6.8 രേഖപ്പെടുത്തിയ ഭൂകമ്പം; കളിപ്പാട്ടം പോലെ ആടിയുലഞ്ഞ് ട്രെയിൻ; വിഡിയോ

train-earthquake
ഡോങ്‌ലി സ്റ്റേഷനിൽ പാളം തെറ്റിയ ട്രെയിൻ. (Photo by Handout / Taiwan Railways Administration / AFP)
SHARE

തയ്‌വാനിൽ ശക്തമായ നാശനഷ്ടങ്ങൾ വരുത്തി റിക്ടർ സ്കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂകമ്പം. കുറഞ്ഞത് 3 കെട്ടിടങ്ങൾ തകർന്നു. റോഡുകൾ, പാലങ്ങൾ എന്നിവയ്ക്കു നാശനഷ്ടം ഉണ്ടായി. വിവിധ ട്രെയിനുകൾ പാളം തെറ്റി. പ്രാദേശിക സമയം ഞായർ ഉച്ചയ്ക്ക് 2.44നാണ് ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു.

തൈതുങ് കൗണ്ടിയാണ് പ്രഭവകേന്ദ്രം. മേഖലയിൽ ശനിയാഴ്ച വൈകുന്നേരം 6.4 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു. ആരും മരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഹുവാലിയെനിലെ യൂലി ടൗൺഷിപ്പിൽ മൂന്നുനിലക്കെട്ടിടം തകർന്നുവീണു. ഇവിടെ കുടുങ്ങിക്കിടന്ന നാലുപേരെ രക്ഷപ്പെടുത്തി. മേഖലയിലെ മറ്റു രണ്ടു കെട്ടിടങ്ങൾക്കൂടി തകർന്നെങ്കിലും ആരും അതിനുള്ളിൽ ഇല്ലായിരുന്നു. രണ്ടു പാലങ്ങൾ തകർന്നു. മറ്റു രണ്ടെണ്ണത്തിന് നാശനഷ്ടമുണ്ടായിട്ടുണ്ട്.

ഹുവാലിയെനിലെ ഡോങ്‌ലി സ്റ്റേഷനിൽ ഒരു ട്രെയിൻ പാളംതെറ്റിയതായി തയ്‌വാൻ റെയിൽവെ അഡ്മിനിസ്ട്രേഷൻ (ടിആർഎ) അറിയിച്ചു. സൂനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനിടെ, ഭൂകമ്പത്തിൽ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ ആടിയുലയുന്നതിന്റെ വിഡിയോ പുറത്തുവന്നു. തലസ്ഥാനമായ തായ്‌പെയിലും തെക്കുപടിഞ്ഞാറൻ നഗരമായ കാവോസിയുങ്ങിലും പ്രകമ്പനം എത്തി. തുടർ ചലനങ്ങൾ ഉണ്ടായേക്കുമെന്നും കരുതിയിരിക്കണമെന്നും തയ്‌വാൻ പ്രസിഡന്റ് സായ് ഇങ്–വെൻ മുന്നറിയിപ്പു നൽകി. ചില മേഖലകളിലെ ജല, വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

MORE IN WORLD
SHOW MORE