നിറവും മതവും നോക്കി മനുഷ്യനെ കാണുന്ന ലോകം; 10 കോടി അഭയാര്‍ഥികള്‍..!

E_LOKAM_HD
SHARE

ജൂണ്‍ 20 ലോക അഭയാര്‍ഥി ദിനം. ജീവനുവേണ്ടി, ജീവിതം തേടി,  അലയുന്നവരാണ് അഭയാര്‍ഥികള്‍. സ്വന്തമെന്ന് പറയാന്‍ നാടും വീടുമില്ല, അഥവാ ഉണ്ടായിരുന്നതെല്ലാം ഉപേക്ഷിക്കണ്ടേിവന്നവര്‍. ലോകത്താകെ 10 കോടിയിലധികം അഭയാര്‍ഥികളുണ്ടെന്നാണ് യു.എന്‍. കണക്ക്. എഴുപത്തിയെട്ട് പേരില്‍ ഒരാള്‍ അഭയാര്‍ഥിയാണെന്നാണ് കണക്ക്. വിഡിയോ കാണാം: 

ലോകത്താകെ ഒരുദിവസം ശരാശരി നാല്‍പതിനായിരത്തിലധികം പേര്‍ അഭയാര്‍ഥികളാവുന്നുണ്ട്. സ്വന്തം രാജ്യത്തുതന്നെ അഭയാര്‍ഥികളാക്കപ്പെടുന്നവരും മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നവരും ഇതിലുള്‍പ്പെടും. അഭയാര്‍ഥികള്‍ 50 ശതമാനത്തോളം 18 വയസില്‍ താഴെ പ്രായമുള്ളവരാണ്. അതില്‍തന്നെ 20 ശതമാനം പെണ്‍കുട്ടികള്‍. സിറിയ, വെനസ്വേല, അഫ്ഗാനിസ്ഥാന്‍, സൗത്ത് സുഡാന്‍, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളില്‍നിന്നാണ് കൂടുതല്‍ പേര്‍ പലായനം ചെയ്യുന്നത്.  

യുദ്ധം, ആഭ്യന്തര സംഘര്‍ഷങ്ങള്‍, വരള്‍ച്ചയും പ്രളയവുമുള്‍പ്പെടെ കാലാവസ്ഥ ദുരന്തങ്ങള്‍... തന്റേതല്ലാത്ത കാരണത്താലാണ് ഓരോരുത്തരും അഭയാര്‍ഥികളാവുന്നത്.  അവരോട് ലോകം പെരുമാറുന്നതെങ്ങനെയാണ്. കറുപ്പിന്റെയും വെളുപ്പിന്റെയും മതത്തിന്റെയും രൂപത്തിന്റെയും പേരില്‍ വരെ അവര്‍ വിവേചനം നേരിടുന്നു. അതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് യൂറോപ്പിലും ബ്രിട്ടനിലും കാണുന്നത്.  

റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് അരക്കോടിയിലധികം പേര്‍ ഇതുവരെ യുക്രെയ്നില്‍നിന്് പലായനം ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇവരെയെല്ലാം മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. യൂറോപ്യന്‍ യൂണിയന്‌റ് ഭാഗമായ 27 രാജ്യങ്ങളിലും യുക്രെയ്‌നില്‍നിന്നുള്ളവര്‍ക്ക് കുടുംബത്തോടൊപ്പം താമസം, ഭക്ഷണം,  ജോലി ചെയ്യാനുമുള്ള പെര്‍മിറ്റ്, തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങള്‍. അതെല്ലാം അങ്ങേയറ്റം അഭിനന്ദനാര്‍ഹവുമാണ്.  എന്നാല്‍ മറ്റ് രാജ്യങ്ങളിലെ അഭയാര്‍ഥികളോട് ഇവര്‍ ചെയ്യുന്നതോ... സമീപകാലത്ത് അഫ്ഗാനിസ്ഥാനില്‍നിന്ന് അഭയാര്‍ഥിപ്രവാഹമുണ്ടായപ്പോള്‍ നാറ്റോ സഖ്യത്തെ സഹായിച്ചിരുന്നവരെ മാത്രമാണ് യു.എസും ബ്രിട്ടനും യൂറോപ്പും നാടുകടക്കാന്‍ സഹായിച്ചത്. അതില്‍തന്നെ പലര്‍ക്കും രക്ഷപ്പെടാന്‍ സാധിച്ചതുമില്ല. വര്‍ഷങ്ങളായി ആഭ്യന്തര കലാപം നടക്കുന്ന സിറിയ, യമന്‍, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നെല്ലാം ലക്ഷക്കണക്കിന് പേര്‍ പലായനം ചെയ്തിരുന്നു. ഇവരെയൊന്നും സ്വീകരിക്കാന്‍ യൂറോപ്പോ യു.എസോ ബ്രിട്ടനോ ഒരുക്കലും തയാറായിട്ടില്ല.  വന്നവരെയെല്ലാം ദയാരഹിതമായി ആട്ടിയോടിച്ചിട്ടുമുണ്ട്. മുള്ളുവേലി കെട്ടിയും സൈന്യത്തെ അണിനിരത്തിയും ശത്രുക്കളെയെന്ന പോലെയാണ് പലരാജ്യങ്ങളും അഭയാര്‍ഥികളെ കൈകാര്യം ചെയ്യുന്നത്. അഭയാര്‍ഥികളെ താങ്ങാനുള്ള ശേഷിയില്ലെന്നാണ് യു.എന്നിലടക്കം രാജ്യങ്ങള്‍ നിലപാടെടുത്തത്. എന്തുകൊണ്ടാണ് ഈ വിവേചനം. യുക്രെയ്നില്‍നിന്ന് വരുന്നവരെല്ലാം വിദ്യാഭ്യാസവും സംസ്കാരവും ഉള്ളവരാണ്. അവരെ സ്വീകരിക്കുന്നതിന് തടസമില്ല. മറ്റുരാജ്യക്കാര്‍ അങ്ങനെയല്ല എന്ന് പരസ്യമായിത്തന്നെ ബള്‍ഗേറിയന്‍ പ്പരധാനമന്ത്രി പറഞ്ഞു.   വര്‍ണവിവേചനം എത്രത്തോളം തീവ്രമെന്നതിന്റെ നേര്‍സാക്ഷ്യമാണ് ഈ വാക്കുകള്‍.   

ഇനി ബ്രിട്ടനിലേക്കു ചെന്നാല്‍ വൈരുദ്ധ്യം നിറഞ്ഞ മറ്റൊരു കാഴ്ച കാണാം. ഒരുവശത്ത് യുക്രെയ്നില്‍നിന്നുള്ളവരെ തുറന്ന മനസോടെ സ്വീകരിക്കുന്നു. അവര്‍ക്കുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുന്നു. മറുവശത്ത് യുക്രെയ്ന്‍ ഇതര രാജ്യക്കാരായ അഭയാര്‍ഥികളെ വില്‍പ്പനച്ചരക്കാക്കുന്നു. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയിലേക്ക് അവരെ കയറ്റി അയക്കുന്നു.  

യുക്രെയ്നില്‍നിന്നുള്ളവരെ സ്വീകരിക്കാന്‍ വിപുലമായ പദ്ധതികളാണ് ബ്രിട്ടന്‍ ഒരുക്കിയിരിക്കുന്നത്. ബ്രിട്ടനിലുള്ള ആര്‍ക്കും യുക്രെയ്ന്‍ പൗരന്‍മാരെയോ അവരുടെ കുടുബത്തേയോ കൂടെ താമസിപ്പിക്കാന്‍ ശുപാര്‍ശചെയ്യാം. മുന്‍ പരിചയം പോലും ആവശ്യമില്ല.  ഇത്തരത്തില്‍ വരുന്നവര്‍ക്ക് ആറുമാസം വാടകയില്ലാതെ ബ്രിട്ടനില്‍ താമസിക്കാം. സ്വീകരിക്കുന്നവര്‍ക്ക് മാസം 350 യൂറോ സഹായമായി ലഭിക്കുകയും ചെയ്യും. ജൂണ്‍ ആദ്യവാരമുള്ള കണക്കനുസരിച്ച് 1,24,400 യുക്രെന്‍ പൗരന്‍മാര്‍ക്ക് ബ്രിട്ടന്‍ വീസ അനുവദിച്ചുകഴിഞ്ഞു. ഇതേ ബ്രിട്ടന്‍ പക്ഷേ മറ്റുരാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികളോട് ചെയ്യുന്നതെന്താണ്. അവരെ സ്വീകരക്കുകയല്ല, നാടുകടത്തുകയാണ് ചെയ്യുന്നത്.  

