റിസർവ് സൈന്യത്തെ വിന്യസിക്കാൻ നീക്കം; റഷ്യയിൽ വ്യാപക പ്രതിഷേധം

russia
SHARE

യുക്രെയ്നെതിരായ യുദ്ധത്തില്‍ മൂന്നുലക്ഷം റിസര്‍വ് സൈനികരെ വിന്യസിക്കാനുള്ള പ്രസിഡന്റ് വ്ലാഡിമര്‍ പുട്ടിന്റെ തീരുമാനത്തിന് പിന്നാലെ റഷ്യയില്‍ വ്യാപക പ്രതിഷേധം. ആയിരത്തിലധികം പേരെ അറസ്റ്റ് ചെയ്തു. റഷ്യയില്‍നിന്ന് അയല്‍രാജ്യങ്ങളിലേക്ക് കൂട്ടപ്പലായനവും തുടങ്ങി. അതേസമയം റിസര്‍വ് സൈനികരോട് ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ട് അധികൃതര്‍ നോട്ടിസ് നല്‍കാന്‍ ആരംഭിച്ചു. 

റിസര്‍വ് സൈന്യത്തെ വിന്യസിക്കാനുള്ള തീരുമാനം വന്നതിനു പിന്നാലെ ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. സെന്റ്പീറ്റേഴ്സ്ബര്‍ഗിലും മോസ്കോയിലും ഉള്‍പ്പെടെ വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. സൈന്യത്തിനൊപ്പം ചേരാന്‍ നോട്ടിസ് ലഭിച്ചവരും പ്രതിഷേധത്തില്‍ അണിനിരന്നു. പ്രതിഷേധത്തെ റഷ്യന്‍ പൊലീസ് അതിക്രൂരമായാണ് നേരിട്ടത്. ലാത്തിച്ചാര്‍ജ് നടത്തുകയും ആളുകളെ തല്ലിച്ചതക്കുകയും ചെയ്തു. ആയിരത്തി മൂന്നൂറോളം പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. പ്രതിഷേധത്തിന് ആഹ്വാനം നല്‍കുകയോ പ്രതിഷേധത്തില്‍ പങ്കെടുക്കുകയോ ചെയ്താല്‍ 15 വര്‍ഷം തടവുവരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തുമെന്ന് പൊലീസ് മുന്നറിയിപ്പുനല്‍കി. മുന്‍പ് ഹ്രസ്വ സൈനിക പരിശീലനം നേടിയവരാണ് റിസര്‍വ് സൈന്യത്തിലുള്ളത്.  എന്നാല്‍ ഒരിക്കല്‍ പോലും സൈനിക പരശീലനം ലഭിക്കാത്ത യുവാക്കള്‍ക്കും ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ട് നോട്ടിസ് ലഭിക്കുന്നുണ്ട്.   ഇതോടെ  റഷ്യയില്‍നിന്ന് അയല്‍ രാജ്യങ്ങളായ ജോര്‍ജിയ, ഫിന്‍ലന്‍ഡ് എന്നിവിടങ്ങളിലേക്ക് കരമാര്‍ഗം വന്‍തോതില്‍ പലായനം തുടങ്ങി. ജോര്‍ജിയന്‍ അതിര്‍ത്തിയില്‍ അഞ്ചുകിലോമീറ്ററിലധികം നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. സ്ഥിതിഗതികള്‍‌ നിരീക്ഷിച്ചുവരികയാണെന്ന് ഫിന്‍ലന്‍ഡും അറിയിച്ചു. തുര്‍ക്കി, അര്‍മേനിയ, ദുബായ് തുടങ്ങിയ രാജ്യങ്ങളിലേക്ക് വിമാനമാര്‍ഗം പോകുന്നവരുടെ എണ്ണവും വര്‍ധിച്ചു. 

MORE IN WORLD
SHOW MORE