‘ഫര്‍ഹ’ ചൊടിപ്പിച്ചു; ഇസ്രയേലുകാര്‍ നെറ്റ്ഫ്ലിക്സ് ഉപേക്ഷിക്കുന്നു

Netflix
SHARE

നെറ്റ്ഫ്ലിക്സില്‍ നിന്നും ഇസ്രയേലുകാരു‌‌ടെ വന്‍ കൊഴിഞ്ഞു പോക്ക്. നെറ്റ്ഫ്ലിക്സില്‍ നിന്നും അണ്‍സബ്സ്ക്രൈബ്  ചെയ്യണമെന്ന് ആഹ്വാനം  ‌ചെയ്ത് നിരവധി ഇസ്രയേല്‍ പ്രമുഖരാണ് ഇതിനോടകം രംഗത്തു വന്നത്. പലസ്തീന്‍ വംശജയായ ജോര്‍ദാനിയന്‍ സംവിധായക ഡാരിന്‍ ജെ സല്ലാം സംവിധാനം ചെയ്ത, ഇസ്രയേലിന്‍റ രൂപീകരണവും അക്കാലത്ത് ഇസ്രയേലി പട്ടാളക്കാര്‍  ന‌‌‌‌ടത്തിയ ക്രൂരകൃത്യവും പ്രമേയമായ ജോര്‍ദാനിയന്‍ ചിത്രം ഫര്‍ഹ നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്തതാണ് ഇസ്രയേലിനെ ചൊടിപ്പി‌ച്ചത്.  ഡിസംബര്‍ ഒന്നു മുതലാണ് ചിത്രം നെറ്റ്ഫ്ലിക്സില്‍ സംപ്രേഷണം തു‌‌ടങ്ങിയത്.

1948 ലെ നക്ബയുടെ ഭാഗമായി ഇസ്രയേലി പ‌ട്ടാളക്കാര്‍ ഒരു ഗ്രാമം അതിക്രമിച്ചു കീഴടക്കുന്നതും  14 വയസുള്ള പെണ്‍കു‌ട്ടി ഇസ്രയേലി പട്ടാളക്കാരാല്‍ അവളു‌‌ടെ കുടുംബം കൊല ചെയ്യപ്പെ‌ടുന്നതിന്  സാക്ഷിയാകേണ്ടി വരുന്നതുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഒരു പിഞ്ചുകുഞ്ഞുള്‍പ്പെ‌ടെ എല്ലാവരും ഇസ്രയേലി പട്ടാളക്കാരാല്‍ കൊല്ലപ്പെ‌‌‌‌ടുമ്പോള്‍ ഒരു മുറിയില്‍ ഒളിച്ചിരുന്നതു കൊണ്ടു മാത്രം പെണ്‍കു‌‌ട്ടി രക്ഷപ്പെ‌ടുന്നു. യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ചത് എന്ന് നിര്‍മാതാക്കള്‍ അവകാശപ്പെ‌‌‌ടുന്ന ചിത്രം 2001 ലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരുന്നു. 

ചിത്രം ഇസ്രയേലിനെ അപകീര്‍ത്തിപ്പെ‌ടുത്തുന്നതാണെന്നും ചിത്രത്തില്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സിനെ ക്രൂരന്‍മാരായി ചിത്രീകരിക്കുകയാണെന്നുമാണ് ചിത്രത്തിനെതിരെ ഉന്നയിക്കുന്ന പ്രധാന ആരോപണം. നക്ബയെക്കുറിച്ച് തെറ്റായ സന്ദേശമാണ് സിനിമ നല്‍കുന്നതെന്നും ആരോപണമുണ്ട് .ചിത്രം നെറ്റ്ഫ്ലിക്സ് സംപ്രഷണം ചെയ്യുന്നതിനെതിരെ തുടക്കത്തില്‍ തന്നെ എതിര്‍പ്പുകളുയര്‍ന്നിരുന്നു.എന്നാല്‍ നെറ്റ്ഫ്ലിക്സ് സംപ്രേഷണവുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു.

നെറ്റ്ഫ്ലിക്സിനെതിരെ നിരവധി ഇസ്രയേലി പ്രമുഖരാണ് ഇതിനോടകം രംഗത്തു വന്നിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷന്‍ റദ്ദാക്കാന്‍ ആഹ്വാനം ചെയ്തുള്ള പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ പലസ്തീന്‍ അനുകൂലികളില്‍ നിന്നും മികച്ച പിന്തുണയാണ് നെറ്റ്ഫ്ലിക്സിന് ലഭിക്കുന്നത്. എല്ലാവരും ചിത്രം കാണണമെന്നും അവര്‍ ആഹ്വാനം ചെയ്യുന്നു.

Israelis are abandoning Netflix due to the streaming of movie 'Farha'.

MORE IN WORLD
SHOW MORE