കൊല്ലും പൊലീസ്; ആ രാത്രി മുതൽ ഈ രാത്രി വരെ; ക്രൂരത; കണ്ണീർ; വിഡിയോ

Police-Krooratha
SHARE

നാലു വയസുകാരന്‍ ആല്‍ബിനും രണ്ടു വയസുകാരന്‍ അലനും ഇടയ്ക്കിടെ വീടിന്റെ പിന്നാമ്പുറത്തേക്ക് ഒാടിയെത്തും. അച്ഛനുറങ്ങുന്നത് ഇവിടെയാണ്. പിന്നെ കരഞ്ഞു തളര്‍ന്നു കിടക്കുന്ന അമ്മയുടേയും അമ്മൂമ്മയുടേയും അടുത്തെത്തി ചോദിക്കും: അച്ഛനെന്തേ ഉണരാത്തതെന്ന്. ആ രാത്രി ജോലി കഴിഞ്ഞ് ഈ കുഞ്ഞുങ്ങള്‍ക്ക് പലഹാരം വാങ്ങാന്‍ പോയതാണ് അച്ഛന്‍. പിന്നെ തിരികെയെത്തിയത് വെള്ളപുതച്ച് കണ്ണടച്ച്. വെറുമൊരു സാധാരണക്കാരനായിരുന്ന ഇവരുടെ അച്ഛന്‍ സനലിനെ ഇന്ന് കേരളമറിയും. കാക്കിയിട്ടെത്തിയ ക്രൂരതയുടെ ഏറ്റവും ഒടുവിലത്തെ ഇരയുടെ പേരാണത്.  

തൊട്ടു ചേര്‍ന്ന്  ഇതാണ് ഡിവൈ എസ് പിയുടെ സ്ഥിരം താവളം. സുഹൃത്ത് ബിനുവിന്റെ വീട്. ഈ വീടിനു മുമ്പില്‍ റോഡില്‍ വാഹനം പാര്‍ക്ക് ചെയ്തിട്ടാണ് സനല്‍ നേരെ എതിര്‍വശത്തുള്ള സുല്‍ത്താനയെന്ന ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നത്. ആ വീട്ടില്‍ നിന്ന്് ഡിവൈഎസ്പി ഇറങ്ങി വരുമ്പോള്‍ മുതലുള്ള സംഭവങ്ങള്‍ക്ക് ദൃക്ഷിസാക്ഷികളായവര്‍ ഇവിടെയുണ്ട്.

മരണാസന്നനായ  സനലിനേയും കൊണ്ട് ആംബുലന്‍സ് ആദ്യം നെയ്യാറ്റിന്‍കര ആശുപത്രിയിലേയ്ക്കും പിന്നെ മെഡിക്കല്‍ കോളേജിലേയ്ക്കും പാഞ്ഞു. സമയം രാത്രി പതിനൊന്ന് അഞ്ച്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍  മരണം സ്ഥിരീകരിച്ച ഡോക്ടര്‍മാര്‍ ബന്ധുക്കളെ വിവരമറിയിച്ചു. 

സനലിന്റ കൊലപാതകത്തിന്റ ചോരക്കറ ഡി.വൈ.എസ്.പി ബി ഹരികുമാറിന്റ കൈയില്‍ മാത്രമല്ല. ഹരികുമാറിനെ വെള്ളവും വളവും കൊടുത്ത് വളര്‍ത്തിയവരുടെ കൈകളിലുമുണ്ട്. അനാഥമായ  രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ കണ്ണീരിന്, നിരാലംബമായ ഒരു കുടുംബത്തിന്‍റെ വേദനയ്ക്ക് അവരും കണക്കുപറഞ്ഞേ പറ്റൂ. ചൊവ്വാഴ്ച പുലര്‍ച്ചെ കൊടങ്ങാവിള ജംങ്ഷനില്‍ ഞങ്ങളെത്തുമ്പോള്‍ നാട്ടുകാരുടെ പ്രതിഷേധമിരമ്പുകയായിരുന്നു. നെയ്യാറ്റിന്‍കര താലൂക്കില്‍  ജനകീയ സമിതിയുടെ ഹര്‍ത്താല്‍. സുഹൃത്ത് ബിനുവിന്റെ വീടിനു മുമ്പില്‍ ഒട്ടേറെ തവണ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. നാട്ടുകാരെ നിയന്ത്രിക്കാന്‍ പൊലീസ് പലപ്പോഴും പണിപ്പെട്ടു. 

