മരണ മഴ; ദുരന്തവലയത്തിൽ കേരളം, പൂർണചിത്രം

marana-mazha-t
SHARE

കനത്തമഴയിലും ഉരുള്‍പൊട്ടലിലും നടുങ്ങി കേരളം. ദുരന്തത്തില്‍  ഇന്നുമാത്രം 20 ജീവന്‍ പൊലിഞ്ഞു. മലപ്പുറത്തും ഇടുക്കിയിലും ഒരു കുടുംബത്തിലെ അ‍ഞ്ചുപേര്‍ വീതം ദുരന്തത്തിന് ഇരയായി. വയനാട്, കോഴിക്കോട്, ഇടുക്കി എന്നിവിടങ്ങളിലായി മൂന്നു പേരെ കാണാതായി. അതീവഗുരുതരമായ സ്ഥിതിവിശേഷം നേരിടാന്‍ സൈന്യം രംഗത്തിറങ്ങും.

ഇന്നലെരാത്രി തുടങ്ങിയ അതിതീവ്രമഴയാണ് ദുരന്തം വിതച്ചത്. അടിമാലിയില്‍ എട്ടുമുറിയില്‍ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. പുതിയകുന്നേല്‍ ഹസന്‍കുട്ടിയുടെ ഭാര്യയും മകനും മകന്റെ ഭാര്യയും രണ്ട് ചെറുമക്കളുമാണ് മരിച്ചത്. മറ്റൊരു മകന്‍ ഷെറഫുദീന്‍ രക്ഷപെട്ടു. ഇടുക്കി കീരിത്തോട്ടിലും കൊരങ്ങാട്ടിലുമായി നാലുപേരും  കമ്പിളികണ്ടത്ത് ഒരു വീട്ടമ്മയും മരിച്ചു. കീരിക്കോടുണ്ടായ  ഉരുള്‍പൊട്ടലില്‍  കുട്ടക്കുന്നില്‍ ആഗസ്തി, ഭാര്യ ഏലിക്കുട്ടി  എന്നിവരാണ് മരിച്ചത്.

കൊരങ്ങാട്ടി കോളനിയിലെ ദമ്പതികളായ മോഹനനും ശോഭനയും മരിച്ചവരില്‍ ഉള്‍പെടുന്നു. മലപ്പുറത്ത് ചെട്ടിയംപറമ്പ്  പറമ്പാടന്‍ സുബ്രഹ്മണ്യന്‍, അമ്മ കുഞ്ഞി, സുബ്രഹ്മണ്യന്‍റെ ഭാര്യ ഗീത, മക്കളായ നവനീത്, നിവേദ്, ബന്ധു മിഥുന്‍ എന്നിവരാണ് മരിച്ചത്. വയനാട് വൈത്തിരിയില്‍ അയ്യപ്പന്‍കുന്ന് ജോര്‍ജിന്റെ ഭാര്യ ലില്ലിക്കുട്ടിയാണ്  മരിച്ചത്. രാത്രി ഉറങ്ങിക്കിടന്നവരാണ് ദുരന്തത്തിനിരയായത്. മീന്‍പിടിക്കാന്‍ പോയ കോഴിക്കോട് കണ്ണപ്പന്‍കുണ്ടില്‍ രജിത് മരിച്ചു. കനത്ത മഴ തുടരുന്നതനിടെ ദുരന്തമേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഫയര്‍ ഫോഴ്സിനും പൊലീസും സജീവമായി രംഗത്തുണ്ട്.

ദുരന്തനിവാരണ സേന കോഴിക്കോട്ട് എത്തി. ഇടുക്കിയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം പുറപ്പെട്ടു. വയനാട് ജില്ല പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. മലമ്പുഴ ഡാം തുറന്നതോടെ പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്, കല്‍പാത്തി, മലമ്പുഴ എന്നിവിടങ്ങളില്‍ മിന്നില്‍ പ്രളയം ഉണ്ടായി. വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍  ഉയര്‍ത്തിയതോടെ ആലുവയിലടക്കം പെരിയാറിന്റെ തീരത്തും സ്ഥിതി രൂക്ഷമാണ്.

MORE IN SPECIAL PROGRAMS
SHOW MORE