റഷ്യൻ സ്വർണത്തിന് വിലക്കേർപ്പെടുത്താൻ ജി 7 രാജ്യങ്ങള്‍; വിയോജിച്ച് ഇന്ത്യ

g7_2022_Gold
SHARE

റഷ്യയില്‍ നിന്നുള്ള സ്വര്‍ണ ഇറക്കുമതിക്ക് വന്‍ശക്തികളായ ജി 7 രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തും. മ്യൂണിക്കില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. യുക്രെയന്‍ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിലെടുക്കുന്ന തീരുമാനത്തോട് പ്രത്യേക ക്ഷണിതാവായ ഇന്ത്യ യോജിച്ചേക്കില്ല. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജര്‍മനിയിലെത്തി. 

യുക്രെയ്‍ന്‍ അധിനിവേശത്തിന്‍റെ പേരില്‍ റഷ്യയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കാനാണ് ജ7 അംഗരാജ്യങ്ങളുടെ നീക്കം. അമേരിക്കയും ബ്രിട്ടണുമാണ് സ്വര്‍ണഇറക്കുമതിക്ക് ആദ്യം വിലക്കേര്‍പ്പെടുത്തുക. റഷ്യന്‍ സ്വര്‍ണം ഏറ്റവുമധികം ഇറക്കുമതി ചെയയ്ുന്നത് ബ്രിട്ടനാണ്. എണ്ണ കഴിഞ്ഞാല്‍ റഷ്യയുടെ മുഖ്യവരുമാനമാര്‍ഗമാണ് സ്വര്‍ണകയറ്റുമതി. റഷ്യന്‍ എണ്ണയ്ക്ക് വിലപരിധി നിശ്ചയിക്കാനും നീക്കമുണ്ട്.  റഷ്യന്‍ എണ്ണയുട മുഖ്യ ഉപഭോക്താക്കളായ യൂറോപ്യന്‍ രാജ്യങ്ങളും ഇതിനോട് യോജിക്കുമെന്നാണ് സൂചന.

ക്രെംലിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കി യുക്രെയ്നില്‍ നിന്ന് പിന്‍മാറ്റാനാണ് വന്‍ശക്തി രാജ്യങ്ങള്‍ ശ്രമിക്കുന്നത്.  അതേസമയം റഷ്യയ്ക്കു മേല്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്താനുള്ള നീക്കത്തോട് ഇന്ത്യ എങ്ങനെ പ്രതികരിക്കും എന്നത് പ്രധാനമാണ്. പാശ്ചാത്യരാജ്യങ്ങള്‍ റഷ്യയ്ക്കു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളോട് സഹകരിക്കാന്‍ ഇന്ത്യ തയാറായിട്ടില്ല. കാലാവസ്ഥ വ്യതിയാനം, കാര്‍ബണ്‍ വില നിര്‍ണയം, ഭക്ഷ്യസുരക്ഷ, ലിംഗസമത്വം തുടങ്ങി വിവിധ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിലപാട് വ്യക്തമാക്കും.

മ്യൂണിക്കിലെ ഷ്ലോസ് എല്‍മാവു ആഡംബര റിസോര്‍ട്ടില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇന്ത്യയ്ക്ക് പുറമേ അര്‍ജന്‍റീന, ഇന്തോനീഷ്യ, സെനഗല്‍, ദക്ഷിണാഫ്രിക്ക എന്നിവരും പ്രത്യേക ക്ഷണിതാക്കളാണ്.. ചൊവ്വാഴ്ച്ച പ്രധാനമന്ത്രി യുഎഇയിലേയ്ക്ക് പോകും. യുഎഇ മുന്‍ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ വേര്‍പാടില്‍ നേരിട്ട് അനുശോചനം അറിയിക്കും. പുതിയ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി നരേന്ദ്രമോദി കൂടിക്കാഴ്ച്ച നടത്തും.

MORE IN WORLD
SHOW MORE