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയുമായി യു.കെ. ഒപ്പുവച്ച കരാര്‍ അനുസരിച്ച് അനധികൃതമായി രാജ്യത്തെത്തുന്നവരെ 6400 കിലോമീറ്റര്‍ അകലെയുള്ള റുവാണ്ടയിലേക്ക് വണ്‍വേ ടിക്കറ്റ് നല്‍കി കയറ്റിഅയക്കും. അഞ്ചുവര്‍ഷം അവര്‍ക്ക് റുവാണ്ടയില്‍ കഴിയാം. അതുകഴിഞ്ഞാല്‍ താല്‍പര്യമുള്ളവര്‍ക്ക് അവിടുത്തെ പൗരത്വം ലഭിക്കും. സ്ഥിരമായി താമസിക്കാം. അല്ലാത്തവര്‍ക്ക് വീണ്ടും അഭയാര്‍ഥികളായി മറ്റുരാജ്യങ്ങളിലേക്ക് യാത്രതുടരാം. ഇതില്‍ റുവാണ്ടയ്ക്ക് എന്താണ് നേട്ടം. അഞ്ച് വര്‍ഷത്തേക്ക് 120 മില്ല്യന്‍ യൂറോ അതായത് എണ്ണൂറ് കോടിയിലധികം രൂപ കരാറിന്റെ ഭാഗമായി ബ്രിട്ടന്‍ നല്‍കും. അഭയാര്‍ഥി ക്യാംപുകള്‍ ഒരുക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുമാണ് ഈ തുക. കരാര്‍ പ്രകാരം ബ്രിട്ടനില്‍നിന്ന് റുവാണ്ടയിലേക്ക് നാടുകടത്തപ്പെടുന്നവരെ  സംരക്ഷിക്കണം, അവര്‍ ബഹുമാനിക്‌പ്പെടണം. അതുണഅടായില്ലെങ്കില്‍ എന്ത് എന്നതിന് ഉത്തരവുമില്ല.  

സുഖകരമായ ജീവിതസാഹചര്യമല്ല റുവാണ്ടയിലേത്. അനധികൃത കൊലപാതകങ്ങള്‍, കസ്റ്റഡി മരണങ്ങള്‍, അനധികൃതമായി തടങ്കലില്‍ വയ്ക്കുക, വിമര്‍ശകരെയും എതിരാളികളെയും വിചാരണ ചെയ്യുക തുടങ്ങിയവ ഒട്ടേറെ മനുഷ്യാവകാശ ലംഘനങ്ങളും ഭരണകൂട പീഡനങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അയല്‍രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുമായുള്ള സംഘര്‍ഷം വേറെ. അവിടേക്കാണ് ഈ അഭയാര്‍ഥികളും എത്തുന്നത്.  

