മരണമാന്ത്രികം; ആ കൂട്ടക്കൊലയുടെ പിന്നാമ്പുറം; അറിയാക്കഥകള്‍

marana-mantrikam-t
SHARE

1993 ല്‍ പതിമൂന്നുകാരനെ കുരുതി കൊടുത്ത ചരിത്രമുണ്ട്  രാമക്കല്‍മേടിന്. പിന്നീട് കട്ടപ്പനയിലും നെടുങ്കട്ടത്തുമെല്ലാം തമിഴ്സ്വാധീനത്തോടെ ദുര്‍മന്ത്രവാദം ഇപ്പോഴും തുടരുന്നു. കോഴിയും ആടുമെല്ലാം എന്തിന് മനുഷ്യകുഞ്ഞുങ്ങള്‍ വരെ ദുര്‍മന്ത്രവാദത്തിന് ഇരയായി ജീവന്‍ ബലികഴിക്കേണ്ടി വരുന്നു.  രാമക്കല്‍മേട്ടില്‍ നിന്ന് അധികം ദൂരമില്ല തൊടുപുഴ വണ്ണപ്പുറം കമ്പകക്കാട്ടിലേക്ക്.  കേരളത്തെ ഞെട്ടിച്ച ദുര്‍മന്ത്രവാദത്തിന്‍റെ ഏറ്റവും ഒടുവിലത്തെ ഇര.  അടുത്തകാലത്തെ ഏറ്റവും വലിയ ഇരയും.   

കൃഷ്ണനെ അടുത്തറിഞ്ഞാലേ  നാലുപേരുടെ ജീവനെടുത്ത ദുരന്തചിത്രം വ്യക്തമാകൂ. കുടുംബക്കാരുമായി അകല്‍ച്ച മനപൂര്‍വം കാത്തുസൂക്ഷിച്ച കൃഷ്ണന്‍ വീട്ടിലേക്ക് ഇല്ലാത്ത സിദ്ധിയുടെ പേരില്‍ ഈയാംപാറ്റകളെ എത്തിച്ചിരുന്നു. ഭാര്യ സുശീലയും എല്ലാത്തിനും കൂട്ടുനിന്നു.  മക്കളായ ആര്‍ഷയും അര്‍ജുനും എല്ലാ പൂജകള്‍ക്കും സാക്ഷികളായി.  കൃഷ്ണന്‍റെ എല്ലാമെല്ലാമായിരുന്നു അനീഷ്.. താന്ത്രീകവിദ്യകളെല്ലാം പകര്‍ന്നു നല്‍കി തന്‍റെ പിന്‍ഗാമിയായ ദുര്‍മന്ത്രവാദിയാക്കി മാറ്റാന്‍ കൃഷ്ണന്‍ മനസുകൊണ്ട് ഉറപ്പിച്ച് പരിശീലിപ്പിച്ചെടുത്ത അരുമ ശിഷ്യന്‍. പക്ഷേ ആ അരുമശിഷ്യന്‍ തന്നെ ഗുരുവിന്‍റെ  ജീവനെടുക്കാന്‍ തീരുമാനിച്ചു.

2018 ജൂലൈ 29 ന് അര്‍ധരാത്രിയായിരുന്നു ആ അരുംകൊലപാതകത്തിന് കളമൊരുങ്ങിയത്. ജലനിധിയുടെ പണം ശേഖരിക്കാനെത്തിയ സമീപവാസിയായ ജേക്കബാണ് ആദ്യം ഇവരുടെ തിരോധാനത്തില്‍ അസ്വഭാവികത പ്രകടിപ്പിച്ചത്. 

ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ടാണ് കൃഷ്ണന്‍റേയും കുടുംബത്തിന്‍റേയും കൂട്ടക്കൊലപാതകമെന്ന് പൊലീസ് ഉറപ്പിച്ചു. വിലകൂടിയ കാറുകളില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുപോലും ആളുകള്‍ കൃഷ്ണനെന്ന മാന്ത്രീകനെ കാണാന്‍ എത്തിയിരുന്നു. മാന്ത്രീകവിദ്യയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഇതരസംസ്ഥാനക്കാരാണ് കൊലപാതകം നടത്തിയെന്ന് പൊലീസ് വിവരം പുറത്തുവിട്ടെങ്കിലും അന്വേഷണം കൃഷ്ണന്‍റെ ശിഷ്യന്‍ അനീഷിലേക്കായിരുന്നു.  വീടുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന അനീഷ് സംസ്കാരചടങ്ങുകളില്‍ നിന്നുപോലും വിട്ടുനിന്നത് പൊലീസിന്‍റെ നിഗമനങ്ങള്‍ക്ക് ബലം പകര്‍ന്നു. ഒടുവില്‍ പൊലീസ് തിരിച്ചറിഞ്ഞു. മാന്ത്രീകസിദ്ധി സ്വന്തമാക്കാന്‍ അരുമ ശിഷ്യന്‍ നടത്തിയ കൊലപാതകം. കൂട്ടിന് സുഹൃത്ത് ലിബീഷിനേയും കൂട്ടി. ഇരുവരും ആസൂത്രണം ചെയ്ത കൊലപാതകം നടപ്പിലാക്കാന്‍ തിരഞ്ഞെടുത്ത ദിവസം ജൂലൈ 29 ഞായറാഴ്ച. 

