കോവിഡ് കാലത്ത് ന്യൂസിലൻഡ് കേട്ട് പരിചയിച്ച പേര്; വിവാദങ്ങൾ കടന്ന് രാജ്യ തലപ്പത്ത്

chris
SHARE

37ാം വയസിൽ ന്യൂസിലൻഡിൻറെ ഭരണതലപ്പത്ത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പ്രധാനമന്ത്രി. പ്രധാനമന്ത്രി പദത്തിലിരിക്കെ അമ്മയാവുന്ന ലോക ചരിത്രത്തിലെ രണ്ടാമത്തെ മാത്രം സ്ത്രീ. കോവിഡിന് മുൻപിൽ ലോകം പകച്ചുനിൽക്കെ ന്യൂസിലൻഡ് മാതൃക മുൻപിൽ വെച്ച് അവർ കയ്യടി നേടി...ഇപ്പോൾ രാജി പ്രഖ്യാപനത്തിലൂടേയും ഞെട്ടിക്കുകയാണ് ജസീന്ത, ഇനി ഒരു തിരഞ്ഞെടുപ്പ് കൂടി നേരിടാൻ ഊർജമില്ലെന്ന് പറഞ്ഞ്. അഞ്ച് വർഷം ജസിൻഡയ്ക്ക് കീഴിൽ തല ഉയർത്തി നിന്ന ന്യൂസിലൻഡ് ഇനി ക്രിസ് ഹിപ്കിൻസിന് കീഴിൽ. 

ക്രിസ് ഹിപ്കിൻസിൻറെ പേര് മാത്രമാണ് ഭരണകക്ഷിയായ ലേബർ പാർട്ടി നാമനിർദേശം ചെയ്തത്. ഞായറാഴ്ച ചേരുന്ന ന്യൂസിലൻഡ് പാർലമെൻറ് ഹിപ്കിൻസിനെ 41ാം പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കും. നിലവിൽ പൊലീസ്, വിദ്യാഭ്യാസം, പൊതുസേവനം വകുപ്പ് മന്ത്രിയാണ് ഹിപ്കിൻസ്. ജസിൻഡ സർക്കാരിൽ ആരോഗ്യ മന്ത്രിയായും പ്രവർത്തിച്ചു. 

മറ്റ് മന്ത്രിമാരുടെ പകരക്കാരനായിട്ടാണ് ജസിൻഡ് മന്ത്രിസഭയിൽ ഹിപ്കിൻസ് വന്നുപൊയ്ക്കൊണ്ടിരുന്നത്. ന്യൂസിലൻഡിൻറെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ഹിപ്കിൻസ് മുൻപിലുണ്ടായി. കോവിഡിനെ നേരിടാൻ രാജ്യം അടച്ചിട്ട ദിനങ്ങളിലാണ് ഹിപ്കിസിൻറെ പേര് ഉയർന്ന് കേട്ടത്. 

കോവിഡ് 19 റെസ്പോൺസ് മന്ത്രി എന്ന ചുമതലയാണ് ഹിപ്കിൻസിലേക്ക് വന്നത്. എന്നാൽ ഈ സമയം അതിർത്തി കടന്ന് എത്തിയ ഒമൈക്രോൺ കേസിനെ കുറിച്ച് വിശദീകരിക്കാൻ വിളിച്ച് ചേർത്ത കോൺഫറൻസിലൂടെ വിമർശനങ്ങളും പരിഹാസങ്ങളും ഹിപ്കിൻസിന് ഏറ്റുവാങ്ങേണ്ടി വന്നു. ‌‌

തൻറെ വേനൽക്കാല അവധിയിൽ നിന്ന് ഇടവേള എടുത്താണ് ഹിപ്കിൻസ് രാജ്യത്ത് റിപ്പോർട്ട് ചെയ്ത ഒമൈക്രോൺ കേസിനെ കുറിച്ച് സംസാരിക്കാൻ എത്തിയത്. ഇതിന് വേദിയായി ഹിപ്കിൻസ് തിരഞ്ഞെടുത്തത് റോമറ്റിയിലെ പ്രകൃതി സംരക്ഷിത മേഖലയിലൊന്നും. ഇവിടെ കുന്നിറങ്ങി നടന്ന് വരുന്ന ഹിപ്കിൻറെ ദൃശ്യങ്ങളാണ് പരിഹാസങ്ങൾക്കും ട്രോളുകൾക്കും ഇരയായത്. 

2008ലാണ് ഹിപ്കിൻസ് പാർലമെൻറിലേക്ക് എത്തുന്നത്. 2017ൽ വിദ്യാഭ്യാസ മന്ത്രിയായി. 2019ൽ രാജ്യത്തെ പോളിടെക്നിക്കുകൾ ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള ഹിപ്കിൻസിൻറെ തീരുമാനം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. 2020ൽ ഡേവിഡ് ക്ലർക്ക് രാജിവെച്ചതോടെയാണ് ഹിപ്കിൻസ് ഇടക്കാല ആരോഗ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. 

ഓസ്ട്രേലിയൻ പാർലമെൻറിലെ ഇരട്ട പൗരത്വ വിവാദത്തിൻറെ പേരിൽ 2017ൽ ജസീന്തയിൽ നിന്ന് താക്കീതും ഹിപ്കിൻസിന് നേരിടേണ്ടി വന്നു. 2022ൽ മാധ്യമപ്രവർത്തക ഷാർലറ്റ് ബെല്ലിസിൻറെ വ്യക്തിപരമായ വിവരങ്ങൾ പരസ്യമാക്കിയും ഹിപ്കിൻസ് വിവാദ നായകനായി. ഇവർ നിയമനടപടി സ്വീകരിച്ചതോടെ ഹിപ്കിൻസ് ക്ഷമ ചോദിച്ചു. 2022ൽ മുൻ ന്യൂസിലൻഡ് ധനമന്ത്രിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൻറെ പേരിലും ഹിപ്കിൻസിന് ക്ഷമ ചോദിക്കേണ്ടി വന്നു. 

chris hipkins to be new zealand's new prime minister

MORE IN WORLD
SHOW MORE