ക്യാപ്റ്റന്റെ സ്നേഹഗാഥ

captain-raju-special
SHARE

കഥാപാത്രങ്ങള്‍കൊണ്ട് കാണിയുടെ മനസില്‍ ചിരഞ്ജീവിയായിമാറിയ ചിലരുണ്ട്. ആ ശ്രേണിയിലേക്ക് ഏറ്റവുമൊടുവില്‍ ഉയര്‍ത്തപ്പെടുകയാണ് ക്യാപ്റ്റന്‍ രാജു. അനശ്വരകഥാപാത്രങ്ങളിലൂടെയാവും ഇനി ക്യാപ്റ്റന്‍ നമ്മള്‍, കാണികളോട് സംസാരിക്കുക. 

പലരെയും പോലെ മദ്രാസിലെ സ്വാമീസ് ലോഡ്ജില്‍നിന്നാണ് പത്തനംതിട്ടക്കാരന്‍ രാജു സിനിമയിലേക്ക് കയറുന്നത്. പക്ഷെ, അവരില്‍ പലര്‍ക്കും അവകാശപ്പെടാനാകാത്ത ഒരു ഭൂതകാലത്തിന്റെ ഭാരം രാജുവിലെ നടനുണ്ടായിരുന്നു. മൈതാനങ്ങളും പട്ടാളക്യാമ്പുകളും താണ്ടിയെത്തിയ മനുഷ്യന്‍ സിനിമ എന്ന മൂന്നക്ഷരത്തിനുപിന്നില്‍ സ്വപ്നങ്ങളെ കൊരുത്തിട്ടതിനുപിന്നിലും പറയാന്‍ കഥകളുണ്ടായിരുന്നു.

പത്തനംതിട്ട ഓമല്ലൂരിലാണ് രാജു ഡാനിയേലിന്റെ ജനനം. അധ്യാപകദമ്പതികളുടെ ഏഴുമക്കളിലൊരാള്‍. അച്ചടക്കം പഠിപ്പിച്ച ചൂരലുകള്‍ക്കിടയില്‍ രാജു ജീവിതം ആസ്വദിച്ചു. ജീവിതത്തിലെ നീണ്ടയാത്രകള്‍ക്ക് അനുഭവങ്ങള്‍ രാജുവില്‍ ഇന്ധനം നിറച്ചു.

ആരുംകാണാതെ  നാട്ടിലെ ടാക്കീസില്‍ ഒളിഞ്ഞുനോക്കി, അതായിരുന്നു ആദ്യസിനിമാക്കാഴ്ച. കളിക്കളത്തില്‍ വോളിബോളായിരുന്നു കയ്യില്‍. ആരാധകരും കയ്യടികളും തനിക്കുവേണ്ടി ശബ്ദിക്കുന്നത് രാജു ആദ്യം തിരിച്ചറിയുന്നത് ഓമല്ലൂരിലെ ഗ്രൗണ്ടുകളില്‍നിന്നാണ്. 

പഠനത്തിനുശേഷം ജോലി തേടി ബോംബെയിലേക്ക്. അവിടെനിന്നാണ് പട്ടാളത്തിലേക്ക് രാജു തെരഞ്ഞെടുക്കപ്പെടുന്നത്. ശീലിച്ച ചിട്ടകളുടെ ആവര്‍ത്തനം മാത്രം മതിയായിരുന്നു പരിശീലനക്യാംപുകളില്‍ മിടുക്കനെന്ന പേരുനേടാന്‍. അതുപോലെ സംഭവിച്ചു. 

ക്യാപ്റ്റന്‍ പദവിയിലെത്തിയപ്പോഴാണ് എപ്പോഴോ മനസ്സില്‍ ഒളിപ്പിച്ചുവച്ച അഭിനയമോഹത്തെകുറിച്ചോര്‍ക്കുന്നത്. യുദ്ധങ്ങളും യുദ്ധസാഹചര്യങ്ങളും ക്യാപ്റ്റനില്‍ മടുപ്പുകൂട്ടുകകൂടി ചെയ്തതോടെ സിനിമയ്ക്കായി രാജു നാട്ടിലേക്ക് റിട്ടേണ്‍ ടിക്കറ്റെടുത്തു. നാടകവേദികളില്‍ രാജു പ്രത്യക്ഷപ്പെട്ടു. പിന്നെ സിനിമതേടി മദ്രാസില്‍. 

രക്തം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു സംവിധായകന്‍ ജോഷി. വില്ലനെ വേണം. സുമുഖനായ ക്യാപ്റ്റന്‍ രാജുവിന്റെ സിനിമാജീവിതം അവിടെത്തുടങ്ങുന്നു. ആ പിറവി തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ സാന്നിധ്യത്തിലായിരുന്നു.

