വൈറ്റ്ഹൗസിലെ ഓവൽ ഓഫിസിൽ വിളക്കു തെളിച്ച് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ദീപാവലി ആഘോഷിച്ചു. തന്റെ പിൻഗാമിയും ഈ പാത പിന്തുടരുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
വൈറ്റ്ഹൗസിൽ ദീപാവലി ആഘോഷിച്ച ആദ്യ പ്രസിഡന്റാണ് ഒബാമ. 2009 ലായിരുന്നു അത്. ഇന്ത്യൻ വംശജരായ ഉദ്യോഗസ്ഥരോടൊപ്പം ദീപാവലി വിളക്കു തെളിച്ചശേഷം ഫെയ്സ്ബുക്കിൽ ഒബാമ എഴുതി:
‘വൈറ്റ്ഹൗസിൽ ദീപാവലി ആഘോഷങ്ങൾക്കു തുടക്കം കുറിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. മുംബൈയിൽ ഇന്ത്യക്കാർക്കൊപ്പം ഞാനും മിഷേലും ദീപാവലി ആഘോഷിച്ചത് മറക്കാനാവില്ല. ഇന്ത്യയിലെ ജനങ്ങൾ ഞങ്ങളെ ഇരുകരങ്ങളും നീട്ടി സ്വാഗതം ചെയ്തു നൃത്തം വച്ചു. വെളിച്ചം വരുന്നതോടെ അന്ധകാരം അകലുന്നു’.
ഒബാമയുടെ ഫെയ്സ്ബുക് പോസ്റ്റ് ഒന്നര ലക്ഷത്തിലധികം ജനങ്ങൾ കണ്ടു. 33,000 തവണ ഷെയർ ചെയ്തു. യുഎൻ ആസ്ഥാനത്തും ഇത്തവണ ആദ്യമായി ദീപാവലി ആഘോഷിച്ചു. വൈദ്യുത ദീപങ്ങൾ തെളിച്ച യുഎൻ ആസ്ഥാന മന്ദിരത്തിൽ ‘ഹാപ്പി ദീപാവലി’എന്നെഴുതിയിരുന്നു.