കൈകൾക്ക് ‘പർപ്പിൾ’ നിറം, കാലുകൾ വിറയ്ക്കുന്നു; എന്തു പറ്റി പുടിന്?

putin-health-report
SHARE

എന്തു പറ്റി പുടിന്? അടുത്തിടെയായി ലോകമെങ്ങും ഉയരുന്ന ഈ ചോദ്യത്തിന്റെ ആക്കം കൂട്ടുകയാണ് ഇന്നലെ പുറത്തുവന്ന ചില ദൃശ്യങ്ങൾ. പല അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ഇപ്പോൾ സൈബർ ലോകത്ത് നിറയുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ക്യൂബൻ പ്രസിഡന്റ് മിഗേൽ ഡൂയസ് കനേലും തമ്മിൽ നടന്ന ഉഭയകക്ഷി ചർച്ചയുടെ ദൃശ്യങ്ങളിലെ പുട്ടിന്റെ രീതികളാണ് അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള ചർച്ചകൾ സജീവമാക്കുന്നത്. 

പുടിന്റെ കൈകള്‍ക്ക് അസാധാരണമായ രീതിയിൽ പർപ്പിൾ നിറമാകുന്നുണ്ടെന്നാണ് ദൃശ്യങ്ങൾ പങ്കുവച്ച് ഒരുഭാഗം ചൂണ്ടിക്കാണിക്കുന്നത്. ക്യൂബൻ പ്രസിഡന്റുമായുള്ള ചർച്ചയ്ക്കിടെ പുടിന്‍ കസേരയിൽ മുറുകെ പിടിക്കുന്നതും അസ്വസ്ഥതയോടെ കാലുകൾ ചലിപ്പിക്കുന്നതും കാണാം. യുക്രെയ്‌ൻ യുദ്ധം തുടങ്ങി എട്ടുമാസം കഴിഞ്ഞിട്ടും റഷ്യയ്ക്ക് വിജയം അകലെയാണ്. ഇതെല്ലാം ചേർത്തുവച്ചാണ് പുടിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമായത്. പുടിൻ അർബുദ ബാധിതനാണെന്ന് ഏതാനും മാസങ്ങൾക്കു മുൻപ് ഒരു യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് വന്നിരുന്നു.

ഈ മാസം ആദ്യം, പുടിന്റെ കൈകളിൽ വിചിത്രമായ അടയാളങ്ങളും കറുപ്പും പടരുന്ന ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു. ഇത് കുത്തിവയ്പ് എടുക്കുന്നതിന്റെ പാടുകൾ ആണെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ കുത്തിവയ്പ് എടുക്കാൻ കഴിയാത്തതിന്റെ തെളിവാണ് കൈകളിലെ കറുത്തപാടുകളെന്ന് ഇവർ പറയുന്നു. ഇതിെനാപ്പം റഷ്യയെ വിരൽത്തുമ്പിൽ െകാണ്ടുനടക്കുന്ന പുട്ടിന് പ്രായം ഏഴുപത് കഴിഞ്ഞു എന്ന സത്യവും.

1962-ലെ ക്യൂബൻ മിസൈൽ പ്രതിസന്ധിക്കുശേഷം പാശ്ചാത്യരാജ്യങ്ങളുമായുള്ള ഏറ്റവും വലിയ ഏറ്റുമുട്ടലിലാണ് ഇപ്പോൾ റഷ്യ. ലോകശക്തികളിൽ മുൻപന്തിയിൽ ഉണ്ടായിട്ടും യുക്രെയ്നിൽ സമ്പൂർണ മേധാവിത്വം നേടാൻ അവർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. വേണമെങ്കിൽ നിമിഷങ്ങൾക്കുള്ളിൽ  കീഴടക്കാനുള്ള ആയുധബലമുള്ള റഷ്യയ്ക്ക് എന്തിനാണ് മാസങ്ങൾ നീണ്ട ഈ കാത്തിരിപ്പ് എന്ന ചോദ്യം ബാക്കിയാണ്. അതോ അതിലും വലുതാണോ പുട്ടിൻ ഉന്നമിടുന്നത്.  പുലി പതുങ്ങുന്നതുപോലെ ഒന്നു പിൻവാങ്ങി വർധിത വീര്യത്തോടെ തിരിച്ചടിക്കുകയാണോ പുട്ടിന്റെ  ലക്ഷ്യം. അങ്ങനെ ചോദ്യങ്ങൾ നീളുന്നു. റഷ്യ, യുദ്ധം, പുട്ടിൻ, ആരോഗ്യം, അങ്ങനെ വിഷയങ്ങൾ ഏറുമ്പോൾ എല്ലാം അവസാനിക്കുന്നത് ഒരു ചോദ്യത്തിലാണ്. എന്തുപറ്റി പുട്ടിന്?

MORE IN WORLD
SHOW MORE