ഹരികുമാറിന് ഈ നാട്ടിലുള്ളത് നേരത്തെ തന്നെ വില്ലന്‍ പരിവേഷമാണ്. സുഹൃത്ത് ബിനുവിന്റെ നിത്യസന്ദര്‍ശകനായിരുന്ന ഹരികുമാറിന്റെ ചെയ്തികളെക്കുറിച്ചും വ്യാപക പരാതിയാണ് ഇന്നാട്ടുകാര്‍ക്ക്.  

ഡി.വൈ.എസ്.പിയുടെ വഴിവിട്ട ഇടപാടുകള്‍ക്കെതിരെ പരാതി  ഉയര്‍ന്നപ്പോഴായിരുന്നു ഇന്റലിജന്‍സിന്റ ഇടപെടല്‍. രണ്ടുതവണ സ്വന്തം നിലയ്ക്കും ഒരുതവണ ഡി.ജി.പി ആവശ്യപ്പെട്ടിട്ടുമാണ് റിപ്പോര്‍ട്ട് നല്‍കിയത്. ആദ്യ റിപ്പോര്‍ട്ട് 2017 ജൂണ്‍ 22ന്.  ഉള്ളടക്കം ഇങ്ങനെ. നെയ്യാറ്റിന്‍കരയില്‍ എസ്.െഎ ആയിരുന്ന കാലം മുതല്‍ കൊടങ്ങാവിളയിലെ സ്വര്‍ണവ്യാപാരിയായ ബിനുവിന്റ വീട്ടില്‍ ഹരികുമാര്‍ നിത്യസന്ദര്‍ശകനാണ്. ഇരുവരുടെ  ഇടപാടുകളില്‍  ദുരൂഹതയുണ്ട്. നാട്ടുകാര്‍ക്കെല്ലാം ഇതറിയാം. പൊലീസിനാകെ അവമതിപ്പ് ഉണ്ടാക്കുന്ന ഈ പോക്ക് അവസാനിപ്പിച്ചില്ലെങ്കില്‍ സ്ഥലത്ത് അക്രമമുണ്ടാകും. ഡി.വൈ.എസ്.പിയുടെ അവിഹിത ബന്ധങ്ങള്‍ ചൂണ്ടിക്കാണിച്ച് വി.എസ്.ഡി.പി പരാതി നല്‍കിയപ്പോഴായിരുന്നു ഇന്റലിജന്‍സിന്റ രണ്ടാമത്തെ മുന്നറിയിപ്പ്. 2018 ഏപ്രില്‍ മൂന്നിന്. ഇതിലും നടപടിയൊന്നുമുണ്ടായില്ല. 

പരാതികള്‍ വ്യാപകമായതോടെ ഡി.‍‍ജി.പി ലോക്നാഥ് ബഹ്റ തന്നെ നേരിട്ട്  ഇന്റലിജന്‍സിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഏപ്രില്‍ 25ന്. ഇന്റലിജന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന ആവശ്യം ഹരികുമാറിനെതിരെ വകുപ്പുതല നടപടിയെടുക്കണമെന്നും ഡി.വൈ.എസ് പി സ്ഥാനത്ത് നിന്ന് നീക്കണമെന്നുമായിരുന്നു. മാസം ഏഴു കഴിഞ്ഞു. നടപടിയെടുത്തില്ലെന്ന് മാത്രമല്ല, ഭരണരംഗത്തുള്ളവര്‍ തന്നെ ഹരികുമാറിന്റ വഴിവിട്ടപോക്കിന് ചൂട്ടുപിടിച്ചു. എം.വിന്‍സെന്റ് എം.എല്‍.എയുടെ അറസ്റ്റിനുശേഷം സി.പി.എം പ്രാദേശിക നേതൃത്വത്തിനും ഹരികുമാര്‍ പ്രിയപ്പെട്ടവനായി. 

അതീവ ഗുരുതരമായ അനാസ്ഥകള്‍ ഒടുവില്‍ നിരപരാധിയുടെ ജീവനെടുത്തു. ആവര്‍ത്തിച്ചുള്ള ഇന്റലിജന്‍സ് മുന്നറിയിപ്പ്  ഒരിക്കലെങ്കിലും ഡി.ജി.പി ലോക്നാഥ് ബഹ്റ ചെവിക്കൊണ്ടിരുന്നെങ്കില്‍ രണ്ട് പിഞ്ചുകുഞ്ഞുങ്ങളടങ്ങിയ ഈ കുടുംബം അനാഥമാകുമായിരുന്നില്ല. ഭരണകക്ഷിയുടെ ഒത്താശകളും ഈ പൊലീസ് ഉദ്യോഗസ്ഥന്‍റെ ചെയ്തികള്‍ക്കുണ്ട് എന്നത് നാട്ടില്‍ പാട്ടായ രഹസ്യം. സിപിഎമ്മടക്കം മറുപടി പറയേണ്ട ചോദ്യങ്ങള്‍ അവനധിയുണ്ട്. 