റുവാണ്ടയിലെ മനുഷ്യാവകാശ ലംഘനങ്ങളെ ബ്രിട്ടന്‍ തന്നെ  മുന്‍പ് അപലപിച്ചിട്ടുണ്ട്. അതേരാജ്യത്തേക്കാണ് ഇപ്പോള്‍ അഭയാര്‍ഥികളെ പണംകൊടുത്ത് കയറ്റി അയക്കുന്നത്.  കടല്‍മാര്‍ഗവും റോഡ് മാര്‍ഗവും അനധികൃതമായി വരുന്നവരെയാണ് ഇത്തരത്തില്‍ കയറ്റി അയക്കുന്നതെന്നും അനധികൃത കുടിയേറ്റം തടയുകയാണ് ലക്ഷ്യമെന്നും ബ്രിട്ടന്‍ പറയുന്നു.  അഭയാര്‍ഥികള്‍ക്കൊപ്പം ക്രിമിനലുകളും രാജ്യത്തേക്ക് വരുന്നുണ്ട്. മനുഷ്യക്കടത്തടക്കം തടയാനും റുവാണ്ട കരാര്‍ സഹായിക്കുമെന്നാണ് യു.കെയുടെ ന്യായം.  2021 ല്‍ മാത്രം 28,000 പേര്‍ ബ്രിട്ടനിലേക്ക് ബോട്ടുവഴി എത്തിയിട്ടുണ്ടെന്നാണ് കണക്ക്. എന്നാല്‍ യൂറോപ്യന്‍ മാരല്ലാത്ത അഭയാര്‍ഥികളെ സ്വീകരിക്കാനുള്ള വൈമുഖ്യത്തോടൊപ്പം സാമ്പത്തിക നേട്ടവും കരാറിലൂടെ ബ്രിട്ടന്‍ ലക്ഷ്യമിടുന്നു. നിലവില്‍  അഭയാര്‍ഥികള്‍ക്കായി ബ്രിട്ടന് വര്‍ഷം  50 ലക്ഷം യൂറോ ചെലവുവരുന്നുണ്ടെന്നാണ് കണക്ക്.  അതുവച്ചുനോക്കിയാല്‍ റുവാണ്ടയുമായുള്ള കരാര്‍ ഏറെ ലാഭകരമാണ്.  

റുവാണ്ട കരാര്‍ ഇതിനോടകം കോടതി കയറിക്കഴിഞ്ഞു. ഈ മാസം 14 നാണ് എട്ട് അഭയാര്‍ഥികളേയും കൊണ്ട് ആദ്യവിമാനം റുവാണ്ടയിലേക്ക് പറക്കേണ്ടിയിരുന്നത്. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് വിമാനം തടഞ്ഞു. എന്നാല്‍ കരാറില്‍നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ബ്രിട്ടന്‍.  

യു.എന്‍. റെഫ്യൂജി ഏജന്‍സിതന്നെ ബ്രിട്ടന്റെ നീക്കത്തെ അപലപിച്ചിരുന്നു.  ചരക്കുനീക്കം പോലെ മനുഷ്യരെ കൈമാറരുതെന്നാണ് ഏജന്‍സി പറഞ്ഞത്.

ബ്രിട്ടനിലെ തന്നെ മനുഷ്യാവകാശ പ്രവര്‍ത്തകരും റുവാണ്ടയുമായുള്ള കരാറിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്. കോടതികളില്‍ കേസും നിലവിലുണ്ട്. റുവാണ്ടയിലേക്ക് നാടുകടത്തപ്പെടേണ്ടിയിരുന്ന അഭയാര്‍ഥികളില്‍ പലരും നിരാഹാര സമരമടക്കം പ്രതിഷേധവും തുടങ്ങിയിരുന്നു. എന്നാല്‍ കരാറില്‍നിന്ന് ഒരുനിലയ്ക്കും പിന്നോട്ടില്ലെന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ പറയുന്നത്. 

ബ്രിട്ടന്‍ മാത്രമല്ല മറ്റു രാജ്യങ്ങളും ഇത്തരത്തില്‍ അഭയാര്‍ഥികളെ കയറ്റുമതി ചെയ്യുന്നുണ്ട്.  ഓസ്‌ട്രേലിയ 2012  മുതല്‍ 2019 വരെ 4000 പേരെ നൗറു, പൈപ്പുവ ന്യൂ ഗിനിയ എന്നിവിടങ്ങളിലേക്കയച്ചു. ഇസ്രയേല്‍ പല മൂന്നാംലോക രാജ്യങ്ങളുമായി അഭയാര്‍ഥി കൈമാറ്റ കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. അനധികൃതമായി എത്തുന്നവര്‍ക്ക് ഇസ്രയേല്‍ രണ്ടുനിര്‍ദേശങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്.  ഒന്നുകില്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങുക. അതിനുള്ള യാത്രാച്ചെലവ് നല്‍കും. അല്ലെങ്കില്‍ 3500 ഡോളറും ഏതെങ്കിലും മൂന്നാംലോക രാജ്യത്തേക്കുള്ള ടിക്കറ്റും.  

