറഞ്ഞപ്പോഴും വരുംവരായ്കകളെക്കുറിച്ച് അധികമാരും ചിന്തിച്ചിരുന്നില്ല. വിധി നടപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. അത് അങ്ങനെതന്നെയാണ്. കോടതി വിധികള്‍ എന്നത് നടപ്പിലാക്കാന്‍ തന്നെയുള്ളതാണ്. എന്നാല്‍ വലിയൊരു വിഭാഗം വിശ്വാസികള്‍ക്ക് സര്‍ക്കാര്‍ തങ്ങളെ പരിഗണിക്കുന്നില്ല എന്നൊരു തോന്നലുണ്ടാക്കാന്‍ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പ്രസ്ഥാവനകള്‍ വഴിവച്ചു. കേരളത്തില്‍ തഴച്ചുവളരാന്‍ നനവുള്ള മണ്ണ് തേടിനടന്നിരുന്ന ബിജെപി ആ അവസരത്തില്‍ വലിയൊരു വിത്ത് പാകി. ഇടതുസര്‍ക്കാരിനെതിരെ ശബരിമല വിധിയുടെ മറവില്‍ സമരം.  ഞങ്ങള്‍ ഒപ്പമുണ്ടെന്ന തോന്നല്‍ ശബരിമല വിശ്വാസികളിലുണ്ടാക്കാന്‍ വലിയ പാട് അവര്‍ക്ക് പെടേണ്ടിവന്നുമില്ല.

രാമനാമജപം പുതിയ സമരമുറയായി. പിന്നെ മാസപൂജയുടെ ദിനങ്ങൾ‍. യുദ്ധസമാനമായ സാഹചര്യങ്ങള്‍. ശരണംവിളിയുടെ പാതകള്‍ ഏത് നിമിഷവും അപകടകരമായ എന്തൊക്കെയോ സംഭവിക്കാന്‍ പോന്ന ദുര്‍ഘട പാതകളായി മാറി. ആള്‍ക്കൂട്ടം പലപ്പോഴും ധാര്‍മികത കൈവിട്ടു. തൊട്ടാല്‍ പൊള്ളുന്ന വിഷയം കൈകാര്യം ചെയ്യുന്നതില്‍ പൊലീസിനും വീഴ്ചകള്‍. കോടതി വിധി നിരാശാജനകം എന്ന് ആദ്യം പറഞ്ഞ ദേവസ്വം ബോര്‍ഡ് പിന്നീട് സര്‍ക്കാരിന്‍റെ കണ്ണുരിട്ടിനുമുന്നില്‍ വിരണ്ട് നിലപാട് മാറ്റി. പരിഹരിക്കപ്പെടുന്നത് എങ്ങനെയെന്നറിയാതെ ശബരിമല പ്രശ്നം നീറിത്തുടങ്ങി. കലാപസമാനം കാര്യങ്ങള്‍.  

തുലാമാസ പൂജകാലത്തെ കാഴ്ചകള്‍ ആരും മറന്നിട്ടുണ്ടാവില്ല. ഭക്തി ഒഴികെയുള്ളതെല്ലാം കണ്‍മുന്നില്‍ എന്നതായിരുന്നു അവസ്ഥ. ഉദ്യേഗജനകമായ അഞ്ചുനാളിനു ശേഷം നടയടച്ചു. പൊലീസും സുരക്ഷയും എല്ലാമായി സര്‍ക്കാരിന് ഭാരിച്ച ചിലവ്. പിന്നെ ചിത്തിര ആട്ട തിരുനാള്‍. നട തുറന്നത് രണ്ടുദിവസം. കലാപം ഒഴിവാക്കാന്‍ ചില്ലറയായിരുന്നില്ല മുന്‍കരുതലുകള്‍. അപ്പോളെല്ലാം ഏവരും ഉറ്റുനോക്കിയിരുന്നത് സുപ്രീം കോടതിയെയാണ്. പതിമൂന്ന് ഒരു നല്ല ദിവസമാണെന്ന് വിശ്വസിക്കാന്‍ ഏവരും ശ്രമിച്ചു. റിവ്യൂഹര്‍ജിയും റിട്ടുകളും ശബരിമല പ്രശ്നത്തിന് പരിഹാരമുണ്ടാക്കും എന്നത് കഴിഞ്ഞ ദിവസങ്ങളിലെ വലിയ പ്രതീക്ഷ.

