പുതിയ യുദ്ധതന്ത്രവുമായി റഷ്യ; യുക്രെയ്ന്റെ കിഴക്കൻ,തെക്കൻ മേഖലകളിൽ ഹിതപരിശോധന

russia
SHARE

യുക്രെയിനിലെ അധിനിവേശ മേഖലകളില്‍ ഹിതപരിശോധനയ്ക്കൊരുങ്ങി റഷ്യ. ലുഹാന്‍സ്ക്, ഡോണസ്ക് മേഖലകളിലും ഖേഴ്സണ്‍, സപോര്‍ഷ്യ പ്രവിശ്യകളിലുമാണ് ഹിത പരിശോധന നടത്തുന്നത്. വ്യാജ ഹിതപരിശോധനകള്‍ നിലവിലെ സാഹചര്യങ്ങള്‍ക്ക് മാറ്റം വരുത്തില്ലെന്ന് യുക്രെയ്ന്‍ പ്രതികരിച്ചു

യുക്രെയ്ന്‍ ശക്തമായ തിരിച്ചടി തുടരുന്ന സാഹചര്യത്തിലാണ് വിവിധ മേഖലകളില്‍ ഒരേസമയം ഹിത പരിശോധനയ്ക്ക് റഷ്യ നീക്കം നടത്തുന്നത്. ഈ മാസം 23 മുതല്‍ 27 വരെയാണ് യുക്രെയ്നിലെ ലുഹാന്‍സ്ക്, ഡോണസ്ക് മേഖലകളിലും ഖേഴ്സണ്‍, സപോര്‍ഷ്യ പ്രവിശ്യകളിലും  ഹിത പരിശോധന . റഷ്യന്‍ അനുകൂല ഭരണകൂടങ്ങളുള്ള ലുഹാന്‍സ്ക്, ഡോണസ്ക് മേഖലകളെ കഴിഞ്ഞ ഫെബ്രുവരിയില്‍ സ്വതന്ത്ര രാജ്യങ്ങളായി റഷ്യ പ്രഖ്യാപിച്ചിരുന്നു. ഹിത പരിശോധന അനുകൂലമായാല്‍ ഉടന്‍ റഷ്യയുടെ ഭാഗമായി അംഗീകരിക്കണമെന്ന് ഈ മേഖലകളുടെ ഗവര്‍ണര്‍മാര്‍ അഭ്യര്‍ഥിച്ചു. യുക്രെയ്നില്‍ സൈനിക നടപടി  തുടങ്ങുമ്പോള്‍തന്നെ ലുഹാന്‍സ്കും ഡോണസ്കും ഉള്‍പ്പെടുന്ന ഡോണ്‍ബാസ് മേഖല സ്വന്തമാക്കുകയാണ് റഷ്യയുടെ ലക്ഷ്മെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു.  റഷ്യന്‍ സൈന്യം അതിക്രമിച്ചുകയറി നിയന്ത്രണം സ്ഥാപിച്ച ഖേഴ്സണ്‍, സപോര്‍ഷ്യ പ്രവിശ്യകളും ഹിത പരിശോധന നടത്തുമെന്ന് പ്രഖ്യാപിച്ചു. റഷ്യ നിയമിച്ച ഭരണാധികാരികളാണ് ഇവിടെ അധികാരത്തിലുള്ളത്. അതാതു മേഖലകളിലെ ജനങ്ങളാണ് റഷ്യയോടൊപ്പം ചേരണോ എന്നതില്‍  തീരുമാനമെടുക്കേണ്ടതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗെയ് ലാവ്‌റോവ് പറഞ്ഞു. എന്നാല്‍ പരാജയഭീതിയാണ് ഹിതപരിശോധനയ്ക്ക് റഷ്യയെ പ്രേരിപ്പിക്കുന്നതെന്നും വ്യാജ ഹിതപരിശോധനകള്‍ യാതൊരു മാറ്റവും വരുത്തില്ലെന്നും യുക്രെയ്ിന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബയും പ്രതികരിച്ചു. യുദ്ധത്തെ തുടര്‍ന്ന് ഉപരോധം ശക്തമാവുകയും യുക്രെയ്ന്‍ സൈന്യം ശക്തിമായ തിരിച്ചടി നടത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഡോണ്‍ബാസ് മേഖല അധീനതയിലാക്കി യുദ്ധം അവസാനിപ്പിക്കാനാണ് റഷ്യന്‍ ശ്രമമെന്നും സൂചനയുണ്ട്. 2014 ല്‍ സമാനമായ രീതിയിലാണ് ക്രൈമിയയുടെ നിയന്ത്രണം റഷ്യ ഏറ്റെടുത്തത്. 

MORE IN WORLD
SHOW MORE