അധാർമ്മിക ഉള്ളടക്കം പ്രചരിപ്പിച്ചു; വിക്കിപീഡിയയ്ക്ക് പാക്കിസ്ഥാനിൽ വിലക്ക്

wikipedia-ban-pakistan
SHARE

അധാർമ്മിക ഉള്ളടക്കം പ്രചരിപ്പിച്ചതിനെ തുടർന്ന് വിക്കിപീഡിയയെ വിലക്കി പാകിസ്ഥാൻ. വെബ്സൈറ്റിലുണ്ടായിരുന്ന ചില ആശയങ്ങൾ നീക്കം ചെയ്യാൻ വിക്കിപീഡിയയ്ക്ക് പാകിസ്ഥാൻ 48 മണിക്കൂർ സമയപരിധി നൽകിയിരുന്നു. പിന്നാലെയാണ് ശനിയാഴ്ച വിക്കിപീഡിയ വിലക്കുന്നതായി പ്രഖ്യാപിച്ചത്. നിർദേശം വിക്കിപീഡിയ പാലിച്ചില്ല എന്നാണ് പാകിസ്ഥാൻ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റി (പിടിഎ) അവകാശപ്പെടുന്നത്. 

മതനിന്ദയാണ് രാജ്യം വിക്കിപീഡിയയ്ക്കുമേൽ ആരോപിക്കുന്നത്. മുൻപും മതനിന്ദ ആരോപിച്ച് രാജ്യത്ത് ടിൻഡർ, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയുൾപ്പെടെയുള്ള മറ്റ് പ്ലാറ്റ്‌ഫോമുകൾ തടഞ്ഞിരുന്നു. മതനിന്ദാപരമായ ഉള്ളടക്കം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ആശയവിനിമയങ്ങളോട് പ്രതികരിക്കുന്നതിൽ വിക്കിപീഡിയ പരാജയപ്പെട്ടെന്ന് പിടിഎ വക്താവ് മലഹത് ഉബൈദ് പറഞ്ഞു. 'ചില ആശയങ്ങൾ നീക്കം ചെയ്തെങ്കിലും എല്ലാം നീക്കം ചെയ്‌തില്ല' അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ ആശയങ്ങളും നീക്കം ചെയ്യുന്നതുവരെ വെബ്‌സൈറ്റ് പാക്കിസ്ഥാനിൽ ലഭ്യമാകില്ല എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ നീക്കം ചെയ്യാൻ നിർ​ദേശിച്ച ആശയങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

നിരോധനം തുടർന്നാൽ അത് പാകിസ്ഥാന്റെ അറിവിലേക്കും ചരിത്രത്തിലേക്കും സംസ്‌കാരത്തിലേക്കും ഉള്ള പ്രവേശനമായിരിക്കും നഷ്ടപ്പെടുത്തുക എന്ന് വിക്കിമീഡിയ ഫൗണ്ടേഷൻ പറഞ്ഞു. ഇന്റർനെറ്റിലെ ഉള്ളടക്കത്തിന്മേൽ കൂടുതൽ നിയന്ത്രണം ചെലുത്താൻ സംഘടിത ശ്രമം നടക്കുന്നതായാണ് ഡിജിറ്റൽ അവകാശ പ്രവർത്തകർ പ്രതികരിക്കുന്നത്. 'ഏതു വിയോജിപ്പിനെയും നിശബ്ദമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം, പലപ്പോഴും മതനിന്ദ ആ ലക്ഷ്യത്തിനായി ആയുധമാക്കപ്പെടുന്നു' ഡിജിറ്റൽ അവകാശ പ്രവർത്തകൻ ഉസാമ ഖിൽജി പറഞ്ഞു. 

2010-ൽ പാകിസ്ഥാൻ യൂട്യൂബ്, ഫേസ്ബുക്ക് എന്നിവ വിലക്കിയിരുന്നു. ടിൻഡർ ഉൾപ്പെടെയുള്ള ഡേറ്റിംഗ് ആപ്പുകളും 'അധാർമ്മിക ഉള്ളടക്കം' പ്രചരിപ്പിച്ചതിന് പാകിസ്ഥാൻ മുമ്പ് നിരോധിച്ചിരുന്നു.

Pakistan blocks Wikipedia

MORE IN WORLD
SHOW MORE