അമിതവേഗം; മതിലില്‍ ഇടിച്ചു തകര്‍‌ന്ന് റൊണാൾഡോയുടെ കാര്‍

accident
SHARE

അമിതവേഗത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു തകര്‍‌ന്ന് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആഡംബര കാർ. 16 കോടി രൂപയോളം വിലയുള്ള ബുഗാട്ടി വെയ്‌റോൺ എന്ന സ്പോർട്സ് കാറാണ് അപകടത്തിൽപെട്ടത്. സ്പെയിനിലെ മയോർക്കയിൽ വെച്ചായിരുന്നു അപകടമുണ്ടായത്. ഈ സമയത്ത് റൊണാൾഡോ കാറിലുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. 

അമിതവേഗത്തിലെത്തിയ കാർ വളവ് തിരിഞ്ഞപ്പോൾ നിയന്ത്രണം വിട്ടതാണെന്നാണ് സൂചന. സമീപത്തെ മതിലിലേക്ക് ഇടിച്ചുകയറിയ കാറിന് സാരമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വാഹനമോടിച്ച ഡ്രൈവര്‍ക്ക് പരുക്കുകളൊന്നുമില്ല. അന്വേഷണത്തില്‍ റൊണാൾഡോ അല്ല കാറോടിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. മറ്റ് വാഹനങ്ങളൊന്നും കാറില്‍ ഇടിച്ചതെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടുണ്ട്.

നിലവില്‍ റൊണാൾഡോ കുടുംബത്തോടൊപ്പം അവധിയാഘോഷത്തിലാണ്. പങ്കാളി ജോർജിന റോഡ്രിഗസിനോടും അഞ്ച് മക്കൾക്കുമൊപ്പം മയോർക്കയിലാണ് താരമുള്ളത്. സ്പെയിനിൽ എത്തിയ ശേഷം പോർച്ചുഗലിൽ നിന്നും കാർ മയോർക്കയിലേക്ക് എത്തിച്ചതായിരുന്നു. അപകടത്തിൽ പെട്ട ബുഗാട്ടി വെയ്‌റോണിനൊപ്പം മെഴ്‌സിഡീസ് ബെൻസ് ജി-ക്ലാസ് കൂടി താരം അയച്ചിരുന്നു. റൊണാൾഡോയുടെ പ്രശസ്തമായ ആഡംബര കാർ ശേഖരത്തിൽ പെട്ടവയാണ് ഈ കാറുകൾ. ഇവയോടൊപ്പം ലംബോർഗിനി അവന്ത്ഡോർ, ബുഗാട്ടി സെന്റോഡീസി, റോൾസ് റോയ്സ് കള്ളിനൻ എന്നിവയും താരത്തിന്റെ പക്കലുണ്ട്.

MORE IN WORLD
SHOW MORE