വൈറ്റ്ഹൗസിൽ നിന്നും കഷ്ടിച്ച് ഒന്നര കിലോമീറ്റർ അകലെ, വാഷിംഗ്ടൻ ഡിസിക്ക് സമീപം കൊളോണിയൽ ശൈലിയിൽ പണിത പ്രൗഢമായ വീട്ടിലേക്ക് ഒരു താമസക്കാരനെത്തുകയാണ്. അമേരിക്കയുടെ മുൻപ്രസിഡന്റ് ബാരാക് ഒബാമയും കുടുംബവും. ഒഴിഞ്ഞു കിടന്നിരുന്ന വീടിനു ഇപ്പോൾ ഒരു താരപരിവേഷം കൈവന്നിരിക്കുകയാണ്.
8200 ചതുരശ്രയടിയിൽ എട്ടു കിടപ്പുമുറികളുള്ള ഈ വീട് 1928 ൽ നിർമിച്ചതാണ്. മതിപ്പുവില ഏകദേശം 4.8 മില്യൺ ഡോളറാണ്. മുകളിലെ മൂന്നു മുറികൾ സുരക്ഷാ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമായി മാറ്റി വെച്ചിരിക്കുകയാണ്. മിഷേലിന്റെ പ്രായമായ അമ്മയ്ക്കായി പ്രത്യേക മുറി ഒരുക്കിയിരിക്കുന്നു. 2014 ൽ 5.3 മില്യൻ ഡോളറിനാണ് ഈ വീട് മുൻ ഉടമസ്ഥൻ മേടിച്ചത്.
മുൻപ്രസിഡന്റ് പദവി ഉണ്ടെങ്കിലും മാസം 22000 ഡോളർ വാടകയിനത്തിൽ ഒബാമയ്ക്ക് അടയ്‌ക്കേണ്ടി വരും. ചിക്കാഗോയിൽ 6200 ചതുരശ്രയടി വിസ്‌തീർണമുള്ള വീട് ഒബാമയ്ക്ക് സ്വന്തമായുണ്ട്. എങ്കിലും മക്കളുടെ പഠനസൗകര്യാർഥം വാഷിംഗ്ടനിൽ തന്നെ തങ്ങാൻ തീരുമാനിക്കുകയായിരുന്നു.