നേപ്പാളിൽ തകർന്ന വിമാനം 2012 വരെ ഇന്ത്യയില്‍; മല്യയുടെ കിങ് ഫിഷർ ഉപയോഗിച്ചത്

Yeti-Airline-9-N-ANC
SHARE

നേപ്പാളിലെ പൊഖാരയിൽ തകർന്നു വീണ യതി എയർലന്‍സിന്റെ 9എൻ–എൻസി എടിആർ 72 വിമാനം ഇന്ത്യയില്‍ ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട്. മദ്യ വ്യവസായി വി‍ജയ് മല്യയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന  ഇപ്പോൾ പ്രവർത്തന രഹിതമായ കിംങ് ഫിഷർ എയർലൈൻ മുമ്പ് ഈ വിമാനം ഉപയോഗിച്ചിരുന്നതായി സിറിയം ഫ്ലീറ്റ്സ് ഡാറ്റ റിപ്പോർട്ട് ആണ് വ്യക്തമാക്കുന്നത്. വിമാനങ്ങളെക്കുറിച്ചും വിമാനത്തിന്റെ ഉപകരണങ്ങളെക്കുറിച്ചും വിലയെക്കുറിച്ചുമെല്ലാം പഠനം നടത്തുന്ന സിറിയം ഫ്ലീറ്റ്സിന്റെ ഡാറ്റകൾ പ്രകാരം ഇപ്പോൾ അപകടത്തിൽപെട്ട 9എൻ–എൻസി എടിആർ 72 വിമാനം 2007 ലാണ് കിങ് ഫിഷർ എയർലൻസിനു നൽകിയത്.

2012 വരെ വിമാനം ഇന്ത്യയിലാണ് ഉപയോഗിച്ചത്.പിന്നീട് ഈ വിമാനം തായ്്ലാൻഡിന്റെ നോക്ക് എയർവേസിനു കൈമാറി.2019 ലാണ് വിമാനം നേപ്പാളിന്റെ യതി എയർലൻസിനു വിൽക്കുന്നത്. അറ്റകുറ്റപ്പണികൾക്കായി വിമാനം കുറച്ചു കാലം ‍‍പറക്കാതിരുന്നതായും വിവരമുണ്ട്. വിമാനം ഇപ്പോൾ കെ.എഫ്.ടെർബോ ലീസിംങ്ങിന്റെ ഉടമസ്ഥതിലാണുള്ളതെന്നും ഇൻവെസ്റ്റക് ബാങ്കിന്റെ നിയന്ത്രണത്തിലാണുള്ളതെന്നും  സിറിയം ഫ്ലീറ്റ്സിന്റെ ഡാറ്റകൾ പറയുന്നു. 

നേപ്പാളിലെ പൊഖാരയിൽ ലാൻഡിംങിന് മിനിറ്റുകൾ മുമ്പാണ് വിമാനം തകർന്നു ‌ വീണത്. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഠുവിൽ നിന്നും 68 യാത്രക്കാരും 4 ജീവനക്കാരുമായി  ടൂറ്സ്റ്റ് കേന്ദ്രമായ പൊഖാറയിലേക്കു പോയ  വിമാനം വിമാനത്താവളത്തിനു രണ്ടര കിലോമീറ്റർ അകലെ സെതി നദീതീരത്തു തകർന്നു വീഴുകയായിരുന്നു. 30 വർഷത്തിനിടെ നേപ്പാളിലുണ്ടായ എറ്റവും വലിയ വിമാന ദുരന്തമാണിത്. അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 68 പേരെങ്കിലും ചുരുങ്ങിയത് മരണപ്പെട്ടിട്ടുണ്ടാകാമെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

ഇപ്പോൾ അപകടത്തിൽപെട്ട വിമാനം എടിആർ 72 വിഭാഗത്തിൽ പെട്ടതാണ്.ഫ്രാൻസിലും ഇറ്റലിയിലും വികസിപ്പിച്ചെടുത്ത ഇരട്ട എഞ്ചിൻ ടർബോപ്രോപ്പ്, ഹ്രസ്വ-ദൂര പ്രാദേശിക വിമാനമാണ് എടിആർ–72. ഫ്രഞ്ച് എയ്‌റോസ്‌പേസ് കമ്പനിയായ എയ്‌റോസ്‌പേഷ്യലും ഇറ്റാലിയൻ വ്യോമയാന കമ്പനിയായ എറിറ്റാലിയയും ചേർന്നുള്ള സംയുക്ത സംരംഭമാണ് എടിആർ. വിമാനത്തിന്റെ പരമാവധി സീറ്റിങ് കപ്പാസിറ്റിയെയാണ് 72 സൂചിപ്പിക്കുന്നത്. നേപ്പാളിൽ ഇപ്പോൾ യെതി എയർലൻസിനു പുറമേ ബുദ്ധ എയർലൻസിനു മാത്രമാണ് ഇപ്പോൾ എടിആർ 72 വിമാനങ്ങൾ ഉപയോഗിക്കുന്നത്. 

വിമാനത്തിനുണ്ടായ യന്ത്രത്തകരാറോ അല്ലെങ്കിൽ പൈലറ്റിനുണ്ടായ വീഴ്ചയോ  ആകാം  അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണത്തിനൊടുവിൽ മാത്രമേ കൃത്യമായ കാരണം പുറത്തുവരൂ എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വിമാനം അപകടത്തിൽപെടുന്നതിനു തൊട്ടു മുമ്പുള്ള വിഡിയോ ദൃശ്യങ്ങളിൽ തെളിഞ്ഞ കാലാവസ്ഥയാണുള്ളത്.  അതേസമയം വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് അപകടസ്ഥലത്തു നിന്നും കണ്ടെടുത്തതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Crashed Nepal Plane Was Earlier Owned By Now-Defunct Kingfisher Airlines

MORE IN WORLD
SHOW MORE