ukrainesniper-06

പിഴയ്ക്കാത്ത ഉന്നം എന്നൊക്കെ പറഞ്ഞല്ലേ കേട്ടിട്ടുള്ളൂ. ഷാര്‍പ് ഷൂട്ടിങില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് യുക്രെയിന്‍ സ്നൈപറായ വ്യാചസ്​ലാവ് കോവല്‍സ്കീ. 58കാരനായ ബിസിനസുകാരനാണ് കോവല്‍സ്കീ. 3.8 കിലോമീറ്റര്‍ ദൂരെ നിന്ന് കോവല്‍സ്കീയുതിര്‍ത്ത വെടി റഷ്യന്‍ സൈനികന്‍റെ ജീവനെടുക്കുകയായിരുന്നു.  3.8 കിലോ മീറ്ററെന്നാല്‍ രണ്ട് ബ്രൂക്ക്ലീന്‍ പാലങ്ങളേക്കാള്‍ ദൈര്‍ഘ്യം വരും. വെറും ഒന്‍പത് സെക്കന്‍റിലാണ് കോവല്‍സ്കീയുടെ തോക്കില്‍ നിന്നും പാഞ്ഞ വെടിയുണ്ട റഷ്യന്‍ സൈനികന്‍റെ ജീവനെടുത്തത്. യുക്രൈന്‍കാരുടെ മിടുക്ക് ഇപ്പോള്‍ റഷ്യക്കാര്‍ക്ക് മനസിലായിക്കാണുമെന്നായിരുന്നു ഇതിന് പിന്നാലെ കോവല്‍സ്കീയുടെ പ്രതികരണമെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വീട്ടിലിരിക്കുന്ന റഷ്യക്കാര്‍ക്ക് ഇനി ഈ ഭയപ്പാട് വേണമെന്നും കോവല്‍സ്കീ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

 

സൈനിക ഉദ്യോഗസ്ഥന്‍റെ നിര്‍ദേശം അനുസരിച്ച കോവല്‍സ്കീ ദൂരവും കാറ്റും താപനിലയും മര്‍ദവും ഭൂമിയുടെ കിടപ്പും സഹിതം കണക്കുകൂട്ടിയതിനൊടുവിലാണ് വെടിയുതിര്‍ത്തത്. യുക്രൈന്‍കാരന്‍ വെടിയുതിര്‍ത്തതിന് പിന്നാലെ റഷ്യന്‍ സൈനികന്‍ നിലംപതിച്ചതിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മണിക്കൂറില്‍ 960 മീറ്റര്‍ വേഗതയിലാണ് ബുള്ളറ്റ് സഞ്ചരിച്ചതെന്നും കോവല്‍സ്കീ പറയുന്നു. 

 

2017 ല്‍ ഇറാഖില്‍ കനേഡിയന്‍ സ്പെഷല്‍ ഫോഴ്സ് സ്നൈപര്‍ കുറിച്ച 3.54 കിലോമീറ്ററിന്‍റെ റെക്കോര്‍ഡാണ് കോവല്‍സ്കീ തകര്‍ത്തതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

 

Ukrain sniper who broke world record after killing russian soldier from approximately 4km away