മണൽത്തിട്ടയിൽ കുടുങ്ങി; ജീവനറ്റത് ഇരുനൂറോളം തിമിംഗലങ്ങൾക്ക്; കണ്ണീർ

whale-death
SHARE

ടാസ്മാനിയയുടെ പടിഞ്ഞാറൻ തീരമേഖലയിലെ മക്വാറി ഹാർബറിലെ മണൽത്തിട്ടയിൽ കുടുങ്ങി ചത്തത് ഇരുനൂറോളം തിമിംഗലങ്ങൾ. ബുധനാഴ്ചയാണ് 230 തിമിംഗലങ്ങൾ അടങ്ങുന്ന കൂട്ടം തീരമേഖലയിൽ കുടുങ്ങിയത്. തിമിംഗലങ്ങൾ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ബുധനാഴ്ച തന്നെ രക്ഷാപ്രവർത്തനവും ആരംഭിച്ചിരുന്നു. സമുദ്രജീവി സംരക്ഷകരുടെ നേതൃത്വത്തിൽ നടക്കുന്ന രക്ഷാദൗത്യം തുടരുകയാണ്.

കുടുങ്ങിക്കിടക്കുന്നവയെല്ലാം പൈലറ്റ് വെയ്ൽ ഇനത്തിൽപ്പെട്ട തിമിംഗലങ്ങളാണ്. 230 തിമിംഗലങ്ങളിൽ 35 എണ്ണം മാത്രമാണ് രക്ഷാപ്രവർത്തനം ആരംഭിക്കുന്ന സമയത്ത് ജീവനോടെ അവശേഷിച്ചത്. ഇവയിൽ 32 എണ്ണത്തിനെ രക്ഷിച്ച് തിരികെ കടലിലേക്ക് അയക്കാൻ സാധിച്ചതായി ദൗത്യസംഘം പറയുന്നു. ശേഷിക്കുന്ന മൂന്ന് തിമിംഗലങ്ങൾ തീരത്തിന്റെ  പടിഞ്ഞാറെ അറ്റത്താണ് കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവർത്തകർക്ക് ഇവിടേക്കെത്തിച്ചേരാൻ ബുദ്ധിമുട്ടുകളുണ്ട്. വേലിയേറ്റമാണ് പ്രധാന തടസ്സം. അതിനാൽ നാളെ പുലർച്ചെ മാത്രമേ ഇവയെ രക്ഷിക്കാനുള്ള നീക്കങ്ങൾ ആരംഭിക്കാനാവൂ.

ചത്ത നിലയിൽ കണ്ടെത്തിയ തിമിംഗലങ്ങളുടെ ജഡങ്ങൾ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങളാണ് നിലവിൽ നടക്കുന്നത്. ടാസ്മാനിയയിൽ ഈയാഴ്ച ഇത് രണ്ടാം തവണയാണ് തിമിംഗലങ്ങൾ കൂട്ടമായി കുടുങ്ങി കിടക്കുന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 

MORE IN WORLD
SHOW MORE