അമേരിക്കൻ പ്രസിഡന്റ് പദവിയിൽനിന്നുള്ള ബറാക് ഒബാമയുടെ വിടവാങ്ങൽ പ്രസംഗം വികാരഭരിതമായിരുന്നു. 2008ലെ തെരഞ്ഞെടുപ്പിൽ വിജയ പ്രഖ്യാപനം നടത്തിയ അതേ വേദിയിൽ എട്ടു വർഷത്തിനുശേഷം ഒബാമയെത്തിയപ്പോൾ കേൾക്കാൻ ജനലക്ഷങ്ങൾ തടിച്ചുകൂടി. എട്ടു വർഷത്തെ ഭരണനേട്ടങ്ങളും അമേരിക്കയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും എണ്ണിപ്പറഞ്ഞു നടത്തിയ പ്രസംഗത്തിനിടെ ഭാര്യ മിഷേലിനെക്കുറിച്ചു പറഞ്ഞപ്പോൾ ഒബാമ വിതുമ്പി.
വേദിയുടെ മുന്നിലിരുന്ന മിഷേലിനെ ചൂണ്ടിയായിരുന്നു കുടുംബത്തെക്കുറിച്ച് ഒബാമ പറഞ്ഞു തുടങ്ങിയത്. മേഷേൽ... കഴിഞ്ഞ 20 വർഷമായി തനിക്കു ഭാര്യമാത്രമല്ല മിഷേൽ.., എന്റെ മക്കളുടെ അമ്മയാണ്.., എന്റെ നല്ല സുഹൃത്താണ്... തനിക്ക് എന്തൊക്കെയാണു ചെയ്യാനുണ്ടായിരുന്നതെന്ന് പറയാതെതന്നെ മിഷേൽ തിരിച്ചറിഞ്ഞിരുന്നു. അതൊക്കെ നിശ്ചയദാർഢ്യത്തോടെയും ആകർഷകമായും രസകരമായും തന്റേതായ ശൈലിയിൽ പൂർത്തിയാക്കി. വൈറ്റ്ഹൗസ് എല്ലവരുടേതുമാക്കി നിലനിർത്താൻ മിഷേലിനായി - ഒബാമ പറയുന്നു
നിങ്ങളുടെ പിതാവെന്നു പറയുന്നതിൽ ഞാൻ അഭിമാനിക്കുന്നുവെന്നു പറഞ്ഞു വേദിയിലിരുന്ന മകളെ ചൂണ്ടിയും ഒബാമ വാചാലനായി.