ക്യാപ്റ്റന്‍ അഥവാ നായകന്‍ രാജുവിന്റെ പേരിലൊതുങ്ങി. പ്രതിനായകന്റെ സിംഹാസനത്തിലായിരുന്നു ക്യാപ്റ്റനെ സിനിമ അവരോധിച്ചത്. ക്രൂരവേഷങ്ങളുടെ ഘോഷയാത്ര രാജുവിലെ നടന് പ്രശസ്തി നല്‍കി. പക്ഷെ, രാജുവിലെ മനുഷ്യന്‍ ഇടയ്ക്കൊന്ന് പിടഞ്ഞു.

പക്ഷെ, ക്യാപ്റ്റനില്‍ ഒരു നായകനെ, രക്തത്തില്‍ ഒന്നിച്ചഭിനയിച്ച മധു ആ നിമിഷം തിരിച്ചറിഞ്ഞിരുന്നു.  ചന്ദ്രകുമാറിന്റെ സംവിധാനത്തില്‍ മധു രതിലയം നിര്‍മിച്ചപ്പോള്‍ മധു മറ്റൊരു നായകനെ അന്വേഷിച്ചില്ല. അങ്ങനെ ആദ്യനായകവേഷമായി ആ ചിത്രത്തിലെ അപ്പുക്കുട്ടന്‍.

രതിലയത്തിനുശേഷം ക്യാപ്റ്റന്‍റെ നായകവേഷം അധികമുണ്ടായില്ല. പക്ഷെ, ഉശിരിലും ഉയരത്തിലും നായകനൊപ്പം നിന്ന പലമുഖങ്ങളിലേക്ക് ക്യാപ്റ്റന്റെ ഭാവങ്ങള്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടു. അതിരാത്രം, ആവനാഴി, ഓഗസ്റ്റ് 1, ഒരു സിബിഐ ഡയറിക്കുറിപ്പ് അങ്ങനെ വലിയവിജയചിത്രങ്ങളുടെ സ്ഥിരംചേരുവകളിലൊന്നായും ക്യാപ്റ്റന്‍ രാജുവിന്റെ പേര് രൂപപ്പെട്ടു.

1989ല്‍ എംടി ഹരിഹരന്‍ കൂട്ടുകെട്ടില്‍ ഒരു വടക്കന്‍ വീരഗാഥ സൃഷ്ടിക്കപ്പെട്ടപ്പോള്‍ ക്യാപ്റ്റന്‍ അരിങ്ങോടരായി. അളന്നുതൂക്കിയ പ്രകടനം.

കൃത്യം ഇരുപതുവര്‍ഷങ്ങള്‍ക്കിപ്പുറം അതേ ടീം പഴശ്ശിരാജയൊരുക്കിയപ്പോള്‍ ക്യാപ്റ്റന് കരുതിവച്ചത് ഉണ്ണിമൂത്ത എന്ന കഥാപാത്രമായിരുന്നു. മമ്മൂട്ടിക്കൊപ്പമുള്ള തിരിച്ചുവരവുകൂടിയായിരുന്നു അത്.

പവനായി ആകാശമാര്‍ഗമാണ് വന്നത്.  ക്യാപ്റ്റന്‍ രാജുവിലെ നടന്റെ രണ്ടാംഘട്ടം ആരംഭിക്കുകയാണ്. മറ്റൊരു ഭൂമികയിലേക്കാണ് നടന്‍ കാലുകുത്തിയത്.

പവനായി നാടോടിക്കാറ്റിലൊതുങ്ങിയില്ല. അത് സിഐഡി മൂസയിലെ കരംചന്ദായി പുനര്‍ജനിച്ചു.

ക്യാമറയ്ക്കുമുന്നില്‍നിന്ന് ക്യാപ്്റ്റന്‍ രാജുവിനെ ക്യാമറയ്ക്ക് പിന്നില്‍നിര്‍ത്തിയത് ഇതാ ഒരു സ്നേഹഗാഥയായിരുന്നു. സംവിധായകനാകാനുള്ള മോഹം മാത്രമായിരുന്നില്ല അതിനുപിന്നില്‍. മതേതരവും കാലികവുമായ ഒരു വിഷയം സിനിമയിലൂടെ പറയണമെന്ന ആഗ്രഹംകൂടിയുണ്ടയിരുന്നു. 

രണ്ടാമതൊരു സിനിമ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ സ്വന്തം പോക്കറ്റിലെ പവനായിയെ തന്നെ മുന്നില്‍നിര്‍ത്തി ക്യാപ്റ്റന്‍. പ്രതീക്ഷയോടെ തുടങ്ങിയെങ്കിലും ചിത്രം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. സിനിമയ്ക്കൊപ്പം മിനിസ്ക്രീനിലും സാന്നിധ്യമറിയിച്ചു. 

