യുക്രെയ്നെ നടുക്കി റഷ്യന്‍ മിസൈല്‍ ആക്രമണം; 12 മരണം: 64 പേര്‍ക്ക് പരുക്ക്

russia-attack-new
റഷ്യന്‍ മിസൈല്‍ ആക്രമണം ഉണ്ടായ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഉദ്യോഗസ്ഥര്‍, ചിത്രം : Reuters
SHARE

യുക്രെയ്ന്‍ നഗരങ്ങളില്‍ മിസൈല്‍ ആക്രമണം കടുപ്പിച്ച് റഷ്യ. നിപ്രയില്‍ പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 64 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. സൊളീദാര്‍ നഗരം പിടിച്ചെന്ന് റഷ്യ അവകാശപ്പെട്ടെങ്കിലും യുക്രെയ്ൻ നിഷേധിച്ചു. കിഴക്കൻ നഗരമായ സൊളീദാർ പിടിക്കാനായി ഏതാനും ദിവസങ്ങളായി നടക്കുന്ന കനത്ത പോരാട്ടത്തിന്റെ ഭാഗമായാണ് പുതിയ ആക്രമണങ്ങളെന്നാണ് സൂചന. ഖര്‍കീവ്, ബഖ്മുത് നഗരങ്ങള്‍ കീഴടക്കാന്‍ തീവ്രശ്രമം റഷ്യ നടത്തുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഉപ്പ് ഖനന പട്ടണമായ സൊളീദാർ പിടിച്ചാൽ സമീപനഗരമായ ബഖ്മുത് പിടിക്കാനും യുക്രെയ്ൻ സൈന്യത്തിന് സാധനസാമഗ്രികൾ എത്തിക്കുന്നത് തടയാനും കഴിയുമെന്നതിനാൽ അഭിമാന പോരാട്ടമായാണ് റഷ്യ ഇതിനെ കാണുന്നത്. സൊളീദാറിൽ നിന്ന് യുക്രെയ്ൻ സൈന്യം ഒഴിഞ്ഞുപോകുന്നതായി കണ്ടില്ലെന്നാണ് വാർത്താമാധ്യമങ്ങൾ വ്യക്തമാക്കുന്നത്. യുക്രെയ്ൻ തലസ്ഥാനമായ കീവിലും കിഴക്കൻ നഗരമായ ഖർകീവിലും ശനിയാഴ്ച പുലർച്ചെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ കനത്ത നാശനഷ്ടമുണ്ടായി. വൈദ്യുതി വിതരണം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 

രണ്ട് എസ്–300 മിസൈലുകളാണ് ഖർകീവ് നഗരത്തിൽ പതിച്ചതെന്ന് ഗവർണർ ഒലെഗ് സിനെഹുബോ പറഞ്ഞു. വൈദ്യുതി വിതരണ ശൃംഖലയെയും വ്യവസായ സ്ഥാപനങ്ങളെയും ആക്രമിച്ചതായും അറിയിച്ചു. കീവിൽ ജനവാസം കുറഞ്ഞ മേഖലയിലാണ് മിസൈൽ പതിച്ചത്. സ്ഥലത്ത് തീപിടിത്തമുണ്ടായെങ്കിലും ആളപായമില്ല. കീവിനു പുറത്തുള്ള കോപ്പിലിവിൽ ആളൊഴിഞ്ഞുപോയ വീടുകളുള്ള പ്രദേശത്താണ് മിസൈൽ പതിച്ചത്.

MORE IN WORLD
SHOW MORE