നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഓരോ ട്വീറ്റുകളും ഇടിത്തീയായാണ് പല അമേരിക്കന്‍ കമ്പനികള്‍ക്കും ഭവിക്കുന്നത്. കഴിഞ്ഞയാഴ്ച്ച ചെലവ് ഏറിയതിനെ തുടര്‍ന്ന് 747 എയര്‍ഫോഴ്‌സ് വണ്‍ പദ്ധതി റദ്ദാക്കുമെന്ന ട്രംപിന്റെ ട്വീറ്റിനെ തുടര്‍ന്ന് ബോയിംങിന് നഷ്ടമായത് 140 കോടി ഡോളറാണ്. ഇതിനേക്കാള്‍ വലിയ നഷ്ടമാണ് ട്രംപിന്റെ പുതിയ ട്വീറ്റ് അമേരിക്കന്‍ പ്രതിരോധ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന് വരുത്തിവെച്ചിരിക്കുന്നത്.
ലോക്ഹീഡ് മാര്‍ട്ടിന്റെ എഫ് 35 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറിന് ചെലവ് കൂടുതലാണെന്നും ഇത് പരിശോധിക്കുമെന്നുമായിരുന്നു ട്രംപിന്റെ ട്വീറ്റ്. ഇതേ തുടര്‍ന്ന് ലോക്ഹീഡിന്റെ വിപണി മൂല്യം 350 കോടി ഡോളറാണ് (ഏകദേശം 23,646 കോടി രൂപ) ഇടിഞ്ഞത്. ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ച ഉടന്‍ തന്നെ നാല് ശതമാനത്തിന്റെ കുത്തനെയുള്ള ഇടിവാണ് ലോക്ഹീഡ് ഓഹരിയില്‍ രേഖപ്പെടുത്തിയത്.
തിങ്കളാഴ്ച്ച രാവിലത്തെ തുടക്ക വ്യാപാരത്തിലുണ്ടായ കനത്ത നഷ്ടത്തില്‍ നിന്നും വൈകുന്നേരത്തോടെ ചെറിയതോതില്‍ തിരിച്ചുവന്നെങ്കിലും ട്രംപിന്റെ ട്വീറ്റുണ്ടാക്കിയ ഭൂകമ്പം ലോക്ഹീഡിന്റെ ഭാവി നടപടികളെ പോലും സ്വാധീനിക്കുമെന്നാണ് സൂചന. വൈകുന്നേരത്തോടെ തകര്‍ന്നടിഞ്ഞ നാല് ശതമാനത്തില്‍ 2.5 ശതമാനം ഓഹരി മൂല്യം തിരിച്ചുപിടിക്കാന്‍ ലോക്ഹീഡിനായി. എന്നാല്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റിന്റെ നിലപാട് വ്യക്തമായതോടെ ഭാവിയില്‍ ചെലവു ചുരുക്കല്‍ നടപടികളിലേക്ക് ലോക്ഹീഡ് നീങ്ങാനുള്ള സാധ്യത ഏറെയാണ്.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരാഴ്ച്ച മുമ്പ് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം ലോക്ഹീഡ് മാര്‍ട്ടിനുമായി എഫ് 35 യുദ്ധവിമാനങ്ങള്‍ കൈമാറുന്നതിനുള്ള കരാറൊപ്പിട്ടിരുന്നു. 14 മാസം നീണ്ട വിലപേശലുകള്‍ക്കൊടുവിലാണ് ലോക്ഹീഡ് കരാര്‍ നേടിയെടുത്തത്. ഈ കരാറിന്റെ ഭാവി പോലും ഇപ്പോള്‍ ചോദ്യചിഹ്നമാണ്. അമേരിക്കയ്ക്ക് യുദ്ധവിമാനങ്ങള്‍ കൈമാറുന്നതിനൊപ്പം ബ്രിട്ടനും നെതര്‍ലാന്റും ഓസ്‌ട്രേലിയയും അടക്കമുള്ള പത്തോളം സഖ്യരാഷ്ട്രങ്ങളുമായുള്ള വ്യാപാര സാധ്യതയും ലോക്ഹീഡിനു മുന്നിലുണ്ടായിരുന്നു. ഇതടക്കമുള്ള ലോക്ഹീഡിന്റെ സ്വപ്‌നങ്ങള്‍ക്കുമേലാണ് ട്രംപിന്റെ ഒരു ട്വീറ്റ് കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്.