ശാരീരികവിഷമതകളെ ആത്മവിശ്വാസംകൊണ്ട് പടിക്കുപുറത്ത് നിര്‍ത്തി പലപ്പോഴും. ഒപ്പംവന്നവരും നടന്നവരും വലിയ ലോകം സ്വന്തമാക്കിക്കൊണ്ടിരുന്നപ്പോഴും ക്യാപ്റ്റന്‍ സ്വന്തം ഇഷ്ടങ്ങളെ താലോലിച്ച് സന്തുഷ്ടനായിക്കഴിഞ്ഞു. 

രാജുച്ചായനെന്ന വിളിയില്‍ എല്ലാംമറക്കുമ്പോഴും നായകനും പ്രതിനായകനും സിനിമ കല്‍പിച്ചുനല്‍കുന്ന അധികാരദണ്ഡുകളെകുറിച്ച് കൃത്യമായ ബോധ്യമുണ്ടായിരുന്നു അദ്ദേഹത്തിന്. ഒരിക്കല്‍ അത്തരമൊരു ചോദ്യം ക്യാപ്റ്റനു നേരിടേണ്ടിവന്നു.

നടന്നുവന്ന വഴിയില്‍ സഹജീവിയുടെ പ്രശ്നങ്ങളെ അവഗണിക്കാത്തൊരു കലാകാരന്‍കൂടിയായിരുന്നു ക്യാപ്റ്റന്‍. കൊച്ചിയിലെ മാലിന്യ പ്രശ്നങ്ങളിലും കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ വിഷയത്തിലും തെരുവിലെ കുട്ടികളുടെ പുനരധിവാസത്തിലും ജനങ്ങള്‍ക്കൊപ്പം സമരപാതയില്‍ ക്യാപ്റ്റനുമുണ്ടായിരുന്നു.

യേശുദാസിനെപ്പോലുള്ളവരുടെ വാക്കുകള്‍ അദ്ദേഹത്തിലെ മനുഷ്യന് കിട്ടിയ കയ്യടികളായിരുന്നു.

താരങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങുന്ന കാലത്ത് ക്യാപ്റ്റന്‍ രാജുവിന്റെ പേരും വാര്‍ത്തകളിലേക്കെത്തി. പക്ഷെ, രാജു അത്തരം അവസരങ്ങള്‍ നിരാകരിച്ചു. സിനിമയുടെ തിരക്കുകുറഞ്ഞപ്പോഴും പാര്‍ട്ടികളുടെ വാഗ്ദാനങ്ങള്‍ സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. അതിന് കാരണമുണ്ടായിരുന്നു. രാഷ്ട്രീയമോഹവുമായി നടക്കുന്ന താരങ്ങള്‍ക്കുള്ള ഉപദേശംകൂടിയായിരുന്നു അത്.

ശരീരം മനസ്സിനൊപ്പം ഓടാതെയായപ്പോള്‍ ക്യാപ്റ്റന്‍ വിശ്രമജീവിതത്തിലായിരുന്നു ഇടയ്ക്ക്. എങ്കിലും സിനിമ വിളിച്ചപ്പോള്‍ അദ്ദേഹം ഓടിയെത്തി. ജീവിതത്തോടും പവനായിയോടും സാമ്യതകളുള്ള കഥാപാത്രം. മാസ്റ്റര്‍ പീസിലെ ക്യാപ്റ്റന്‍ രാജു അവസാനകഥാപാത്രംകൂടിയായി.

നാടോടിക്കാറ്റിലെ  പവനായിയുടെ മരണശേഷമൊരു പൊലീസ് സ്റ്റേഷന്‍ രംഗമുണ്ട്.

പക്ഷെ ജീവിതത്തില്‍ ആ രംഗം മാറ്റി എഴുതിയിട്ടാണ് ക്യാപ്റ്റന്‍ രാജു മടങ്ങുന്നത്. വര്‍ഷങ്ങളായി പ്രേക്ഷകരെ രസിപ്പിക്കുകയായിരുന്നു ക്യാപ്റ്റന്‍. ഈ മരണം സിനിമാലോകത്തെ നടുക്കുന്നു. ഇതൊരു യാഥാര്‍ഥ്യമാണ്. ക്യാപ്റ്റന്‍ രാജു ഇനിയില്ല. പക്ഷെ, അനേകം കഥാപാത്രങ്ങളിലൂടെ രാജു പ്രേക്ഷകഹൃദയങ്ങളില്‍ ക്യാപ്റ്റനായി തുടരും.

MORE IN SPECIAL PROGRAMS
SHOW MORE