വഴിതെറ്റി; ആര്‍ട്ടിക്കില്‍ നിന്ന് ഫ്രാന്‍സിലെ നദിയിലെത്തി ബെലൂഗ തിമിംഗലം; ആശങ്ക

france-river
SHARE

ലോകത്തെ തിമിംഗല വര്‍ഗങ്ങളില്‍ അപൂര്‍വമെന്ന് കണക്കാക്കുന്ന തിമിംഗലങ്ങളാണ് തൂവെള്ള നിറത്തിലുള്ള ബെലൂഗ തിമിംഗലങ്ങള്‍. ആര്‍ട്ടിക് സമുദ്രത്തില്‍ കാണപ്പെടുന്ന, കാഴ്ചയില്‍ ഡോള്‍ഫിനോട് സാദൃശ്യം തോന്നിക്കുന്ന ഈ തിമിംഗലങ്ങളിലൊന്നാണ് വഴി തെറ്റി ഫ്രാന്‍സിലേക്കെത്തിയത്. ഫ്രാന്‍സിലെ സീന്‍ നദിയിലാണ് ഈ തിമിംഗലങ്ങളിലൊന്നിനെ കണ്ടെത്തിയത്. തണുത്ത കാലാവസ്ഥയില്‍ മാത്രം ജീവിക്കാന്‍ കഴിയുന്ന ബെലൂഗ തിമിംഗലം ഫ്രാന്‍സിലെ നദിയില്‍ എങ്ങനെയെത്തിപ്പെട്ടു എന്നത് ഗവേഷകരെ കുഴക്കുന്ന ചോദ്യമാണ്. അതേസമയം തന്നെ തിമിംഗലത്തിന് ഇവിടെ നിന്ന് സുരക്ഷിതമായി മടങ്ങി പോകാന്‍ കഴിയുമോയെന്ന കാര്യത്തിലും ഗവേഷകര്‍ക്ക് ആശങ്കയുണ്ട്.

ഈ ബെലൂഗ തിമിംഗലത്തിന്‍റെ ആരോഗ്യസ്ഥിതി തന്നെ നിലവില്‍ ആശങ്കയുണര്‍ത്തുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു. സാധാരണ ബെലൂഗ തിമിംഗലങ്ങളേക്കാളും ശരീരം ക്ഷിണിച്ച്, തൂക്കം കുറഞ്ഞ അവസ്ഥയിലാണ് സീന്‍ നദിയില്‍ കണ്ടെത്തിയ തിമിംഗലമുള്ളത്. ഓഗസ്റ്റ് രണ്ടാം തീയതിയാണ് ഈ തിമിംഗലത്തെ ആദ്യമായി ഈ മേഖലയില്‍ കണ്ടത്. ഇംഗ്ലിഷ് ചാനല്‍ കടല്‍ മേഖലയില്‍ നിന്ന് പാരിസ് വരെയുള്ള സീന്‍ നദിയുടെ മേഖലയിലാണ് ഈ തിമിംഗലം ഇപ്പോഴുള്ളത്. കൃത്യമായി പറഞ്ഞാല്‍ പാരിസില്‍ നിന്ന് ഏതാണ്ട് 70 കിലോമീറ്റര്‍ അകലെ.

ഈ തിമിംഗലത്തെ സുരക്ഷിതമായി അതിന്‍റെ ആവാസ വ്യവസ്ഥയിലേക്ക് തന്നെ തിരികെയെത്തിക്കാനുള്ള പദ്ധതിക്ക് ഇതിനിടെ തന്നെ രൂപം നല്‍കിയിട്ടുണ്ട്. ഫ്രാന്‍സിലെ സീ ഷെപര്‍ഡ് എന്ന സംഘടനയും അധികൃതരും ചേര്‍ന്നാണ് ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ ഇത് എത്രത്തോളം വിജയകരമാകുമെന്ന കാര്യത്തില്‍ ഇവര്‍ക്കും ആശങ്കയുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനിടയിലോ, അതിന് മുന്‍പോ തിമിംഗലത്തിന്‍റെ നിലവിലെ ആരോഗ്യസ്ഥിതി വച്ച് അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്നും ഇവര്‍ പറയുന്നു. 

ഇപ്പോള്‍ ഈ തിമിംഗലത്തെ വീണ്ടും കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. ഡ്രോണുകളും സെന്‍സറുകളും ഉപയോഗിച്ചാണ് ഈ ശ്രമങ്ങള്‍ പുരോഗമിക്കുന്നത്. തിമിംഗലത്തെ കണ്ടെത്തിയാല്‍ അതിനാവശ്യമായ ഭക്ഷണം നല്‍കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. അതേസമയം തന്നെ നദിയിലൂടെ ബോട്ടില്‍ സഞ്ചരിക്കുന്നവരോടും മറ്റും തിമിംഗലത്തെ കണ്ടാല്‍ കൃത്യമായ ദൂരം പാലിക്കണമെന്ന അഭ്യര്‍ത്ഥനയും ഗവേഷകര്‍ പുറത്തിറക്കിയിട്ടുണ്ട്. ബോട്ടും മറ്റും സമീപത്തേക്ക് പോകുന്നത് തിമിംഗലത്തെ അപകടപ്പെടുത്തിയേക്കാമെന്നും ഇവര്‍ ഭയക്കുന്നു.

MORE IN WORLD
SHOW MORE