ഗൂഗിളിൽ കൂട്ടപ്പിരിച്ചുവിടൽ: 12,000 പേരെ ഒഴിവാക്കുമെന്ന് ആൽഫബെറ്റ്

google-job
SHARE

മൈക്രോസോഫ്റ്റിന് പിന്നാലെ ഗൂഗിളിലും കൂട്ടപ്പിരിച്ചുവിടല്‍. 12,000 ജീവനക്കാരെ ഒഴിവാക്കുമെന്ന് ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് അറിയിച്ചു. സാമ്പത്തിക മേഖലയിലെ പുതിയ സാഹചര്യം മുന്നില്‍ക്കണ്ടാണ് പിരിച്ചുവിടലെന്ന് ആല്‍ഫബെറ്റ് സി.ഇ.ഒ സുന്ദര്‍ പിച്ചൈ ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കി.

ലോകവ്യാപകമായി ആല്‍ഫബെറ്റിലെ വിവിധ വിഭാഗങ്ങളില്‍ ജോലിചെയ്യുന്ന 12,000 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാവും. കമ്പനിയുടെ ആകെ ജീവനക്കാരുടെ എണ്ണത്തിന്റെ ആറുശതമാനമാണ് ഇത്. മുന്‍വര്‍ഷങ്ങളില്‍ കമ്പനി വന്‍തോതില്‍ ജീവനക്കാരെ നിയമിച്ചിരുന്നുവെന്നും എന്നാല്‍ വ്യത്യസ്തമായ സാമ്പത്തിക സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ പറഞ്ഞു. യു.എസിലാണ് തീരുമാനം ആദ്യം നടപ്പിലാക്കുക. മറ്റ് രാജ്യങ്ങളില്‍ അവിടെയുള്ള തൊഴില്‍ നിയമങ്ങള്‍ പാലിച്ച് പിരിച്ചുവിടല്‍ നടപടികള്‍ പൂര്‍ത്തിയാക്കും. പിരിച്ചുവിടപ്പെടുന്നവര്‍ക്ക് ഇതിനോടകം  നോട്ടിസ് അയച്ചിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ കൂടുതല്‍ മുതല്‍ മുടക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും സുന്ദര്‍ പിച്ചൈ ഇ മെയില്‍ സന്ദേശത്തില്‍ പരഞ്ഞു. കഴിഞ്ഞദിവസം പതിനായിരം ജീവനക്കാരെ പിരിച്ചുവിടുന്നതായി  മൈക്രോസോഫ്റ്റ് അറിയിച്ചിരുന്നു. ആമസോണ്‍, ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മേറ്റ, ട്വിറ്റര്‍, സെയില്‍സ് ഫോഴ്സ് തുടങ്ങിയ കമ്പനികളും ജീവനക്കാരെ കുറക്കുകയാണെന്ന് അറിയിച്ചിരുന്നു. 

MORE IN WORLD
SHOW MORE