അഭയാര്‍ഥികളെ സ്വീകരിക്കുന്നതില്‍ മാത്രമല്ല, മാനുഷിക സഹായങ്ങള്‍ അനുവദിക്കുന്നതിലും ഈ വിവേചനം പ്രകടമാണ്. യുക്രെയ്നില്‍ യുദ്ധം ആരംഭിച്ചിട്ട് രണ്ടുമാസം തികയുന്നതേയുള്ളു, ഇതിനോടകം പണമായും ഭക്ഷണമായും ആയുധമായും ശതകോടികള്‍ സഹായമായെത്തി, . എന്നാല്‍ ആഭ്യന്തര യുദ്ധത്താലും കാലാവസ്ഥ, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ കാരണങ്ങളാലും പട്ടിണിയനുഭവിക്കുന്ന രാജ്യങ്ങള്‍ക്കുള്ള സഹായം വന്‍തോതില്‍ കുറയുകയാണ് ചെയ്തത്.  അവരിലേറെയും ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളാണ്. 

സൊമാലിയ, എറിത്രിയ, എത്യോപ്യ, ജിബൂട്ടി, എറിത്രിയ തുടങ്ങി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അതിരൂക്ഷമായ പട്ടിണിയാണ്.  40 വര്‍ഷത്തിനിടയിലെ കൊടും വരള്‍ച്ചയിലൂടെ രാജ്യം കടന്നുപോകുന്നു.  പടിഞ്ഞാറല്‍ ആഫ്രിക്കയിലെ നൈജീരിയ, ബുര്‍ക്കിന ഫാസോ, ചദ്, മാലി തുടങ്ങിയ രാജ്യങ്ങളിലായി 27 കോടി ജനങ്ങള്‍ ഭക്ഷണമില്ലാതെ വലയുന്നു. അഫ്ഗാനിസ്ഥാനില്‍  രണ്ടരക്കോടിയോളം പരാണ് അതിദാരിദ്ര്യത്തിലുള്ളത്.  അതായത് ദിവസം ഒരുനേരം പോലും ഭക്ഷണം ലഭിക്കാത്തവര്‍ . സിറിയയില്‍ ഒന്നരക്കോടി ജനങ്ങള്‍ പട്ടിണിയിലാണ്. അഞ്ചുലക്ഷം പേര്‍ ഇതുവരെ മരിച്ചു. അതില്‍ 27,000 കുട്ടികള്‍ ഉള്‍പ്പെടും.  

യമന്‍ സംഘര്‍ഷത്തില്‍ മരിച്ചത് ഒന്നരലക്ഷം പേരാണ്. രണ്ടുകോടുക്കടുത്ത് ആളുകള്‍ പട്ടിണിയില്‍. ഇവര്‍ക്കൊന്നും യു.എസിന്റെയോ യൂറോപ്പിന്റെയോ മറ്റ്  വികസിത രാജ്യങ്ങഴളുടെയോ അകമഴിഞ്ഞ സഹായം ലഭിക്കുന്നില്ല. 

വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ കണക്കനുസരിച്ച് ലോകത്തിന്റെ പട്ടിണിമാറ്റാന്‍ 150 കോടി ഡോളര്‍  വേണ്ടിടത്ത്് ലഭിക്കുന്നത് 47 കോടി ഡോളര്‍ മാത്രം.  

യൂറോപ്പും ബ്രിട്ടനും യു.എസും അഭയാര്‍ഥികളോട് വിവേചനം കാണിക്കുമ്പോള്‍ അഭയംനല്‍കുന്നത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളാണ്. 38 ലക്ഷം അഭയാര്‍ഥികള്‍ തുര്‍ക്കിയിലുണ്ട്. കൊളംബിയ 18 ലക്ഷം പേരെ സ്വീകരിച്ചു, ഉഗാണ്ടയിലുമുണ്ട് 15 ലക്ഷം അഭയാര്‍ഥികള്‍.  യുദ്ധമായാലും സമധാനമായാലും ലോകം മനുഷ്യനെ കാണുന്നത് നിറവും മതവും നോക്കിയാണെന്നത് അങ്ങേയറ്റം ഖേദകരമാണ്.

MORE IN WORLD
SHOW MORE