അഫ്ഗാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസം; യുഎൻ ഉച്ചകോടിയിൽ വിതുമ്പി സൊമയാ ഫാറൂഖി

afganwb
SHARE

വിദ്യാഭ്യാസസംരക്ഷണത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ഉച്ചകോടിയില്‍ വിതുമ്പിക്കരഞ്ഞ് അഫ്‍ഗാനിസ്ഥാന്‍ റൊബോട്ടിക്സ് വനിതാ ടീം മുന്‍ ക്യാപ്റ്റന്‍ സൊമയാ ഫാറൂഖി. അഫ്‍ഗാനിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കപ്പെടുന്നതായി സൊമയാ ഫാറൂഖി പറഞ്ഞു. പ്രശ്നത്തില്‍ ലോകനേതാക്കള്‍ ഇടപെടണമെന്നും സൊമയാ അഭ്യര്‍ഥിച്ചു.

അഫ്ഗാനിസ്ഥാനില്‍ നിന്ന് ലോകപ്രശസ്തിയിലേക്കുയര്‍ന്ന റൊബോട്ടിക്സ് ടീം, താലിബാന്‍‌ മേധാവിത്വത്തെ തുടര്‍ന്ന് ഖത്തര്‍ വഴി അമേരിക്കയിലേക്ക് പലായനം ചെയ്തിരുന്നു. അഫ്ഗാനില്‍ തുടരാനാകാത്ത സാഹചര്യത്തിലായിരുന്നു പലായനം. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ളിയോടനുബന്ധിച്ച് സംഘടിപ്പിച്ച ട്രാന്‍സ്ഫോമിങ് എജ്യുക്കേഷന്‍ ഉച്ചകോടിയിലാണ് നിലവില്‍ അഫ്ഗാനിലെ പെണ്‍കുട്ടികളുടെ അവസ്ഥ വിവരിച്ച് സൊമയാ ഫാറൂഖി വിതുമ്പിയത്. 

കൗമാരക്കാരായ മിക്ക പെണ്‍കുട്ടികള്‍ക്കും ഇപ്പോള്‍ സ്കൂളുകളില്‍ പ്രവേശനമില്ല. കഴിഞ്ഞ വര്‍ഷം ഇതേസമയം ക്ലാസ് മുറിയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് ക്ലാസുകളില്‍ പ്രവേശനമില്ല. ഈ അവസ്ഥ മാറുന്നതിനായി ലോകനേതാക്കളുടെ ഇടപെടലും സൊമയാ അഭ്യര്‍ഥിച്ചു. മാര്‍ച്ചില്‍ പെണ്‍കുട്ടികള്‍ക്ക് സ്കൂളുകളില്‍ പ്രവേശനം അനുവദിക്കുമെന്ന് താലിബാന്‍  പറഞ്ഞെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. വിദ്യാഭ്യാസത്തിന് പെണ്‍കുട്ടികള്‍ക്കുള്ള എല്ലാ നിയന്ത്രണങ്ങളും പിന്‍വലിക്കണമെന്ന് ഉച്ചകോടിയില്‍ യുഎന്‍ സെക്രട്ടറി അന്‍റോണിയോ ഗുട്ടെറെസ് താലിബാനോട് ആവശ്യപ്പെട്ടു.

MORE IN WORLD
SHOW MORE