യുവാവിന് ലോട്ടറി അടിച്ചത് 1508 കോടി രൂപ; പേര് വെളിപ്പെടുത്തിയില്ല, രഹസ്യം

euro-lottry
SHARE

വെള്ളിയാഴ്ച നടന്ന യൂറോ മില്യൺസ് നറുക്കെടുപ്പിൽ 171 മില്യൺ പൗണ്ട് (ഏതാണ്ട് 1508 കോടിയിലേറെ രൂപ) ലോട്ടറി അടിച്ചുവെന്ന അവകാശവാദവുമായി യുകെ സ്വദേശിയായ യുവാവ് രംഗത്ത്. ലോട്ടറി ഓപ്പറേറ്റർ കാംലോട്ട് ആണ് ഇക്കാര്യം അറിയിച്ചതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. യുകെ സ്വദേശി രാജ്യത്ത് ഈ വർഷം നടന്ന നറുക്കെടുപ്പുകളിൽ ഏറ്റവും വലിയ മൂന്നാമത്തെ സമ്മാനമായ 171,815,297.80 പൗണ്ട് ആണ് നേടിയതെന്നും റിപ്പോർട്ടിൽ പറയുന്നു. 

വിജയിയെ അഭിനന്ദിച്ച കാംലോട്ട്, അദ്ദേഹത്തിന്റെ ജീവിതത്തിൽ പുതിയൊരു വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നതെന്നും പറഞ്ഞു. ടിക്കറ്റ് പരിശോധിച്ച് പണം ലഭിച്ച ശേഷം വിജയിക്ക് തീരുമാനിക്കാം തന്റെ വിവരങ്ങൾ പുറത്തുവിടണോ വേണ്ടയോ എന്ന്. ഈ വർഷം ആറു പേർ കൂടി യൂറോ മില്യൺസ് ജാക്ക്പോട്ട് നേടിയിരുന്നു. 

ഇതിൽ ഏറ്റവും വലിയ വിജയം ജൂലൈ 19ന് ആയിരുന്നു. അന്ന് 195 മില്യൺ പൗണ്ട് (ഏതാണ്ട് 1720 കോടിയിലേറെ രൂപ) ആയിരുന്നു സമ്മാനം ലഭിച്ചത്. ഇക്കഴിഞ്ഞ മേയിൽ 184 മില്യൺ പൗണ്ടാണ് (1623 കോടിയിലേറെ രൂപ) രണ്ടാമത്തെ വലിയ സമ്മാനം നേടിയവർക്ക് ലഭിച്ചത്. ഇത് നേടിയ ജോയും ജെസ്സും പൊതുജനങ്ങളുമായി ഇക്കാര്യം പങ്കുവയ്ച്ചിരുന്നു. എന്നാൽ, 195 മില്യൺ പൗണ്ട് ലഭിച്ച വ്യക്തി അദ്ദേഹത്തിന്റെ പേരുവിവരങ്ങൾ പുറത്തുവിടാൻ അനുവദിച്ചില്ല.

സെപ്റ്റംബർ രണ്ടിനു നടന്ന നറുക്കെടുപ്പിൽ 110 മില്യൺ പൗണ്ടും ഫെബ്രുവരി നാലിന് നടന്ന നറുക്കെടുപ്പിൽ 109 മില്യൺ പൗണ്ടും ജൂൺ 10ന് നടന്ന നറുക്കെടുപ്പിൽ 54 മില്യൺ പൗണ്ടും നേടിയവരും ഈ വർഷം തന്നെ വമ്പൻ തുക സമ്മാനം ലഭിച്ചവരാണ്. ഇവർ എല്ലാവരും അവരുടെ പേരു വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

MORE IN INDIA
SHOW MORE