ബ്രസീലിലെ കലാപം അടിച്ചമര്‍ത്തി സൈന്യം; അപലപിച്ച് ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങള്‍

brazil-army-riot
SHARE

ബ്രസീലിലെ കലാപം അടിച്ചമര്‍ത്തി സൈന്യം. മുന്‍ പ്രസിഡന്റ് ജൈര്‍ ബോല്‍സനാരോയെ അനുകൂലിക്കുന്നവര്‍ അമേരിക്കയിലെ കാപ്പിറ്റോള്‍ ആക്രമണ മാതൃകയില്‍ പാര്‍ലമെന്റും സുപ്രീംകോടതിയും പ്രസിഡന്റിന്റെ കൊട്ടാരവും ആക്രമിക്കുകയായിരുന്നു. ഇന്ത്യ അടക്കം ലോകരാജ്യങ്ങള്‍ ആക്രമണത്തെ അപലപിച്ചു

തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്നും  ബ്രസീലിലെ ഇടതു പക്ഷ നേതാവായ പ്രസിഡണ്ട് ലുല ഡസിൽവ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ കുറച്ചു നാളുകളായി നടക്കുന്ന വലതുപക്ഷ പ്രതിഷേധമാണ് ആസൂത്രിത കലാപമായി മാറിയത്. മുൻ പ്രസിഡൻറ് ജൈർ ബൊൽസൊനാരോയെ അനുകൂലിക്കുന്നവർ  പാർലമെന്റിലേക്കും സുപ്രീം കോടതിയിലേക്കും ഇരച്ചുകയറി. പ്രസിഡൻറിൻറെ കൊട്ടാരത്തെയും ആക്രമിച്ചു. സാവോ പോളയിൽ ഔദ്യോഗിക സന്ദർശനത്തിലായിരുന്നതിനാൽ പ്രസിഡൻറ് ലുല ഡസിൽവ  ഔദ്യോഗിക വസതിയിൽ ഉണ്ടായിരുന്നില്ല. സുരക്ഷാ വീഴ്ച കണ്ടു ആദ്യം പകച്ചുപോയ സർക്കാർ സംവിധാനം പിന്നീട് ഉണർന്നു പ്രവർത്തിച്ചു.കലാപകാരികളെ നേരിടാൻ സൈന്യം രംഗത്തിറങ്ങി. ആക്രമണത്തിന് നേതൃത്വം നൽകിയവർ പലരും സൈന്യത്തിന്റെ കസ്റ്റഡിയിലായി.

മന്ത്രിമാരുമായും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയ പ്രസിഡൻറ് ലുല ഡസിൽവ കലാപത്തിൽ പങ്കെടുത്തവരെയും ആസൂത്രണം ചെയ്തവരെയും വെറുതെ വിടില്ലെന്ന് വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ രാജ്യം വിട്ട ബൊൽസൊനാരോ നിലവിൽ അമേരിക്കയിലെ ഫ്ളോറിഡയിലാണ്.അക്രമത്തെ അപലപിച്ച അദ്ദേഹം തനിക്കിതിൽ പങ്കില്ലെന്നും വ്യക്തമാക്കി.ഇന്ത്യയും അമേരിക്കയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആക്രമണത്തെ അപലപിച്ചു.ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ഏതു നീക്കവും ചെറുക്കപ്പെടണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

army suppressing riots in Brazil

MORE IN WORLD
SHOW MORE