പ്രളയാനന്തരം സഭയില്‍

pralayam-assem-t
SHARE

കാലാവസ്ഥാ വകുപ്പിന്റെ പ്രവചനങ്ങളിൽ പാളിച്ചയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍. അതിതീവ്രമഴയെക്കുറിച്ച് മുന്നറിയിപ്പ് കേരളത്തിന് ലഭിച്ചതേയില്ല. അതിനാൽ ഡാം തുറക്കുന്നതിനെപ്പറ്റിയുള്ള ചർച്ചകളൊന്നും ആദ്യഘട്ടത്തിലുണ്ടായില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

ഡാം മേൽനോട്ടവുമായി പ്രളയത്തിന് ബന്ധമില്ല. വേലിയേറ്റ സമയത്ത് ഡാം തുറന്നെന്ന ആരോപണം തെറ്റ്. ഡാമുകളാണ് പ്രളയത്തിന് കാരണമെന്ന വാദം വസ്തുതാവിരുദ്ധമാണ്. അതിതീവ്രമഴ തന്നെയാണ് പ്രളയത്തിന് കാരണമെന്നും പ്രതിപക്ഷത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. 

വയനാട്ടിലെ പ്രളയത്തിന്‍റെ കാരണം ബാണാസുര സാഗര്‍ ഡാമല്ല. കബനി നദിയില്‍ ഒഴുകിയ വെള്ളത്തിന്‍റെ 12 ശതമാനം മാത്രമേ ഡാമില്‍നിന്നുള്ളൂ.

ഡാമിന്‍റെ ഷട്ടറുകള്‍  ജൂലൈ 14 മുതല്‍ തുറന്നാണിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കാലാവസ്ഥാ പ്രവചനത്തെക്കുറിച്ച് മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുന്നെന്ന് ചര്‍ച്ചയില്‍ ഇടപെട്ട് വി.ഡി.സതീശന്‍ പറഞ്ഞു. കാലാവസ്ഥാ മുന്നറിയിപ്പ് കൃത്യമായുണ്ട്. രണ്ടാംതവണയാണ് വേലിയേറ്റ സമയത്ത് തുറന്നുവിട്ടത്, അതു മറച്ചുവയ്ക്കുന്നുവെന്നും സതീശൻ ആരോപിച്ചു. സതീശന്റെ ആരോപണത്തിന് മറുപടിയായി ഫോണിലൂടെ ഓഗസ്റ്റ് 14ന് മുന്നറിയിപ്പ് കിട്ടിയെന്ന് മുഖ്യമന്ത്രി സമ്മതിക്കുകയും ചെയ്തു. 

ഒറ്റക്കെട്ടായി നിൽക്കും

മഹാപ്രളയത്തെ നേരിടാൻ നാട് ഒറ്റക്കെട്ടായി നില്‍ക്കും എന്ന് ചര്‍ച്ചകളില്‍ വ്യക്തമായതായി മുഖ്യമന്ത്രി പറഞ്ഞു. പുനര്‍നിര്‍മാണത്തിന് കാര്യമായ നിര്‍ദേശങ്ങളുണ്ടായില്ല. ഇനി ആപത്തുണ്ടായാല്‍ ബാധിക്കാത്ത തരത്തിലാവണം പുനര്‍നിര്‍മാണം. ഈ പ്രദേശങ്ങളില്‍ കൃഷി വേണമോയെന്നതില്‍ തീരുമാനം പഠനത്തിനുശേഷം. സമഗ്ര റിസര്‍വോയര്‍ പരിപാലനം വേണം. ഒരു മഴയത്ത് ഒലിച്ചുപോവാത്ത രീതിയില്‍ റോഡ് നിര്‍മിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇന്ന് ഉച്ചവരെ 236904 കിറ്റുകള്‍ വിതരണം ചെയ്തു. ആകെ നല്‍കുന്നത് 3.61.800 കിറ്റുകളെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 

കൂടുതൽ സഹായം തേടും

ലോകത്തെവിടെ നിന്നൊക്കെ സഹായം തേടാൻ പറ്റുമോ, അതെല്ലാം നേടും. കേന്ദ്രത്തിൽ നിന്ന് ഇനിയും സഹായം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. നല്ല രീതിയിൽ പുതിയ കേരളത്തിനായി നമുക്കൊന്നിച്ച് നിൽക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മാണിക്ക് വിമർശനം, മറുപടി