ഒടുവില്‍ പാതി പ്രതീക്ഷകള്‍ക്ക് പച്ചക്കൊടി വീശി കോടതി തീരുമാനം. ശഹരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച വിധിയിന്മേല്‍ വീണ്ടും വാദം കേള്‍ക്കും. തുറന്ന കോടതിയിലാകും പുനപരിശോധനാ ഹര്‍ജികള്‍ കേള്‍ക്കുക. ചീഫ് ജസ്റ്റിസിന്‍റെ ചേമ്പറിലാണ് ഈ സുപ്രധാന തീരുമാനം ഉണ്ടായത്. ഉച്ചക്ക് മൂന്നുമണിക്ക് ബഞ്ച് ചേര്‍ന്നെങ്കിലും വേഗം പിരിഞ്ഞു. എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതി. അഭിഭാഷകര്‍ക്കും മാധ്യമങ്ങള്‍ക്കും പ്രവേശനമില്ലാതിരുന്ന ആ മുറിക്കുള്ളില്‍ നിന്ന് പക്ഷേ പുറത്തുവന്നത് അയ്യപ്പഭക്തര്‍ക്ക് ആശ്വസിക്കാവുന്ന വാര്‍ത്ത. 

സമീപകാലത്ത് ഒരു കേസിലും സുപ്രീം കോടതി വിധിക്കെതിരെ ഇത്രയധികം പുനപരിശോധനാ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നില്ല. തുറന്ന കോടതി വീണ്ടും വിഷയം പരിഗണിക്കുമ്പോള്‍ ഇരുപക്ഷത്തിനും വാദഗതികള്‍ക്ക് അവസരം ഒരുങ്ങും. ഭരണഘടനാ ബഞ്ചിന്‍റെ വിധിക്കുശേഷം ശബരിമലയില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ സര്‍ക്കാരിനും സാഹചര്യം. മണ്ഡലകാലത്തിനുശേഷം ജനുവരി ഇരുപത്തി രണ്ടിനാണ് വീണ്ടും വാദം നടക്കുക. ജനുവരി ഇരുപതിനാണ് നട അടക്കുക. നിലവില്‍ പുറപ്പെടുവിച്ചിരിക്കുന്ന വിധിക്ക് സ്റ്റേ ഇല്ല. അതായത് മണ്ഡലകാലത്ത് യുവതികള്‍ക്ക് മലകയറാം എന്ന് സാരം. 

വിധിയെ ബിജെപി തങ്ങളുടെ വിജയമായാണ് ഉയര്‍ത്തിക്കാട്ടുന്നത്. കേരളത്തെ കലാപ ഭൂമിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി മാപ്പുപറയണമെന്നും പാര്‍ട്ടി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള തുറന്നടിച്ചു.

കോടതി വിധി സര്‍ക്കാരിന് എതിരെയുള്ള വിധിയല്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രതികരണം. സര്‍ക്കാരിനുമേല്‍ ബിജെപി വിജയം നേടിയതല്ല എന്ന് പറഞ്ഞില്ലെങ്കിലും കോടിയേരിയുടെ പ്രതികരണത്തിന്‍റെ ആകെത്തുക അങ്ങനെതന്നെയായിരുന്നു

വിധി എന്തായാലും നടപ്പാക്കുമെന്ന പതിവ് ആവര്‍ത്തന ഡയലോഗായിരുന്നു  ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റേത്. വിധി എന്താണെന്ന് നിയമവിധഗ്ധരുമായി കൂടിയാലോചിച്ച് മനസിലാക്കുംവരെ വലിയ ആവേശം വേണ്ട എന്ന് സര്‍ക്കാര്‍ തീരുമാനിച്ചതുപോലെ. വിധിവന്നപ്പോള്‍ ആവേശത്തില്‍ പ്രതികരിച്ചു പണിമേടിച്ചത് ആവര്‍ത്തിക്കാതിരിക്കാനുള്ള കരുതല്‍ അതുകൊണ്ടുതന്നെ ഉണ്ടായിരുന്നു

