ചരിത്രമായി ബോണ്ട് കാർ, ലേലത്തിൽ ലഭിച്ചത് 25 കോടി രൂപ

ജെയിംസ് ബോണ്ട് ചിത്രമായ നോ ടൈം ടു ഡൈയിലെ സംഘടനരംഗങ്ങളില്‍ ഉപയോഗിച്ച കാര്‍ ലേലത്തില്‍ വിറ്റു. ഇരുപത്തഞ്ചു കോടിയോളം രൂപയ്ക്കാണ് DB5 കാര്‍ വിറ്റുപോയത്. ജെയിംസ് ബോണ്ട് ചിത്രങ്ങളിലെ സ്മരണികളുടെ ലേലത്തിലാണ് കാര്‍ റെക്കോര്‍ഡ് തുകയ്ക്ക് ഒരു അജ്ഞാതന്‍ വാങ്ങിയത്.

സിനിമാപ്രേമികളെ എന്നും ത്രസിപ്പിക്കുന്നുണ്ട് ജെയിംസ് ബോണ്ട് സിനിമകളിലെ സംഘടനരംഗങ്ങള്‍. ആ രംഗങ്ങളില്‍ ആവേശക്കാഴ്ചയാണ് ഓരോ സിനിമയിലും ഉപയോഗിക്കുന്ന കാറുകള്‍. 2021ല്‍ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രമായ നോ ടൈം ടു ഡൈ യില്‍ നായകന്‍ ഡാനിയേല്‍ ക്രയ്ഗ് ഉപയോഗിച്ച DB5 കാര്‍, സിനിമകണ്ടവര്‍ മറക്കില്ല.

ലോകത്താകെ രണ്ട് പകര്‍പ്പുകള്‍ മാത്രമുള്ള ഈ സ്റ്റണ്ട് കാറിന്‍റെ ഒരു പകര്‍പ്പ് വിറ്റുപോയത് 30 ലക്ഷം ഡോളറിനാണ്. ലേലസ്ഥാപനമായ ക്രിസ്റ്റീസിന്‍റെ നേതൃത്വത്തില്‍ നടന്ന ലേലത്തില്‍ ജെയിംസ് ബോണ്ട് സ്മരണികളുടെ ഒരു നിര തന്നെയുണ്ടായിരുന്നു. അജ്ഞാത ടെലിഫോണ്‍ ബിഡറാണ് കാര്‍ സ്വന്തമാക്കിയതെന്ന് ക്രിസ്റ്റീസ് അറിയിച്ചു. ലേലത്തിലൂടെ ലഭിച്ച തുക സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കും.