ജാതിമത കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ നാട്ടുകാരുടെ രോഷം അണപൊട്ടിയ കാഴ്ചകള്‍. മൃതദേഹവുമായി നാടൊട്ടുക്ക് ദേശീയപാത മൂന്നു മണിക്കൂറോളം ഉപരോധിച്ചു. ഒരു പകൽ മുഴുവൻ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിലാണ് ജോലിയും നഷ്ടപരിഹാരവും അടക്കം സനലിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കുമെന്ന ഉറപ്പ് അധികാരികളിൽ നിന്ന് ലഭിക്കുന്നത്. ഡി.വൈ.എസ്.പിക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തു. സസ്പെന്‍ഡ് ചെയ്യുന്നതായി മുഖ്യമന്ത്രി അറിയിച്ചു. വകുപ്പ്തല അന്വേഷണം നടത്താനും ഉത്തരവിട്ടു. അപ്പോഴും പ്രതി ഒളിവില്‍ തന്നെയായിരുന്നു. അതേപ്പറ്റി സര്‍ക്കാരടക്കം കുറ്റകരമായ മൗനത്തിലും. 

ഇതിനിടെയാണ് നാട്ടുകാരില്‍ ചിലര്‍ സനലിനെ കാറിനു മുമ്പിലേയ്ക്ക് ഡി വൈ എസ് പി തള്ളിയിട്ടതിനു ശേഷമുണ്ടായ അതിഗുരുതരമായ പൊലീസ് അനാസ്ഥയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പറഞ്ഞത്. ഞങ്ങളുടെ അന്വേഷണം ചെന്നെത്തിയത് പൊലീസ് സ്റ്റേഷനു മുമ്പിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളില്‍. ഡിവൈ.എസ് പിയുടെ ക്രൂരതയില്‍ മരണത്തോട്  മല്ലടിച്ച സനലിനോട് ഒരു ദയയും പൊലീസ് കാട്ടിയില്ലെന്നതിന്റെ തെളിവാണ് മനോരമ ന്യൂസ് പുറത്തുവിട്ട ദൃശ്യങ്ങള്‍. 

അതീവഗുരുതരാവസ്ഥയില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിന്ന് സനലിനെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുന്നത് രാത്രി 10.23ന്. ആന്തരികരക്തസ്രാവം മനസിലാക്കിയ ഡോക്ടര്‍  സനലിനെ വേഗം മെഡിക്കല്‍ കോളജില്‍ എത്തിക്കാന്‍ പൊലീസിനോടും കൂടെയുള്ള സുഹൃത്തിനോടും  നിര്‍ദേശിക്കുന്നു. എന്നാല്‍ സുഹൃത്തിനെ ഒഴിവാക്കി പൊലീസ്  ആംബുലന്‍സിലുള്ള സനലുമായി  നേരേ പോയത് ആശുപത്രിയിലേക്കല്ല. മെ‍ഡിക്കല്‍ കോളജിലേക്ക് പോകാന്‍ ടി.ബി ജംഗ്ഷന്‍ വഴി പേകേണ്ടതിന് പകരം ആംബുലന്‍സ് പോയത് പൊലീസ് സ്റ്റേഷനിലേക്കുള്ള ആലുംമൂട് റോഡിലേക്ക്. നെയ്യാറ്റിന്‍കര ഗേള്‍സ് ഹൈസ് സ്കൂളിന്റെയും എസ് ബി ഐ ബ്രാഞ്ചിന്റെയും  ഇടയിലൂടെയുള്ള പൊലീസ് സ്റ്റേഷന്‍ റോഡിലേക്ക് 10.25ന് ആംബുലന്‍സ് തിരിയുന്നു. 10.27 കഴിഞ്ഞ് ആംബുലന്‍സ് പൊലീസ് സ്റ്റേഷന്‍ റോഡില്‍ നിന്ന് പുറത്തേക്ക് വരുന്നത്. 