പിറ്റേദിവസം മടങ്ങിവന്ന് മൃതദേഹങ്ങള്‍ അടക്കംചെയ്യുന്നതിന് മുമ്പ് സുശീലയുടേയും ആര്‍ഷയുടേയും  ജീവനറ്റ ശരീരത്തില്‍ കാമഭ്രാന്തും തീര്‍ത്തും കൃഷ്ണന്‍റെ അരുമശിഷനായ അനീഷ്..അനീഷിന്‍റെ ഞെട്ടിപ്പിക്കുന്ന വൈകൃതങ്ങള്‍ ഇനിയുമുണ്ട്.  

പിടിക്കപ്പെടില്ല എന്നു തന്നെയായിരുന്നു ഇരുപ്രതികളുടേയും വിശ്വാസം .   കാരണവും ഒരു മന്ത്രവാദി തന്നെ... കൃഷ്ണനെ കൊലപ്പെടുത്താനും പിടിക്കപ്പെടില്ലെന്ന് അനീഷിനും  ലിബീഷിനും ധൈര്യം പകര്‍ന്നതും ഈ മന്ത്രവാദിയായിരുന്നു. കൊലയക്ക് ശേഷം കോഴിയെ അറുത്ത് പൂജയും നടത്തി പ്രതികളും മാന്ത്രികനും.  അന്വേഷണസംഘം  കൂട്ടുപ്രതിയായ ലിബീഷിലേക്ക് എത്തി.  ചോദ്യം ചെയ്യലില്‍ കൃഷ്ണന്‍റെ   വീട്ടില്‍ നിന്ന്   എടുത്ത സ്വര്‍ണാഭരണങ്ങളും ലീബിഷിന്‍റെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. അതിക്രൂരകൊലപാതകം വിവരം വെളിപ്പെടുത്തിയത് ലിബീഷാണ്. കൃഷ്ണന്‍റെ മാന്ത്രീക സിദ്ധികള്‍ സ്വന്തമാക്കുകയും സ്വത്തുക്കള്‍ തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം. കൃഷ്ണനോ വീട്ടുകാര്‍ക്കോ സമീപവാസികളുമായി കാര്യമായി ബന്ധമില്ലാതിരുന്നതും പ്രതികള്‍ക്ക് തുണയായി.   

ലിബീഷിന് പിന്നാലെ അനീഷും പൊലീസ് പിടിയിലായി. ക്രൂരകൊലപാതകത്തിന്‍റെ ആസൂത്രണവും നടത്തിപ്പും ഇരുവരും പൊലീസിനോട് വിവരിച്ചു. പിറ്റേന്ന് വീട്ടിലെത്തിയപ്പോള്‍ ഉണര്‍ന്നിരിക്കുന്നത് കണ്ട അര്‍ജുനെ കൊലപ്പെടുത്തിയ ശേഷം സുശീലയേയും ആര്‍ഷയേയും പ്രതികള്‍ ലൈംഗീകമായി പീഡിപ്പിച്ചു. കുഴിയിലേക്ക് എടുക്കുമ്പോള്‍ കൃഷ്ണനും അര്‍ജുനും ജീവനുണ്ടായിരുന്നു. ജീവനോടെ മറ്റ് മൃതശരീരങ്ങള്‍ക്കൊപ്പം  രണ്ടുപേരേയും ചെറിയ കുഴിയില്‍ ചവിട്ടിക്കൂട്ടിയിട്ടാണ് പ്രതികള്‍  രക്ഷപെട്ടത്.   

അനീഷിനെക്കുറിച്ച ബന്ധുക്കള്‍ക്കും കാര്യമായി അറിവുണ്ടായിരുന്നില്ല. വീട്ടില്‍  മാന്ത്രീകവിദ്യകള്‍ പഠിക്കാന്‍  അനീഷിന് പ്രത്യേക മുറിവരെ കൃഷ്ണന്‍ തയാറാക്കി നല്‍കിയിരുന്നു.  കൊലപാതകത്തിന് ശേഷം  മാന്ത്രികശക്തി ലഭിക്കാന്‍   കൃഷ്ണന്‍റ കയ്യിലെ ഏലസും അനീഷ് പൊട്ടിച്ചുകളഞ്ഞിരുന്നു.    താളിയോലകളും മാന്ത്രീകവിദ്യകളും  പക്ഷേ അനീഷിനേയും ലിബീഷിനേയും തുണച്ചില്ല. എല്ലാം മാന്ത്രീകമാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും ഇരുവരും പൊലീസ് പിടിയിലായിരുന്നു. പക്ഷേ അതിന് ബലികൊടുക്കേണ്ടി വന്നത് നാലുപേരുടെ ജീവനുകളാണ്.  

ദുര്‍മന്ത്രവാദവും ആഭിചാരക്രിയകളും സാത്താന്‍ സേവയുമെല്ലാം എല്ലാമതങ്ങളിലും വേറുറപ്പിച്ചു കഴിഞ്ഞു. എത്രകുരുതികൊടുത്താലും  മനുഷ്യന്‍ അന്ധവിശ്വാസത്തിന് അടിമയായി തന്നെ തുടരുക തന്നെ ചെയ്യും. 

MORE IN SPECIAL PROGRAMS
SHOW MORE