'ഞാനും ഒരമ്മയാണ്, എന്റെ മകളും പീഡിപ്പിക്കപ്പെടാം'; സ്വാതന്ത്ര്യത്തെക്കുറിച്ച് കഠ്‌വ അഭിഭാഷക

deepika-singh-rajawat
SHARE

ജമ്മു കശ്മീരിലെ കഠ്‌വയിലുയർന്ന ഒരു ബാലികയെച്ചൊല്ലിയുള്ള തേങ്ങൽ കേരളവും ഏറ്റുവാങ്ങിയതാണ്. അന്ന് മനസ്സിലേറ്റ മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല. സമാനതകളില്ലാത്ത ക്രൂരത. ജീവിക്കാനുള്ള സ്വാതന്ത്ര്യമെന്ന പ്രാഥമിക അവകാശത്തിനുനേരെ ഉയർന്ന വെല്ലുവിളി. ജീവൻ വെടിഞ്ഞ ബാലികക്ക് നീതി ലഭ്യമാക്കാനിറങ്ങിയ ആ മുഖവും നാം മറന്നിട്ടില്ല. അഡ്വ.ദീപിക സിങ് രജാവത്ത്. മൗലിക സ്വാതന്ത്ര്യത്തിനുള്ള പോരാട്ടവഴിയിൽ വെല്ലുവിളികളേറെയാണ്. ഇപ്പോഴും ഭീഷണികൾക്ക് നടുവിൽ ജീവിതം. ദീപികയുടെ വാക്കുകളിലേക്ക്..

‘ഞാനൊരിക്കലും ഭയപ്പെട്ടി‍ല്ല, ഭരണസംവിധാനത്തില്‍ വിശ്വസിച്ചു, എന്നില്‍ വിശ്വസിച്ചു, സമാന ചിന്തയുള്ളവരിൽ വിശ്വസിച്ചു..’, കശ്‌മീര്‍‌ താഴ്വരയില്‍ നിന്ന് പോരാടുന്നവരുടെ സ്വാതന്ത്ര്യത്തെക്കുറിച്ചു സംസാരിക്കാനെത്തിയ ദീപികാ സിങ്ങ് രജാവത്തിന്‍റെ വാക്കുകളില്‍ നിഴലിച്ചതും പോരാട്ടവീര്യം.

ഞാനും ആറു വയസ്സുള്ള ഒരു പെൺകുട്ടിയുടെ അമ്മയാണ് . എന്‍റെ മകള്‍ പീഡിപ്പിക്കപ്പെട്ടാലുണ്ടാകുന്ന അതേ വികാരമാണ് എനിക്കുണ്ടായത്. അവര്‍ എന്നെ ആക്രമിച്ചു, എന്നെ ആക്രമിക്കാമെങ്കില്‍ നിങ്ങളെയുമാകാം. ഞാന്‍ ആര്‍ക്കുമെതിരല്ല, പക്ഷേ പീഡനത്തിനെതിരാണ്.., നിങ്ങള്‍  നിശബ്ദ കാണികളായി ഇരിക്കേണ്ടതില്ല, മൗനം വെടിയുക'', മനോരമ ന്യൂസ് കോണ്‍ക്ലേവ് വേദിയില്‍ ദീപിക പറഞ്ഞു.

എല്ലാ മതങ്ങളുടെയും അമ്മയാണ് നമ്മുടെ രാജ്യം. എന്നാല്‍ കഠ്‌‌വ കേസിലേക്ക് രാഷ്ട്രീയം കൊണ്ടുവന്നു.ഒരു പെണ്‍കുട്ടി അതിക്രൂരമായി കൊല ചെയ്യപ്പെട്ടപ്പോള്‍ നമ്മള്‍ സംസാരിച്ചത് മതത്തെക്കുറിച്ചാണ്. ഭയപ്പെടുത്താനാണ് പലരും ശ്രമിക്കുന്നത്. എന്തുകൊണ്ടാണ് നിങ്ങള്‍ സ്ത്രീകള്‍ക്കു വേണ്ടി മാത്രം ഹാജരാകുന്നതെന്ന് എന്നോടൊരാള്‍ ചോദിച്ചു. സ്ത്രീകള്‍ക്കു വേണ്ടി വാദിക്കുന്നത് ഒരു കുറ്റമാണോ.. '' ദേശീയത തന്‍റെ രക്തത്തിലുണ്ട്, അതാരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും ദീപിക സിങ്ങ് പറഞ്ഞു.

MORE IN SPECIAL PROGRAMS
SHOW MORE