ഡച്ച് സെനറ്റിൽ ഇനി ബിബിബി നിർണായക ശക്തി; പ്രവിശ്യ തിരഞ്ഞെടുപ്പില്‍ ആധിപത്യം

dutch
SHARE

ഡച്ച് പ്രവിശ്യ തിരഞ്ഞെടുപ്പില്‍ ആധിപത്യം നേടി കര്‍ഷകപാര്‍ട്ടിയായ ബിബിബി.  കന്നുകാലി വളര്‍ത്തലിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ  മൂന്നുവര്‍ഷം മുന്‍പ് രൂപംകൊണ്ട പാര്‍ട്ടിയാണ് ബിബിബി. ഇതോടെ സെനറ്റില്‍ പ്രധാനമന്ത്രി മാര്‍ക്ക് റൂത്തിന്റെ സഖ്യത്തിന് ഭൂരിപക്ഷം നഷ്ടമായി.

നെതര്‍ലന്‍ഡ്സില്‍ 2019 ല്‍ ആരംഭിച്ച കര്‍ഷക സമരത്തിന്റെ വിജയമാണ് ഇത്തവണത്തെ പ്രവിശ്യാ തിരഞ്ഞെടുപ്പില്‍ കണ്ടത്. കര്‍ഷക കൂട്ടായ്മയില്‍ നിന്ന് ഉദയംചെയ്ത, വെറും മൂന്ന് വയസ് മാത്രം പ്രായമുള്ള ബിബിബി ഡച്ച് സെനറ്റില്‍ ഇനി നിര്‍ണായക ശക്തിയാവും. ആകെയുള്ള 75 സീറ്റില്‍ 15 സീറ്റും 20 ശതമാനം വോട്ടും ബിബിബിനേടി. ലേബര്‍ പാര്‍ട്ടി, ഗ്രീന്‍ പാര്‍ട്ടി, ബിബിബി എന്നിവ ചേര്‍ന്ന സഖ്യത്തിന് സെനറ്റില്‍ ഭൂരിപക്ഷവും ലഭിച്ചു.

പ്രധാനമന്ത്രി മാര്‍ക്ക് റൂത്തിന്റെ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ഫ്രീഡം ഉള്‍പ്പെടുന്ന സഖ്യത്തിന് എട്ട് സീറ്റ് നഷ്ടമായെങ്കിലും ഭരണമാറ്റം ഉണ്ടാകില്ല. കന്നുകാലികളുടെ വിസര്‍ജ്യത്തില്‍നിന്ന് ഉണ്ടാവുന്ന നൈട്രജന്‍ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി 2019 ല്‍ കാലിവളര്‍ത്തലിന് സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഇതിന്റെ ഫലമായി 11,200 ഫാമുകള്‍ അടച്ചുപൂട്ടുകയും 17,600 ഫാമുകളില്‍ കന്നുകാലികളുടെ എണ്ണം ഗണ്യമായി കുറയ്ക്കുകയും വേണമായിരുന്നു. കാലിവളര്‍ത്തല്‍ വരുമാനമാര്‍ഗമായി കൊണ്ടുനടക്കുന്ന വലിയൊരു വിഭാഗം ഇതോടെ പ്രതിസന്ധിയിലായി. തുടര്‍ന്ന് സമരവും തുടങ്ങി. ദിവസങ്ങള്‍ ചെല്ലവെ സമരം ശക്തിപ്രാപിക്കുകയും രാജ്യമാകെ പടരുകയും ചെയ്തു. പിന്നീടത് രാഷ്ട്രീയ പാര്‍ട്ടിയായും രൂപംകൊള്ളുകയായിരുന്നു. അസാധാരണവും അത്ഭുതപ്പെടുത്തുന്നതുമാണ് ഈ ജയമെന്ന് ബിബിബി നേതാവ് കരോലിന്‍ വാന്‍ ഡെര്‍ പ്ലാസ് പറഞ്ഞു.

MORE IN WORLD
SHOW MORE