സനലിനെ ആംബുലന്‍സില്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങളും വാര്‍ത്തയും മനോരമന്യൂസ് പുറത്തുവിട്ടതിന് പിന്നാലെയാണ് പൊലീസ് ഉണര്‍ന്നത്. നെയ്യാറ്റിന്‍കര എസ്ഐ സന്തോഷ് കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഐജി മനോജ് എബ്രഹാം വീഴ്ചവരുത്തിയ രണ്ട് സിവില്‍ പൊലീസ് ഓഫീസര്‍മാരെ സസ്പെന്‍ഡ് ചെയ്തു. ആംബുലന്‍സ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിട്ടില്ലെന്ന് പറഞ്ഞിരുന്ന പൊലീസ് നടപടിയുണ്ടായതോടെ മലക്കം മറിഞ്ഞു.

രണ്ടു പിഞ്ചുകുടുംബങ്ങളും അമ്മയും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ഏകാശ്രയമാണ് നഷ്ടമായത്. വയറിങ്ങും പ്ലംബിങ്ങുമൊക്കെയായാണ് സനല്‍  കുടുംബം പുലര്‍ത്തിയിരുന്നത്. വീട് വച്ചതിന്റ കടം പോലും വീടിയിട്ടില്ല. ഒരു വര്‍ഷം മുമ്പാണ് അച്ഛന്‍ മരിച്ചത്. ഇനിയെന്തെന്ന് സനലിന്റ ഭാര്യയ്ക്ക് ഒരുറപ്പുമില്ല. വരാപ്പുഴയിലെ ശ്രീജിത്തിന്റെ  അഖിലയും കോട്ടയത്തെ കെവിന്റെ നീനുവും  ജീവിച്ചു തുടങ്ങുംമുമ്പേ  കാക്കിയിട്ടവരുടെ ക്രൂരതയില്‍ അനാഥരാക്കപ്പെട്ടവര്‍. ആ നിരയിലേയ്ക്ക് ഇനി വിജിയും. കാവലാകേണ്ടവര്‍ കൊലയാളികളാകുന്ന ക്രൂരാനുഭവത്തിനാണ് കേരളം സാക്ഷിയാകുന്നത്. കൃത്യമായ ഇടവേളകളില്‍ കാക്കിയിട്ടെത്തി ആ ക്രൂരത സാധാരണക്കാരുടെ ജീവനെടുക്കുന്നു...

പൊലീസുകാര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങൾ ആവര്‍ത്തിക്കുമ്പോഴും, കാക്കിയിട്ട ക്രിമിനലുകൾ അരങ്ങു വാഴുന്നു.  വിവിധകേസുകളില്‍ പ്രതികളായ 387 ഉദ്യോഗസ്ഥര്‍ നിലവില്‍ സേനയിലുണ്ടെന്നാണ് കണക്കുകള്‍. പൊലീസുകാർക്കതെിരെയുള്ള പരാതികൾ കേൾക്കാനുള്ള പൊലീസ് കംപ്ലെയ്ൻറ് അതോറിറ്റിയും  നിര്‍ജീവാവസ്ഥയിലാണ്. ക്രിമിനൽ കേസുകൾ പരിശോധിക്കാനുള്ള പൊലീസിലെ ആഭ്യന്തര സമിതിയും പേരിനു മാത്രമൊതുങ്ങുന്നു. ഫലത്തിൽ ക്രിമിനലുകളായ പൊലീസുകാർ ഇപ്പോഴും സേനയിൽ വിലസുന്നു. നെയ്യാറ്റിൻകര കൊലപാതകം പോലെ ദാരുണ സംഭങ്ങള്‍ക്ക് വഴിമരുന്നിട്ടുകൊണ്ട്. ഈ നിലവിളികള്‍ക്ക് ഉത്തരം പറയേണ്ട ഭരണകൂടങ്ങള്‍ ഉറപ്പുകളിലും പ്രഖ്യാപനങ്ങളിലും മാത്രം ഉണര്‍ന്ന് പിന്നാലെ ഉറക്കത്തിലേയ്ക്ക് വീഴുന്നു. കൊടിയ അനാസ്ഥയുടെ ഇരകളുടെ പട്ടിക മാത്രം നീളുന്നു. പതിവല്ലാത്ത നടപടിയും ചുവടുകളും ഉണ്ടായേ മതിയാകൂ. നമ്മുടെ പൊലീസ് സംവിധാനം അടിമുടി ഇളക്കി പണിയണമെന്ന് ഒാരോ സംഭവങ്ങളും ആവര്‍ത്തിച്ചു പറയുന്നു

MORE IN SPECIAL PROGRAMS
SHOW MORE