വീണ്ടും പ്രസിഡന്‍റാകാന്‍ ട്രംപ്; സ്വന്തം തട്ടകത്തില്‍ ട്രംപിന് എതിരാളി

വീണ്ടും യുഎസ് പ്രസിഡന്‍റാകാന്‍ കാത്തിരിക്കുന്ന ഡോണള്‍ഡ് ട്രംപിന് സ്വന്തം തട്ടകത്തില്‍ തന്നെ എതിരാളിയായി. ഫ്ലോറിഡ ഗവര്‍ണറായ റോണ്‍ ഡി സാന്‍റിസ്  റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മല്‍സരിക്കാനുള്ള സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു.

ട്രംപിനെ വിലക്കിയ  ട്വിറ്ററില്‍ തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനുള്ള സാന്‍റിസിന്‍റെ തീരുമാനം ഒന്ന് പിഴച്ചു. ക്യാംപയിന്‍ ലോഞ്ചിനിടെ ട്വിറ്ററിലുണ്ടായ തുടര്‍ച്ചയായ സാങ്കേതിക പ്രശ്നങ്ങള്‍ എതിരാളികള്‍ ട്വിറ്ററില്‍ തന്നെ എടുത്തിട്ടലക്കി.   ഈ ലിങ്ക് വര്‍ക്ക് ആകും എന്നു ട്വീറ്റ് ചെയ്ത് സ്വന്തം ക്യാംപയിന്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തു യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍.  സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ട്രൂത്തില്‍ ട്രംപും സാന്‍റിസിനെ കളിയാക്കി. ഇലോണ്‍ മസ്കുമായി ഒരു മണിക്കൂര്‍ നീളുന്ന സംഭാഷണത്തിനിടെയായിരുന്നു സാന്‍റിസ് സ്ഥാനാര്‍ഥിത്വം   പ്രഖ്യാപിച്ചത്.  ക്രിമിനല്‍ കേസും കോടതിയുമായി പ്രതിരോധത്തിലായ ട്രംപ് സ്വന്തം തട്ടകത്തില്‍ തന്നെ ഈ എതിരാളിയെ പ്രതീക്ഷിച്ചതാണ്.  യാഥാസ്ഥിതിക നിലപാടുകളില്‍ സാന്‍റിസ് ട്രംപിനേക്കാള്‍ ഒരുകാതം മുന്നിലാണെങ്കിലേയുള്ളൂ.  ഫ്ലോറിഡയില്‍ അടുത്തിടെ കൊണ്ടുവന്ന നിയമങ്ങള്‍ തന്നെ ഉദാഹരണം. അബോര്‍ഷന് കടുത്ത നിയന്ത്രണം, സ്കൂളുകളില്‍ ലൈംഗീകവിദ്യാഭ്യാസം കൈകാര്യം ചെയ്യുന്നതില്‍ അധ്യാപകര്‍ക്കുള്ള നിയന്ത്രണം, കുടിയേറ്റക്കാരോടുള്ള എതിര്‍പ്പ് അങ്ങനെ അങ്ങനെ അങ്ങേയറ്റമാണ് നിലപാടുകള്‍. യുഎസി‍‍ല്‍ ട്രംപിനുള്ള ജനപ്രീതി നിലവില്‍ സാന്‍റിസിനില്ലെങ്കിലും മല്‍സരിച്ച ഒരു തിരഞ്ഞെടുപ്പുകളിലും തോറ്റചരിത്രമില്ല. ഹാര്‍വാര്‍ഡില്‍ നിന്ന് നിയമം പഠിച്ച സാന്‍റിസ് ഇനി എന്തൊക്കെ ലോ പോയിന്‍റുകള്‍ പറയുമെന്ന് കാത്തിരിക്കുകയാണ് ട്രംപ് ക്യാംപ്