ആദ്യ നൂറ് ദിവസത്തേക്കുള്ള പ്രവര്‍ത്തന പദ്ധതിയുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രത്യേകം തയാറാക്കിയ രണ്ടു മിനിറ്റ് വീഡിയോയിലൂടെയാണ് ട്രംപ് കര്‍മപദ്ധതി പുറത്തിറക്കിയത്.
കുടിയേറ്റം, വിവിധ രാജ്യങ്ങളുമായുള്ള പ്രതിരോധ ഉടമ്പടികള്‍, വ്യാപാര ഉടമ്പടികള്‍ തുടങ്ങിയവയില്‍ അധികാരത്തിലെത്തിയാല്‍ സ്വീകരിക്കുന്ന നയങ്ങളെക്കുറിച്ചാണ് ഡോണള്‍ഡ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. കൂടുതല്‍ തൊഴിലവസരങ്ങള്‍ അമേരിക്കയിലേക്ക് കൊണ്ടുവരാന്‍ രാജ്യത്തെ വിവിധ കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തും. ഇതിനായി പ്രത്യേക പദ്ധതി തയാറാക്കാന്‍ തന്റെ ടീമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബരാക്ക് ഒബാമയുടെ നേതൃത്വത്തില്‍ ഒപ്പിട്ട ട്രാന്‍സ് പസഫിക് കരാറില്‍ നിന്ന് പിന്മാറാനും ട്രംപ് തീരുമാനിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ നടത്തി വിവിധ രാജ്യങ്ങളുമായി പ്രത്യേകമായുള്ള വ്യാപാരകരാറുകളില്‍ ഏര്പ്പടാനാണ് ട്രംപിന്റെ തീരുമാനം. അനധികൃത കുടിയേറ്റകാര് കടന്നു കയറുന്നത് ഒഴിവാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കാനും രാജ്യത്തെ എല്ലാ വിസാനിയമങ്ങള്‍ പുനപരിശോധിക്കുമെന്നും ട്രംപ് വ്യക്തമാക്കി. എന്നാല്‍ പ്രചരണസമയത്തെ വിവാദ വാഗ്ദാനങ്ങളൊന്നും ആദ്യം നൂറ് ദിവസത്തെ കര്‍മപദ്ധതിയില്‍ ഇടം നേടിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.