അസഹ്യമായ വയറുവേദന; ശുചിമുറിയിൽ കുഞ്ഞിന് ജൻമം നൽകി കോളജ് വിദ്യാർഥിനി

newborn-leg
SHARE

വയറു വേദന കൊണ്ട് ശുചിമുറിയിലേക്ക് പോയ കോളജ് വിദ്യാർഥിനി കുഞ്ഞിനെ പ്രസവിച്ചു. ബ്രിട്ടനിലെ ബ്രിസ്റ്റോളിലാണ് സംഭവം. ഗർഭിണിയാണെന്ന് താൻ അറിഞ്ഞിരുന്നില്ലെന്നും ഒരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ലെന്നുമാണ് യുവതി പറയുന്നത്. ആർത്തവം ക്രമമല്ലാത്തതിനാൽ വയറു വേദന വരുമ്പോഴെല്ലാം അതിന്റെ ഭാഗമാണെന്നാണ് കരുതിയിരുന്നതെന്നും അത് കൊണ്ട് തന്നെ  ഗൗനിക്കാറില്ലായിരുന്നുവെന്നും ജെസ് ഡേവിസ് എന്ന രണ്ടാം വർഷ ബിരുദ വിദ്യാർഥിനി പറയുന്നു. സൗത്താംപ്ടൺ സർവകലാശാലയിൽ പൊളിക്കൽ സയൻസ് വിദ്യാർഥിനിയാണ് ജെസ്.

ജെസ് പ്രസവിച്ച ആൺകുഞ്ഞ് പൂർണ ആരോഗ്യവാനാണ്. മൂന്ന് കിലോ തൂക്കമുണ്ട്. ഞെട്ടിപ്പോയെന്നാണ് ജെസ് പറയുന്നത്. സ്വപ്നം കാണുകയാണോ എന്ന് വരെ താൻ സംശയിച്ചെന്നും ജെസ് കൂട്ടിച്ചേർക്കുന്നു. കുട്ടി കരയുന്നത് വരെ എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് മനസിലായത് പോലുമില്ലെന്നും ആദ്യത്തെ നടുക്കം മാറിയ താൻ ഇപ്പോൾ വലിയ സന്തോഷത്തിലാണെന്നും ദി ഇൻഡിപെൻഡന്റിനോട് ജെസ് വെളിപ്പെടുത്തി.

ബർത്ത്ഡേ പാർട്ടിക്കുള്ള തയ്യാറെടുപ്പിലായിരുന്നു ജെസ്. വയറു വേദന അസഹ്യമായതോടെയാണ് ബാത്ത്റൂമിലേക്ക് പോയത്. കുളിച്ചാൽ ശരിയാകുമെന്ന് വിചാരിച്ചപ്പോൾ വേദന കഠിനമാവുകയായിരുന്നുവെന്നും പിന്നീട് പ്രസവിച്ചെന്നും ജെസ് പറയുന്നു. ഉടൻ തന്നെ കൂട്ടുകാരിയെ വിവരം അറിയിച്ച ജെസ് അവരുടെ നിർദേശ പ്രകാരം ആബുലൻസ് സർവീസുമായി ബന്ധപ്പെട്ടു. ഉടൻതന്നെ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇരുവരും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

MORE IN WORLD
SHOW MORE