ഇടുക്കിയിൽ നിന്ന് എല്ലാവരെയും ഒഴിപ്പിക്കാനാകില്ലെന്ന് പറഞ്ഞ കെ.എം.മാണിയെ മുഖ്യമന്ത്രി വിമർശിച്ചു. എല്ലാവരെയും ഒഴിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആടിനെ പട്ടിയാക്കുന്നതിൽ മാണി വിദഗ്ധനാണ്. ഇടുക്കിയിൽ നിന്ന് എല്ലാവരെയും ഒഴിപ്പിക്കുന്ന തരത്തിൽ ഭീതി പരത്താനാണ് മാണിയുടെ ശ്രമം. തരംതാണ രീതിയാണിത്. ആരെയും കൊലക്കുകൊടുക്കാൻ പറ്റില്ലെന്നും മാണിക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

അങ്ങനെ പറഞ്ഞാല്‍ നടക്കില്ലെന്ന് മാണിയും ഇടയില്‍ കയറി പറഞ്ഞു.  

എന്നാൽ റവന്യൂ വകുപ്പിന്റെ സർക്കുലറാണ് മാണി ഉദ്ദേശിച്ചതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. 

മത്സ്യത്തൊഴിലാളികൾ തീരദേശസേനയിലേക്ക്

മത്സ്യത്തൊഴിലാളികളിൽ പ്രഗത്ഭരായ ചെറുപ്പക്കാരെ തീരദേശസേനയിലേക്ക് നിയമിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. 200 പേർക്കാണ് നിയമനം നൽകുക. 

പ്രളയത്തെ സര്‍ക്കാര്‍ ഫലപ്രദമായി നേരിട്ടെന്നും കേന്ദ്രമാനദണ്ഡത്തേക്കാള്‍ അധികം തുക അടിയന്തരാശ്വാസം നല്‍കിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശനങ്ങള്‍‌ക്ക് മറുപടിയായി രാവിലെ പറഞ്ഞിരുന്നു. നഷ്ടം വാര്‍ഷികപദ്ധതിതുകയേക്കാള്‍ വലുതാണ്. പുനർനിർമ്മാണത്തിന് എവിടെ നിന്ന് സഹായം ലഭിച്ചാലും സ്വീകരിക്കും. ക്യാമ്പുകളിൽ നിന്ന് മടങ്ങുന്നവർക്കുള്ള അടിയന്തിര  ധനസഹായ വിതരണം ആരംഭിച്ചതായും  പിണറായി വിജയൻ അറിയിച്ചു. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൽ മേൽ നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ ചർച്ച പുരോഗമിക്കുകയാണ്.

ഡാം മാനേജ്മെന്റിന്റെ  എബിസിഡി അറിയാത്തവർ സൃഷ്ടിച്ചതാണിതെന്നും ഉത്തരവാദികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം വേണമെന്നും  വിഡി സതീശനും തിരുവഞ്ചൂർ രാധാകൃഷ്ണനും ആവശ്യപ്പെട്ടു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പ്രത്യേക അക്കൗണ്ട് തുറക്കണമെന്ന് കെഎം മാണി ആവശ്യപ്പെട്ടു.

ഇതിനിടെ സര്‍ക്കാരിനെ വിമര്‍ശിച്ച ഭരണപക്ഷത്തെ എംഎല്‍എമാരെ സിപിഎം ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കി. ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച സജി ചെറിയാനെയും രാജു ഏബ്രഹാമിനെയുമാണ് ഒഴിവാക്കിയത്. പരോക്ഷ വിമര്‍ശനവുമായി വിഎസും രംഗത്തെത്തിയതോടെ സഭ സജീവമായി. മൂന്നാര്‍ ദൗത്യം പുനഃരാരംഭിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. ധനസഹായ വിതരണത്തിലെ അതൃപ്തി മറച്ചുവയ്ക്കാതെ തോമസ് ചാണ്ടി എംഎല്‍എയും രംഗത്തെത്തി. വീഴ്ച എടുത്തുപറഞ്ഞ എല്‍ദോ എബ്രഹാമിനെ മുഖ്യമന്ത്രി ശാസിക്കുകയും ചെയ്തു. 

MORE IN SPECIAL PROGRAMS
SHOW MORE