വിധി അയ്യപ്പന്റെ അനുഗ്രഹമെന്നു ശബരിമല തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. വിധിവന്ന ശേഷം അതിനോട് ആദ്യം പ്രതികരിച്ചതും തന്ത്രിയായിരുന്നു. എന്നാല്‍ പറയുന്ന വാക്കുകള്‍ ഉണ്ടാക്കാവുന്ന ഇഷ്ടക്കേടുകളെക്കുറിച്ച് രാജീവരര് ബോഝവാനായിരുന്നു. അതിനാല്‍ ആരെയും പരാമര്‍ശിക്കാതെ അയ്യപ്പനെ മാത്രം അദ്ദേഹം ആശ്രയിച്ചു

പുനപരിശോധന ഹര്‍ജികള്‍ തുറന്നകോടതിയില്‍ പരിഗണിക്കാനുള്ള സുപ്രീംകോടതിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. കോടതിയുടെ ഇന്നത്തെ തീരുമാനത്തെ അനുകൂലമാക്കി സര്‍ക്കാരിനെതിരെ ഒളിയമ്പയക്കാനും ചെന്നിത്തല മറന്നില്ല. മണ്ഡലമകരവിളക്ക് കാലത്ത് യുവതികളെ പ്രവേശിപ്പിക്കുമെന്ന പിടിവാശി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞുവച്ചു

ശബരിമല വിധിക്കെതിരെ പരസ്യമായി രംഹത്തുണ്ടായിരുന്ന കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്‍റ് കെ സുധാകരനും പ്രതീക്ഷ മറച്ചുവച്ചില്ല. 

നിലവില്‍ മണ്ഡലകാലത്ത് സന്നിധാനത്തേക്ക് പോകാന്‍ അഞ്ഞൂറിലധികം യുവതികളാണ് പൊലീസ് സുരക്ഷ തേടിയിരിക്കുന്നത്. മണ്ഡലകാലത്തിന് നാലുദിനം മാത്രമാണ് ശേഷിക്കുന്നത്. വിധി വന്നപ്പോള്‍ സ്വാഭാവികമായും യുവതികള്‍ക്കു പറയാനുള്ളതിനും ചെവി കൊടുക്കേണ്ടതുണ്ട്

വിധി പുനപരിശോധിക്കാന്‍ തീരുമാനമെടുത്ത കോടതി ദേവസ്വം ബോര്‍ഡിനും മറ്റ് എതിര്‍ക്ഷികള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. മണ്ഡ‍ലകാലത്തെ സംഘര്‍ഷം ഈ വിധിയിലൂടെ ഒഴിവാക്കപ്പെടും എന്നുതന്നെയാണ് പൊതുവായ വിലയിരുത്തലുകള്‍

നിലവിലെ വിധി കോടതി സ്റ്റേ ചെയ്തിട്ടില്ല. എന്നാല്‍ വിധി പുനപരിശോധിക്കാനുള്ള തീരുമാനം നിലവിലെ സാഹചര്യങ്ങള്‍ക്ക് അയവുണ്ടാക്കുമെന്നാണ് സര്‍ക്കാരിന്‍റെയും പ്രതീക്ഷ

ദേവസ്വം ബോഡിന് വലിയ ആശ്വാസം നല്‍കുന്നതാണ് ഈ തീരുമാനം. റിവ്യൂഹര്‍ജിയുമായി മുന്നോട്ട് പോയിരുന്നെങ്കില്‍ പുനപരിശോഘനക്കുള്ള തീരുമാനത്തിന്‍റെ ക്രഡിറ്റ് ഇപ്പോള്‍ ബോഡിനും അവകാശപ്പെടാന്‍ കഴിയുമായിരുന്നു. വിധിയുടെ വിശകലങ്ങള്‍ക്കായി കാക്കുകയാണെന്ന് പത്മകുമാറിന്‍റെ വാക്കുകളില്‍നിന്ന് വ്യക്തം

റിവ്യൂഹര്‍ജി നല്‍കിയവര്‍ക്കും സര്‍ക്കാരിനും സന്തോഷിക്കാനാവുന്ന വിധിയാണ് സുപ്രീംകോടതിയുടെതെന്നായിരുന്നു എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി  വെള്ളാപ്പള്ളി നടേശന്‍റെ അഭിപ്രായം. സര്‍ക്കാരിനെ അനുമോദിക്കാന്‍ ഇത്തവണയും വെള്ളാപ്പള്ളി മറന്നില്ല 

