നമ്പി നടന്ന വഴി

nambi-nadanna-vazhi-t
SHARE

ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ നമ്പി നാരായണനെ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉന്നതതല അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടു. സുപ്രീംകോടതി മുന്‍ ജഡ്ജി ഡി.കെ.ജെയിന്‍ അധ്യക്ഷനായ മൂന്നംഗസമിതിയ്ക്കാണ് അന്വേഷണചുമതല. സംസ്ഥാനസര്‍ക്കാര്‍ നമ്പി നാരായണന് എട്ടാഴ്ചയ്ക്കകം അന്‍പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

ഇരുപത്തിനാല് വര്‍ഷമായി നമ്പിനാരായണന്‍ തുടരുന്ന നിയമപോരാട്ടത്തെ സുപ്രീംകോടതി അര്‍ഹിക്കുന്ന ഗൗരവത്തോടെ തന്നെ കണ്ടു. ചാരക്കേസില്‍ നമ്പി നാരായണന്‍റെ അറസ്റ്റ് അനാവശ്യമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മുപ്പത്തിമൂന്ന് പേജുളള വിധിന്യായത്തില്‍ എടുത്തുപറഞ്ഞു. നമ്പിനാരായണന്‍ അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കേണ്ടത് അത്യാവശ്യമാണ്. അന്‍പത് ലക്ഷം രൂപ എട്ടാഴ്ചയ്ക്കകം സംസ്ഥാനസര്‍ക്കാര്‍ കൈമാറണം. കൂടുതല്‍ തുക നഷ്ടപരിഹാരമായി ആവശ്യമുണ്ടെങ്കില്‍ നമ്പി നാരായണന് സിവില്‍ക്കേസുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.

കുറ്റക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തേണ്ടതുണ്ട്. അതിനായി സുപ്രീംകോടതി മുന്‍ ജഡ്ജി ഡി.കെ.ജെയിന്‍ അധ്യക്ഷനായ മൂന്നംഗസമിതിയെ നിയോഗിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഓരോ പ്രതിനിധികളെ ശുപാര്‍ശ ചെയ്യാം. മുന്‍ ഡി.ജി.പി...സിബി മാത്യൂസ്, പൊലീസ് ഉദ്യോഗസ്ഥരായിരുന്ന കെ.കെ.ജോഷ്വ, എസ്.വിജയന്‍ എന്നിവര്‍ക്കെതിരെ നടപടിയുണ്ടാകണമെന്നായിരുന്നു നമ്പി നാരായണന്‍റെ ആവശ്യം.

MORE IN SPECIAL PROGRAMS
SHOW MORE