വിഷുവിന് ഏറ്റുമുട്ടാൻ കമ്മാരനും മോഹൻ‍ലാലും പഞ്ചവർണതത്തയും

puthanpadam
SHARE

മലയാളി പ്രേക്ഷകരെ ആവേശത്തിലാക്കി വിഷുആഘോഷം കൊഴുപ്പിക്കാന്‍ മലയാളസിനിമ ഒരുങ്ങി. ഇതിന് മുന്നോടിയായി വിഷുചിത്രങ്ങളായ ‘മോഹൻലാൽ’, ‘കമ്മാരസംഭവം’, ‘പഞ്ചവർണതത്ത’  തിയറ്ററുകളിലെത്തി

മഞ്ജു വാരിയർ–ദിലീപ് പോരാട്ടമായിരിക്കും വിഷുക്കാലത്ത് ആരാധകർ ഉറ്റുനോക്കുന്ന മറ്റൊരു കാര്യം. ഇത് രണ്ടാം തവണയാണ് ഇരുവരുടെയും സിനിമകൾ ഒരുമിച്ചെത്തുന്നത്. കഴിഞ്ഞ വർഷം ഉദാഹരണം സുജാതയും രാമലീലയും ഒരേദിവസം തിയറ്ററുകളിലെത്തിയിരുന്നു. സെപ്റ്റംബർ 28നായിരുന്നു റിലീസ്.  അന്ന് രണ്ട് സിനിമകളും മികച്ച വിജയം നേടുകയുണ്ടായി. ഇത്തവണ ‘മോഹൻലാലും കമ്മാരസംഭവവും’ ഒരുമിച്ച് റിലീസിനെത്തി. രണ്ടു ചിത്രങ്ങളുടെയും വിധി അറിയാൻ പ്രേക്ഷകരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

മോഹൻലാൽ

മോഹന്‍ലാല്‍ ആരാധികയായി മഞ്ജു വാര്യര്‍ വേഷമിടുന്ന ചിത്രമാണ് മോഹന്‍ലാല്‍. മീനുക്കുട്ടി എന്ന കഥാപാത്രമായാണ് മഞ്ജു എത്തുക. സജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്താണ് മഞ്ജു വാര്യരുടെ ഭര്‍ത്താവായ സേതുമാധവനെ അവതരിപ്പിക്കുന്നത്. ചങ്കല്ല, ചങ്കിടിപ്പാണ്, ലവ് മോഹന്‍ലാല്‍ എന്ന ടാഗ്‌ലൈനിലാണ് ചിത്രം വന്നത്.

1980 ല്‍ ക്രിസ്തുമസ് റിലീസായി മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ തിയറ്ററില്‍ എത്തിയതോടെയാണു മോഹന്‍ലാല്‍ മലയാള സിനിമയില്‍ വില്ലനായി എത്തുന്നത്. ഈ ചിത്രം തിയേറ്ററുകളില്‍ എത്തിയ ദിവസം ജനിച്ച കഥാപാത്രത്തിലൂടെയാണ ഈ സിനിമ ആരംഭിക്കുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ദൃശ്യം വരെ മോഹന്‍ലാല്‍ സിനിമകളിലൂടെയുള്ള സഞ്ചാരമാണ് മോഹൻലാൽ.

ടോണി ജോസഫും നിഹാലുമാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.  മൈന്‍ഡ് സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍ കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സുനീഷ് വാരനാടാണ്. ഷാജികുമാറാണ് ഛായാഗ്രഹണം.

കമ്മാരസംഭവം

ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായ കമ്മാര സംഭവം റിലീസ് തിയതി പ്രഖ്യാപിച്ചു. വിഷുറിലീസ് ആയി ഏപ്രിൽ 14ന് ചിത്രം തിയറ്ററുകളിലെത്തി. േനരത്തെ സിനിമയുടെ സെൻസറിങ് കഴിഞ്ഞിരുന്നു. യു സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മൂന്നുമണിക്കൂർ 2 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം.

ചരിത്ര കഥ പറയുന്ന സിനിമയുടെ ടീസർ തന്നെ പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്നതായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളാണ് മറ്റൊരു പ്രത്യേകത. കമ്മാരൻ നമ്പ്യാർ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. 27 ലക്ഷം ആളുകളാണ് ടീസർ കണ്ടുകഴിഞ്ഞത്.

രാമലീലയുടെ വൻ വിജയത്തിന് ശേഷം ദിലീപിന്റേതായി എത്തുന്ന അടുത്ത ചിത്രം കൂടിയാണ് കമ്മാരസംഭവം. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ മുരളി ഗോപിയാണ്. മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയിൽ  വ്യത്യസ്ത ഗെറ്റപ്പുകളിലാകും ദിലീപ് എത്തുക. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. തമിഴ് താരങ്ങളായ സിദ്ധാർത്ഥ്, ബോബി സിംഹ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ. 

കമ്മാരന്‍റെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. മുരളീഗോപിയും ഇന്ദ്രൻസും ശ്വേത മേനോനും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളാകുന്നു. തേനി, ചെന്നൈ, എറണാകുളം എന്നിവയാണ് പ്രധാനലൊക്കേഷൻ.

ഏകദേശം 20 കോടി ചെലവുള്ള സിനിമയുടെ നിർമാണം ഗോകുലം ഫിലിംസ് ആണ്. ദിലീപിന്റെ തന്നെ വിതരണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസ് ചിത്രം തിയറ്ററുകളിലെത്തിച്ചു.

പഞ്ചവർണതത്ത

ജയറാമിനെയും കുഞ്ചാക്കോ ബോബനെയും നായകരാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവർണതത്തയാണ് വിഷു റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. തിയറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കവുമായാണ് സിനിമ എത്തുന്നത്.

മേക്കോവറിൽ മാത്രമല്ല ശബ്ദത്തിലും വ്യത്യസ്തയുമായാണ് ജയറാം ചിത്രത്തിൽ എത്തുക. സിനിമയിലെ ജയറാമിന്റെ കഥാപാത്രത്തിന് സ്വന്തമായൊരു പേരോ,ജാതിയോ മറ്റടയാളങ്ങളോ ഒന്നുമില്ല. രാഷ്ട്രീയക്കാരനായി ചാക്കോച്ചൻ എത്തുന്നു. അനുശ്രീയാണ് നായിക. ധർമജൻ, സലിം കുമാർ, കുഞ്ചൻ തുടങ്ങി നീണ്ടനിര തന്നെ സിനിമയിൽ അണിനിരക്കുന്നു.

രമേഷ് പിഷാരടി, ഹരി പി നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാണം മണിയന്‍ പിള്ള രാജുവാണ്. സപ്തതരംഗ് സിനിമയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.

MORE IN SPECIAL PROGRAMS
SHOW MORE