'ഇതാ റഷ്യൻ ക്രൂരത' ; തടവിലായിരുന്ന സൈനികന്റെ ചിത്രം പങ്കിട്ട് യുക്രെയ്ൻ

soldierukraine-27
ചിത്രം കടപ്പാട്:യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം, ട്വിറ്റർ
SHARE

റഷ്യൻ തടങ്കലിൽ നിന്ന് സ്വതന്ത്രനായ സൈനികന്റെ നടുക്കുന്ന ചിത്രം പങ്കുവച്ച് യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം. മൈഖായെലോ ദയനോവിന്റെ ചിത്രമാണ് പ്രതിരോധ മന്ത്രാലയം ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. സഹപ്രവർത്തകരെ വച്ച് നോക്കിയാൽ മൈഖായേലോ ഭാഗ്യവാനായിരുന്നു. ജീവനോടെ റഷ്യൻ തടവിൽ നിന്ന് പുറത്ത് വന്നല്ലോ. ഇങ്ങനെയാണ് റഷ്യ ജനീവ കൺവെൻഷൻ പാലിക്കുന്നത്. ഇങ്ങനെയാണ് റഷ്യ നാസിസത്തിന്റെ പാരമ്പര്യം കാക്കുന്നത് എന്ന കുറിപ്പോടെയാണ് ട്വിറ്ററിൽ ചിത്രം പങ്കിട്ടിരിക്കുന്നത്. 

മരിയുപോളിൽ വച്ചുണ്ടായ പോരാട്ടത്തിനിടെയാണ് ദയനോവ് റഷ്യൻ പട്ടാളത്തിന്റെ പിടിയിലായതെന്ന് ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. ദയനോവ് ഉൾപ്പടെ 205 യുക്രെയ്ൻ സൈനികരെ റഷ്യ കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു. 

ആരോഗ്യദൃഢഗാത്രനായിരുന്ന സൈനികനിൽ നിന്ന് മുഖത്തും കയ്യിലും മുറിപ്പാടുകളും മർദനമേറ്റതിന്റെ അടയാളങ്ങളുമുള്ള അസ്ഥിപഞ്ജരമായി ദയനോവ് മാറി. നിലവിൽ കീവിലെ സൈനിക ആശുപത്രിയിലാണ് ദയനോവ്. ഗുരുതരാവസ്ഥയിൽ ആയതിനാൽ ദീർഘകാല ചികിൽസ ദയനോവിന് വേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. നിലവിലെ ശാരീരിക അവസ്ഥയിൽ ദയനോവിന് മതിയായ ചികിൽസ നൽകാൻ കഴിയില്ലെന്നും ഭാരം മെച്ചപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങൾ ശ്രദ്ധിച്ച് നടപ്പിലാക്കിയതിന് ശേഷം മാത്രമേ ഓപറേഷനും മറ്റും നടത്താനാവൂവെന്നും അദ്ദേഹത്തെ പരിശോധിച്ച വിദഗ്ധ സംഘം അഭിപ്രായപ്പെട്ടു. 

ശാരീരികമായി മാത്രമാണ് ദയനോവ് ക്ഷീണിതനെന്നും മാനസികമായി അദ്ദേഹം കരുത്തനാണെന്നും വൈദ്യസംഘം പറയുന്നു. തിരികെ ജൻമനാട്ടിൽ എത്തിയതിൽ ദയനോവ് സന്തുഷ്ടനാണെന്നും  ശുദ്ധവായു ശ്വസിക്കാനും സ്വതന്ത്രനായി നടക്കാനും കഴിയുന്നുണ്ടെന്ന് ദയനോവ് പറഞ്ഞതായി കുടുംബാംഗങ്ങൾ അറിയിച്ചു. 

MORE IN WORLD
SHOW MORE