മാഞ്ചസ്റ്റർ വിമാനത്താവളത്തിൽനിന്നും ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്സിന്റെ പാസഞ്ചർ ജെറ്റ് വിമാനം ചക്രത്തിനുണ്ടായ തകരാറുമൂലം ഒന്നര മണിക്കൂറിനുശേഷം ഇന്നലെ അടിയന്തരമായി ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ ഇറക്കി. വിമാനത്തിന്റെ മുന്നിലെ ചക്രം ചലിക്കാതായതോടെയാണ് പൈലറ്റ് അടിയന്തര ലാൻഡിംങ്ങിന് അനുമതി തേടിയത്.
ഇന്നലെ ഉച്ചയ്ക്ക് 1.30നായിരുന്നു മാഞ്ചസ്റ്റർ വിമാനത്താവളത്തിൽനിന്നും എമിറേറ്റ്സിന്റെ ഇ.കെ.18 ജറ്റ് വിമാനം ദുബായിലേക്ക് യാത്ര ആരംഭിച്ചത്. വിമാനം പറന്നുയർന്നശേഷം ഉള്ളിലേക്ക് വലിയേണ്ട ചക്രങ്ങൾ ചലിക്കാതായോടെയാണ് തകരാൾ മനസിലാക്കി പൈലറ്റ് വിമാനം തിരിച്ചിറക്കാൻ തീരുമാനിച്ചത്. ഇതിനായി യോർക്ക്ഷെയറിനു മുകളിലൂടെ പലകുറി വട്ടമിട്ടു പറന്ന വിമാനം ഒടുവിൽ മൂന്നുമണിയോടെ ഹിത്രൂവിൽ ഇറക്കുകയായിരുന്നു. ഈസമയം എടുത്തിട്ടുള്ള വിമാനത്തിന്റെ ചിത്രങ്ങളിൽ ചക്രം പുറത്തേക്ക് തള്ളിനിൽക്കുന്നത് കൃത്യമായി കാണാം. വിമാനം ആകാശത്തിലൂടെ ഏറെനേരം വട്ടമിട്ടു പറക്കുന്നത് ശ്രദ്ധയിൽപെട്ട ഒരു സ്ത്രീയാണ് ഈ ചിത്രം കാമറയിലാക്കിയത്. സംഭവത്തിൽ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.