സുപ്രീംകോടതിയുടെ പുതിയ തീരുമാനത്തെതുടര്‍ന്ന്  കണ്ണുകള്‍ വീണ്ടും സര്‍ക്കാരിലേക്ക്. മണ്ഡലകാലത്തിലെ നടപടികളില്‍ സര്‍ക്കാര്‍ എന്തുതീരുമാനമാണ് കൈക്കുള്ളുക എന്നാണ് അറിയേണ്ടത്. തീര്‍ച്ചയായും കഴിഞ്ഞ തവണത്തെ പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധയുണ്ടാവും 

ബിജെപിക്ക് ഇനി പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിക്കേണ്ടിവരും. മണ്ഡലകാലം കഴിയുംവരെ അയ്യപ്പ വിശ്വാസികളെ നിലവിലെ അതേ ചൂടില്‍ സമരമുഖത്ത് നിര്‍ത്താന്‍ സംഘപരിവാര്‍ സംഘടനകള്‍ നന്നേ ബുദ്ധിമുട്ടും 

യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സെപ്തംബര്‍ ഇരുപത്തിയെട്ടിലെ ഇത്തരവിന് സ്റ്റേ ഇല്ല എന്ന് ഇന്നത്തെ വിധിയില്‍ പ്രത്യേകം പറയുന്നുണ്ട്. അതിന്‍റെ ചുവടുപിടിച്ചാകും ഇനി മുന്നോട്ടുള്ള ചര്‍ച്ചകള്‍ എന്ന് വ്യക്തം

പുനപരിശോധന എന്ന കോടതി വിധി സര്‍ക്കാരിന്‍റെയും മനസ് മാറ്റിയെന്നാണ് തുടര്‍ന്നുള്ള കാര്യങ്ങള്‍ തെളിയിക്കുന്നത്. സര്‍വകക്ഷിയോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്യുക എന്ന തീരുമാനം തീര്‍ച്ചയായും അനുനയത്തിന്‍റെ പാതയാണ്. മണ്ഡലകാലത്ത് പ്രശ്നങ്ങള്‍ ഒഴിവാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തത്തിനായുള്ള ആദ്യ പടിയായും അതിനെ വിശദീകരിക്കാം

എന്തായായും സെപ്തംബര്‍ ഇരുപത്തിയെട്ടിലെ വിധിയും തുടര്‍ന്ന് തുലാമാസ പൂജാകാലം നല്‍കിയ ഞെട്ടിക്കുന്ന കാഴ്ചകളും മുന്നോട്ടുവച്ച ആശങ്കയുടെ അന്തരാകിഷത്തിന് ചെറുതല്ലാത്ത കുറവുണ്ടായിട്ടുണ്ടെന്ന് കേരളത്തിന്‍റെ രാഷ്ട്രീയ മുഖങ്ങളില്‍നിന്ന് മനസിലാക്കാം. വിശ്വാസികള്‍ക്കും അവരുടെ വിശ്വാസം കാത്തു സൂക്ഷിക്കപ്പെടുന്നു എന്ന വികാരവും പ്രദാനം ചെയ്യപ്പെട്ടു തുടങ്ങി. സമാധാനത്തിന്‍റെ സാഹോദര്യത്തിന്‍റെ മണ്ഡലകാലം മുന്നില്‍ തെളിയുമെന്ന് കരുതാന്‍ പറ്റിയ കാലാവസ്ഥ. കല്ലും മുള്ളും കാലിന് മെത്തകളാക്കാന്‍ ഭക്തര്‍ തയ്യാറെടുപ്പു തുടങ്ങിക്കഴിഞ്ഞു. വിധിയുടെ പരീക്ഷണങ്ങളില്‍ കുളിച്ചു കയറിയ വിശ്വാസികള്‍ റിവ്യൂ ഹര്‍ജി എന്ന മലകയറ്റം കഠിനമല്ലെന്ന് വിശ്വസിച്ച് കാത്തിരിക്കും. മുതലെടുപ്പുകാര്‍ വരാത്ത പക്ഷം സമാധാനം പുലരുകതന്നെ ചെയ്യുമെന്ന് കരുതാം. നെയ്യുടെ മണമുള്ള, ശരണ ധ്വനികളുടെ ഇമ്പം മാത്രമുള്ള സന്നിധാനം നിര്‍മാല്യം തൊഴുതെഴുന്നേറ്റ് ഹരിവരാസനം പാടി ഉറങ്ങട്ടെ

MORE IN SPECIAL PROGRAMS
SHOW MORE