ചിലെയിൽ ദിനംപ്രതി വളരുന്ന കുഴി; ലിബർട്ടി പ്രതിമയെ വിഴുങ്ങുമോ?; ദുരൂഹത

pit
SHARE

ചിലെയുടെ തലസ്ഥാന നഗരമായ സാന്റിയാഗോയിൽ നിന്ന് 800 കിലോമീറ്റർ വടക്കുമാറി ടിയാറ അമരില്ല എന്ന പട്ടണത്തിനു സമീപമുള്ള ഗ്രാമമേഖലയിൽ പ്രത്യക്ഷപ്പെട്ട വിചിത്രഗർത്തം വളരുന്നതായി ശാസ്ത്രജ്ഞരുടെ പഠനം. ജൂലൈ 30നാണ് ഈ കുഴി ആദ്യം പ്രത്യക്ഷപ്പെട്ടത്. 104 അടി വിസ്തീർണമുണ്ടായിരുന്നു ഈ ഗർത്തത്തിന് അപ്പോൾ. എന്നാൽ ഇപ്പോൾ ഇതിന്റെ വ്യാസവും ആഴവും ഒരുപാട് കൂടിയിട്ടുണ്ട്. യുഎസിലെ അതിപ്രശസ്ത പ്രതിമയായ സ്റ്റാച്യു ഓഫ് ലിബർട്ടിയെ മൊത്തത്തിൽ മൂടുന്ന നിലയിലായിട്ടുണ്ട് കുഴിയുടെ വലുപ്പമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

ചിലെയിലെ അൽകാപറോസ ചെമ്പുഖനിയുടെ അടുത്തായാണ് ഗർത്തം രൂപപ്പെട്ടത്. ലുൻഡിൻ മൈനിങ് എന്ന ഖനന കമ്പനിയാണ് അൽകാപറോസയിൽ ഖനനം നടത്തുന്നത്. ആർക്കും പരുക്കോ ജീവാപായമോ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഗർത്തത്തിലേക്ക് ആരും വീഴാതിരിക്കാനായി ഇതിനു ചുറ്റും കമ്പിവേലി ഉൾപ്പെടെ ബന്തവസ് സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. സിങ്ക്ഹോൾ എന്ന തരത്തിലുള്ള ഗർത്തമാണ് അൽകാപറോസയിൽ ഉണ്ടായിരിക്കുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഭൗമോപരിതലത്തിനു താഴെ വെള്ളം പുറത്തേക്കു പോകാൻ പറ്റാത്ത സ്ഥിതിയിൽ തളംകെട്ടുന്നതാണ് സിങ്ക്ഹോളുകളുടെ രൂപീകരണത്തിലേക്കു നയിക്കുന്നത്. 

ഖനിപ്രദേശങ്ങളിൽ ഇവ പലപ്പോഴും ഉണ്ടാകാറുണ്ട്. ഖനനത്തിന്റെ ഭാഗമായി മണ്ണും മറ്റും നീക്കി അവിടെ വെള്ളം തളംകെട്ടുന്നതാണ് ഇതിനു കാരണമാകുന്നത്. സിങ്ക്ഹോളുകൾ ഭൂമിക്ക് കീഴിലുള്ളത് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകും. വർഷങ്ങളോളം ഇങ്ങനെ മറഞ്ഞുകിടക്കുന്ന ഇവ പെട്ടെന്നൊരു ദിവസമാകും തുറക്കപ്പെടുന്നത്. അങ്ങനെ തുറക്കുമ്പോൾ ചിലപ്പോൾ വീടുകളും കാറുകളും ആളുകളുമൊക്കെ ഇവയ്ക്കുള്ളിലേക്കു വീഴാനും സാധ്യതയുണ്ട്. എന്നാൽ അമിതമായി നടക്കുന്ന ഖനനത്തിന്റെ പ്രത്യാഘാതമാണ് ഇതെന്നാണ് ടിയാറ അമരില്ലയിലെ ജനങ്ങൾ അഭിപ്രായപ്പെടുന്നത്. നാളുകളായി അൽകാപറോസയിൽ നടക്കുന്ന ഖനനം ഇവിടെ ജനങ്ങളുടെ സ്വൈര്യജീവിതത്തെ ബാധിക്കുന്നെന്നും ആളുകൾ അഭിപ്രായപ്പെടുന്നു.

ഇതോടെ ഖനന മേഖലയുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളിലും സുരക്ഷാ നടപടികളിലും മാറ്റങ്ങൾ കൊണ്ടുവരാൻ ചിലെ തുടക്കമിട്ടിട്ടുണ്ട്. അടുത്തിടെ ഒരു ഖനിയിൽ സ്‌ഫോടനമുണ്ടായി 2 തൊഴിലാളികൾ മരിച്ച സംഭവവുമുണ്ടായിരുന്നു. ഇതെത്തുടർന്ന് ഇന്‌റർനാഷനൽ ലേബർ ഓർഗനൈസേഷൻ ചട്ടങ്ങൾ രാജ്യത്തു പ്രാവർത്തികമാക്കാനൊരുങ്ങുകയാണ് ചിലെ സർക്കാർ. ഇതോടൊപ്പം തന്നെ പുതിയ വൻകുഴിക്കു കാരണമായ ഖനന കമ്പനിക്കു മേൽ നിയമനടപടികളും കനത്ത പിഴയും ചുമത്താനും ചിലെയിൽ നീക്കമുണ്ട്.

MORE IN WORLD
SHOW MORE