ദശലക്ഷത്തിൽ ഒന്നുമാത്രം, കണ്ടെത്തിയത് അപൂർവ വെള്ളക്കരടിയെ; കടിച്ചുകൊന്ന് ചെന്നായ്ക്കൾ

whitebear
SHARE

വനപ്രദേശങ്ങളിൽ കരടികൾ ധാരാളമായുണ്ടെങ്കിലും അവ സാധാരണയായി തവിട്ടു നിറത്തിലോ കറുപ്പുനിറലോ ആണ് കാണപ്പെടുന്നത്. പൂർണമായും വെള്ളനിറത്തിലുള്ള രോമങ്ങളോടുകൂടിയ കരടികളെ കണ്ടെത്തുന്നത് അപൂർവങ്ങളിൽ അപൂർവമാണ്. ഇത്തരത്തിൽ ഒന്നിനെ മിഷിഗണിലെ ഒരു വനപ്രദേശത്ത് കണ്ടെത്തിയതായി ഏതാനും ദിവസങ്ങൾക്കു മുൻപ് വാർത്തകൾ പുറത്തുവന്നിരുന്നു.  അപൂർവ കാഴ്ചയായതിനാൽ കരടിയുടെ ചിത്രങ്ങൾ ഏറെ പ്രചാരവും നേടി. എന്നാലിപ്പോൾ  അതേ കരടി ചെന്നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന വാർത്തയാണ് പുറത്തുവരുന്നത്.

അപ്പർ പെനിൻസുല മേഖലയിലെ ട്രക്കിങ് ഗൈഡുകളുടെ സമൂഹമാധ്യമ ഗ്രൂപ്പിലൂടെയാണ് കരടിയുടെ അത്യപൂർവ ചിത്രങ്ങൾ പുറത്തുവന്നത്. ധ്രുവ കരടികളോട് സാമ്യം തോന്നുന്ന തരത്തിൽ  ശരീരമാകെ വെളുത്ത നിറത്തിലാണ് കരടി കാണപ്പെട്ടത്. തല ഭാഗത്തുള്ള  രോമങ്ങൾക്ക് മാത്രമാണ് ഇളം തവിട്ടു നിറമുണ്ടായിരുന്നത്. മൃഗങ്ങളുടെ സഞ്ചാരപഥം നിരീക്ഷിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന ക്യാമറകളിലൊന്നിൽ കരടിയുടെ ചിത്രങ്ങൾ പതിയുകയായിരുന്നു.  

നോർത്ത് അമേരിക്കൻ ബെയർ സെന്ററിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം  ലോകത്തിലെ ആകെ കണക്കെടുത്താൽ വെള്ള കരടികളുടെ  എണ്ണം നൂറിനടുത്ത്  മാത്രമേ ഉണ്ടാകൂയെന്നാണ് കണക്ക്. ഇതിൽ തന്നെ ബ്രിട്ടിഷ് കൊളംബിയയ്ക്ക് പുറത്തുള്ളവയുടെ കണക്കെടുത്താൽ  ദശലക്ഷത്തിൽ ഒന്നിന്നു മാത്രമാവും വെള്ള നിറം ഉണ്ടാവുക. അസാധാരണത്വം കൊണ്ട് സ്പിരിറ്റ് ബെയർ എന്നും ഇവ അറിയപ്പെടാറുണ്ട്. ജനിതക പരമായ വ്യത്യാസങ്ങൾ മൂലമാണ് ഇവയുടെ രോമത്തിന് വെളുത്തനിറം ലഭിക്കുന്നത്.

മാറ്റങ്ങളുടെ അടയാളമാണ് വെള്ള കരടികൾ എന്നൊരു വിശ്വാസവും ജനങ്ങൾക്കിടയിൽ പരക്കെയുണ്ട്. കണ്ടെത്തിയ വെള്ളക്കരടിക്ക് രണ്ടു വയസ്സിനടുത്ത് പ്രായമുണ്ടെന്നാണ് കണക്കാക്കുന്നതെന്ന് മിഷിഗൺ ഡിപാർട്ട്മെന്റ് ഓഫ് നാച്വറൽ റിസോഴ്സസിലെ ഉദ്യോഗസ്ഥനായ കോഡി നോർട്ടൻ അറിയിക്കുന്നു. അമേരിക്കൻ ബ്ലാക്ക് ബെയർ ഇനത്തിന്റെ ഉപവിഭാഗമായ കെർമോഡ് ഇനത്തിൽപ്പെട്ടതാണ് വെള്ളക്കരടിയെന്നാണ് നിഗമനം. അപൂർവമായി മാത്രം കാണപ്പെടുന്ന ജീവിയെ നഷ്ടപ്പെട്ടതിന്റെ വിഷമത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ. ബ്രിട്ടിഷ് കൊളംബിയയ്ക്ക് പുറത്ത് 2004 ന് ശേഷം ആദ്യമായി കണ്ടെത്തുന്ന വെള്ളക്കരടിയായിരുന്നു ഇത്. 

MORE IN WORLD
SHOW MORE