സിഗരറ്റ് കുറ്റി റോഡിലിട്ടു; 50,000 രൂപ പിഴ

Cigarette-Butts
SHARE

ബ്രിട്ടണില്‍ സിഗരറ്റ് കുറ്റി റോഡില്‍ വലിച്ചെറിഞ്ഞയാള്‍ക്ക് അന്‍പതിനായിരം രൂപ പിഴയിട്ട് കോടതി. ഗ്ലോസ്റ്റഷെറിലെ തോണ്‍ബറിയില്‍ നഗരസഭ ജീവനക്കാരുടെ മുന്നില്‍വച്ച് സിഗരറ്റ് കുറ്റി റോഡിട്ട് നടന്നുപോയ അലക്സ് ഡേവിസിനാണ് കനത്ത പിഴ കിട്ടിയത്. അലക്സിന്റെ പ്രവര്‍ത്തി കണ്ട നഗരസഭ ഉദ്യോഗസ്ഥര്‍ തെരുവ് മലിനമാക്കിയതിന് 150 പൗണ്ട് പിഴയടക്കാന്‍ നോട്ടിസ് നല്‍കി. എന്നാല്‍ പണമടക്കാന്‍ അലക്സ് തയാറായില്ല. തുടര്‍ന്ന് നഗരസഭ ബ്രിസ്റ്റള്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. അലക്സ് തെറ്റുകാരനാണെന്ന് കണ്ടെത്തിയ കോടതി 250 പൗണ്ട് കോടതിച്ചെലവും 88 പൗണ്ട് വിക്ടിം സര്‍ചാര്‍ജും ചേര്‍ത്ത് 558 പൗണ്ട് അഥവാ 55,605 ഇന്ത്യൻ രൂപ പിഴയടക്കാന്‍ ഉത്തരവിടുകയായിരുന്നു.

അലക്ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികള്‍ പരിസ്ഥിതിക്ക് കനത്ത നാശമാണുണ്ടാക്കുന്നതെന്ന് സൗത്ത് ഗ്ലോസ്റ്റഷെര്‍ പരിസ്ഥിതി കാര്യ കൗണ്‍സിലര്‍ റേച്ചല്‍ ഹണ്ട് പറഞ്ഞു. സിഗരറ്റ് കുറ്റികളുടെ ഘടകങ്ങള്‍ വിഘടിച്ച് മണ്ണില്‍ അലിഞ്ഞുചേരാന്‍തന്നെ 18 മാസം മുതല്‍ 10 വര്‍ഷം വരെയെടുക്കും. യുഎന്‍ പരിസ്ഥിതി പ്രോഗ്രാം റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് പ്രതിവര്‍ഷം 76.6 കോടി കിലോ വിഷമാലിന്യങ്ങളാണ് വലിച്ചെറിയപ്പെടുന്നത്. കടല്‍ത്തീരത്തും തെരുവുകളിലും കാണുന്ന ഇത്തരം മാലിന്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സിഗരറ്റ് കുറ്റികളാണ്. ഇതുണ്ടാക്കുന്ന മൈക്രോ പ്ലാസ്റ്റിക് ലീക്കേജ് കടലിലെ ആവാസവ്യവസ്ഥയെയും ബാധിക്കുന്നു. 

പ്രതിവര്‍ഷം ആറ് ട്രില്യണ്‍ സിഗരറ്റാണ് പുകയിലക്കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്നത്. 100 കോടി ആളുകള്‍ പുകയില ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. സിഗരറ്റുകളില്‍ സെല്ലുലോസ് അസറ്റേറ്റ് ഫൈബേഴ്സ് എന്നറിയപ്പെടുന്ന മൈക്രോപ്ലാസ്റ്റിക്കുകൾ കൊണ്ട് നിർമിച്ചിരിക്കുന്ന ഫിൽട്ടറുകൾ അടങ്ങിയിരിക്കുന്നു. സി​ഗരറ്റ് കുറ്റികൾ അലക്ഷ്യമായി വലിച്ചെറിയുമ്പോൾ സൂര്യപ്രകാശം, ഈർപ്പം തുടങ്ങിയവ കാരണം സിഗരറ്റ് കുറ്റികൾ പൊട്ടുകയും മൈക്രോപ്ലാസ്റ്റിക്കും മറ്റ് രാസവസ്തുക്കളും പുറത്തുവരുകയും പരിസ്ഥിതിക്ക് ഹാനിയുണ്ടാക്കുകയും ചെയ്യുന്നു.

British Man Fined Over ₹ 55,000 For Throwing Cigarette Butt On Road

MORE IN WORLD
SHOW MORE