'അവിടെ നിൽക്കുന്നത് പിശാച്'; പെൺമക്കളെ കൊന്ന പിതാവിനെ ചൂണ്ടി മാതാവ്

murder-father
SHARE

അതാ അവിടെ നിൽക്കുന്നത് പിശാചാണ്’– അമുസ്‍ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താൽ രണ്ടു പെൺമക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവിന്റെ മുഖത്തു നോക്കി മാതാവ് പറഞ്ഞ വാക്കുകളാണിത്. കഴിഞ്ഞ ദിവസം സാക്ഷി വിസ്താരത്തിനിടെയാണ് നാടകീയ രംഗങ്ങൾ കോടതിയിൽ അരങ്ങേറിയത്.

കൊലപാതകം നടന്ന 2008 ജനുവരി ഒന്നിനുശേഷം ആദ്യമായാണ് യാസർ സെയ്ദിനെ ഭാര്യ പട്രീഷ ഓവൻസ് മുഖാമുഖം കാണുന്നത്. ഇയാൾക്കു നേരെ കോടതി മുറിയിൽ വിരൽ ചൂണ്ടി രോഷത്തോടെയായിരുന്നു പട്രീഷയുടെ വാക്കുകൾ. അമീന (18), സാറ (17) എന്നീ രണ്ടു പെൺകുട്ടികളാണ് വെടിയേറ്റു മരിച്ചത്. ഈ മാസം ഒന്നിനാണ് കേസ് വിസ്താരം ആരംഭിച്ചത്. മൂന്നാം ദിവസം ഡാലസ് ഫ്രാങ്ക് ക്രൗലി കോർട്ടിനുള്ളിലാണ് വികാരവിക്ഷോഭം ഉണ്ടായത്.

കൊലപാതകത്തിനുശേഷം അപ്രത്യക്ഷമായ യാസർ സെയ്ദിനെ ഭാര്യ പട്രീഷ ഓവൻസ് പിന്നീട് ഡിവോഴ്സ് ചെയ്തിരുന്നു. 12 വർഷത്തിനു ശേഷമാണ് ഇയാൾ പിടിയിലായത് (2020ൽ). 1987 ഫെബ്രുവരിയിലാണ് 15 വയസ്സുള്ള തന്നെ 29 വയസ്സുള്ള യാസർ സെയ്ദ് വിവാഹം കഴിച്ചതെന്നും, വിവാഹം കഴിഞ്ഞു ആദ്യ മൂന്നു വർഷത്തിനുള്ളിൽ അമീന, സാറ, ഇസാം എന്നീ മൂന്നു കുട്ടികൾക്ക് ജന്മം നൽകിയാതായും ഇവർ കോടതിയിൽ പറഞ്ഞു.

യുവാക്കളുമായുള്ള പെൺകുട്ടികളുടെ സൗഹൃദം ഞാൻ അറിഞ്ഞിരുന്നതായും അതിനെ അനുകൂലിച്ചിരുന്നതായും ഇവർ പറഞ്ഞു. പല സന്ദർഭങ്ങളിലും ഭർത്താവിൽ നിന്നും കുട്ടികളെ രക്ഷിക്കുന്നതിനു വീട്ടിൽ നിന്നും ഇറങ്ങി പോകേണ്ടി വന്നിട്ടുണ്ട്. എന്നാൽ, ഇത്രയും വലിയ ക്രൂരത കാണിക്കുമെന്ന് കരുതിയിരുന്നില്ലെന്നും പട്രീഷ ഓവൻസ് കോടതിയിൽ ബോധിപ്പിച്ചു.

MORE IN WORLD
SHOW MORE