ഷി വീട്ടുതടങ്കലിലോ ക്വാറന്റീനിലോ? ഒന്നും പറയാതെ ചൈന; വ്യാഖ്യാനങ്ങൾ പടരുന്നു

xi-jinping
SHARE

ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനെ അട്ടിമറിയിലൂടെ പുറത്താക്കിയെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുമ്പോൾ അദ്ദേഹം എവിടെയെന്ന ചോദ്യമാണ് ഉയരുന്നത്. ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) തലപ്പത്തുനിന്ന് മാറ്റിയ ഷിയെ വീട്ടുതടങ്കലിലാക്കിയതായാണ് കിംവദന്തി. 

ഉസ്ബെക്കിസ്ഥാനിലെ ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഷി പോയിരുന്നു. രാജ്യത്തിന് പുറത്തുപോകുന്ന ആളുകളെ നിർബന്ധിത ക്വാറന്റീനു വിധേയരാക്കുന്ന ‘സീറോ കോവിഡ് പോളിസി’യുടെ ഭാഗമായി പ്രസിഡന്റ് മാറിനിൽക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തുടങ്ങിയ നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു. വിഷയത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെയോ ഒൗദ്യോഗിക മാധ്യമത്തിന്റെയോ വിശദീകരണം ഉണ്ടായിട്ടില്ല.

എഴുത്തുകാരൻ ഗോർഡൻ ജി ചാങ് ട്വിറ്ററിൽ പങ്കുവച്ച വിഡിയോയിൽ സൈനിക വാഹനങ്ങൾ ബെയ്ജിങ്ങിൽനിന്ന് 80 കിലോമീറ്റർ അകലെയുള്ള സാങ്ജാകുവിലേക്ക് പോകുന്നതായി കാണാം. സെപ്റ്റംബർ 22ന് നടന്ന സംഭവമാണിത്. ഇതുവച്ചു നോക്കുമ്പോൾ ഷി വീട്ടുതടങ്കലിൽ ആണെന്നത് വെറും കിംവദന്തി മാത്രമാണെന്ന് പറയുന്നു. പ്രസിഡന്റ് ക്വാറന്റീനിലായിരിക്കുമെന്നാണു ചൈനീസ് വിദഗ്ധൻ ആദിൽ ബ്രാർ പറയുന്നത്. കിംവദന്തികൾ പരിശോധിക്കേണ്ടതുണ്ടെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ചൂണ്ടിക്കാട്ടി.

ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഔദ്യോഗിക സമാപനത്തിന് കാത്തുനില്‍ക്കാതെയാണ് ഷി മടങ്ങിയത്. ഇതിനുപിന്നാലെ ആറായിരത്തിലേറെ വിമാന സർവീസുകൾ ചൈന മുന്നറിയിപ്പില്ലാതെ റദ്ദാക്കിയെന്ന അഭ്യൂഹം പരന്നു. ബെയ്ജിങ്ങിലേക്ക് വരുന്നതും അവിടെനിന്നു പോകുന്നതുമായ സർവീസുകൾ ഇതില്‍ ഉള്‍പ്പെടും. നഗരത്തില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വിമാന സര്‍വീസ് റദ്ദാക്കിയതിനു പിന്നാലെയാണ്‌ ഷി വീട്ടുതടങ്കലിലാണെന്ന അഭ്യൂഹം ശക്തമായത്.

MORE IN WORLD
SHOW MORE