ബാലഭാസ്കർ ദ് വയലിനിസ്റ്റ്

balabhasker-the-violnist
SHARE

നാല്‍പതുവയസില്‍ നാലുതലമുറകളെങ്കിലും ഓര്‍ക്കുന്ന സംഭാവനകള്‍ സംഗീതത്തിനു നല്‍കിയാണ് ബാലഭാസ്കര്‍ വിടപറഞ്ഞത്. സംഗീതം മാത്രം ജീവിതമാക്കിയ ബാലുവിന് സിനിമയേക്കാള്‍ വയലിനും സ്റ്റേജുമായിരുന്നു പ്രിയം.

മലയാളസിനിമയിലെ ഏറ്റവും പ്രായംകുറഞ്ഞ സംഗീതസംവിധായകന്‍. പത്തൊന്‍പതാംവയസില്‍ മംഗല്യപ്പല്ലക്ക് എന്ന സിനിമയ്ക്ക് സംഗീതം നല്‍കിക്കൊണ്ട് ആ ബഹുമതി നേടി പ്രതിഭ നാല്‍പ്പതാംവയസില്‍ വിടവാങ്ങുമ്പോള്‍ കരിയറില്‍ നാലുസിനിമകള്‍ മാത്രം. പക്ഷേ വേണ്ടെന്നുവച്ച സിനിമകള്‍ നല്‍കാത്തതും അതിനപ്പുറവും സ്റ്റേജില്‍ നിന്ന് ബാലു നേടി. ഏറ്റവും പ്രധാനം കോടിക്കണക്കിന് സംഗീതാസ്വാദകരുടെ ഹൃദയത്തിലെ ഇടമായിരുന്നു. 

മൂന്നാംവയസില്‍ ബാലകലോല്‍സവത്തിലൂടെ വേദിയിലെത്തിയ ബാലു 1993 മുതല്‍ 96 വരെ കേരളസര്‍വകലാശാല യുവജനോല്‍സവത്തില്‍ വയലിനിലും ഓര്‍ക്കസ്ട്രയിലും ഒന്നാമനായി. മാര്‍ ഇവാനിയോസ് കോളജില്‍ രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിയായിരിക്കേ സ്വയം പാടി സംവിധാനം ചെയ്ത് കസറ്റിലാക്കിയ പാട്ടുകളാണ് മംഗല്യപ്പല്ലക്കിലൂടെ പുറത്തുവന്നത്. പിന്നെ ആല്‍ബങ്ങളുടെ പൂക്കാലം. പ്രണയം നിറഞ്ഞുതുളുമ്പിയ നിനക്കായ്, ആദ്യമായി എന്നിവ തരംഗം തീര്‍ത്തു.

ലോകമെങ്ങുമുള്ള വേദികളെ ത്രസിപ്പിച്ചും അതിരുകള്‍ക്കപ്പുറം ആസ്വാദകരുടെ എണ്ണം കൂട്ടിയും ബാലഭാസ്കറിന്റെ ജൈത്രയാത്രയായിരുന്നു കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ട്. അതിന് ചിറകായി ദ് ബിഗ് ബാന്‍ഡ് എന്ന സംഗീതസംഘവും. ഉസ്താദ് സാക്കിര്‍ ഹുസൈന്‍, ശിവമണി, വിക്കു വിനായകറാം, ഹരിഹരന്‍, എ.ആര്‍.റഹ്മാന്‍, ലൂയി ബാങ്ക്സ്, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി അങ്ങനെ സംഗീത ഇതിഹാസങ്ങള്‍ക്കൊപ്പം അവരുടെ പ്രിയങ്കരനായി ബാലു വേദികളില്‍ നിറഞ്ഞു.

ശാസ്ത്രീയസംഗീതത്തിന്റെ ശക്തമായ അടിത്തറയാണ് ഈ യാത്രകളിലെല്ലാം ബാലുവിന് തുണയായത്. അമ്മാവനും വയലിന്‍ വിദ്വാനുമായ ബി.ശശികുമാറായിരുന്നു ഗുരു. ബാലപാഠങ്ങള്‍ പദ്ധതികളായും പ്രാവീണ്യമായും പരമോന്നതിയായും പരിണമിപ്പിച്ച് ഒടുവില്‍ ബാലു നിത്യതയിലേക്ക് നീങ്ങുന്നു. ഹൃദയങ്ങളില്‍ വയലിന്‍ ബാക്കിയാക്കി.

MORE IN SPECIAL PROGRAMS
SHOW MORE