ടോയ്‌ലറ്റ് പേപ്പർ കത്തിച്ചു; അരിസോണയെ വിഴുങ്ങി കാട്ടുതീ; 24,000 ഏക്കർ അഗ്നിക്കിരയായി

forest-fire-usa
Photo - Rob Schumacher/The Republic/USA TODAY NETWORK via REUTERS
SHARE

യുഎസിലെ അരിസോന സംസ്ഥാനത്ത് കത്തിപ്പടർന്ന കാട്ടുതീ 24,000 ഏക്കറോളം ബാധിച്ചതായി കൊക്കോനിനോ ദേശീയ ഉദ്യാനം അധികൃതർ. ഇതിനൊപ്പം മറ്റു രണ്ടു ചെറിയ തീപിടിത്തങ്ങളും കൂടിച്ചേർന്ന് നാലായിരം ഏക്കർ സ്ഥലത്തെ ബാധിച്ചതായും കൊക്കോനിനോ അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇരു തീപിടിത്തങ്ങളും ഇതുവരെ നിയന്ത്രണവിധേയമാക്കാനായില്ല.

ഞായറാഴ്ചയാണ് പൈപ്പ്‌ലൈൻ ഫയർ എന്നറിയപ്പെടുന്ന ആദ്യത്തെ തീപിടിത്തം ഉണ്ടായത്. ഹേവൈർ ഫയർ എന്നറിയപ്പെടുന്ന രണ്ടാമത്തെ തീപിടിത്തം തിങ്കളാഴ്ച രൂപപ്പെട്ടതായാണ് റിപ്പോർട്ട്. കടുത്ത വേനലും ചൂടുകാറ്റുമാണ് തീ നിയന്ത്രണ വിധേയമാക്കുന്നതിൽ അഗ്നിരക്ഷാസേനയ്ക്കു വെല്ലുവിളി ഉയർത്തുന്നത്. വനത്തിന്റെ വടക്കൻ ഭാഗത്തേക്കുള്ള പ്രവേശനം അധികൃതർ നേരത്തേതന്നെ വിലക്കിയിരുന്നു.

ഞായറാഴ്ച തന്നെ കൊക്കോനിനോ കൗണ്ടിയില്‍ പൈപ്പ്‌ലൈൻ ഫയർ ബാധിച്ചേക്കാവുന്ന നൂറുകണക്കിന് പേരെ മാറ്റിപ്പാർപ്പിച്ചിരുന്നു. പിന്നീടുള്ള ദിവസങ്ങളിലായി 2,500 ൽ പരം കുടുംബങ്ങളെ ഒഴിപ്പിച്ചു. ഇനിയും ആയിരത്തോളം ആളുകളോട് ഒഴിയാൻ തയാറെടുക്കാനും നിർദേശിച്ചിട്ടുണ്ട്. കൗണ്ടിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 360 പേരാണ് പൈപ്പ്‌ലൈൻ ഫയർ നിയന്ത്രണവിധേയമാക്കാൻ പ്രയത്നിക്കുന്നത്. ഏപ്രിൽ 17ന് ആരംഭിച്ച ടണൽ ഫയർ എന്ന് അറിയപ്പെടുന്ന മറ്റൊരു കാട്ടുതീ 19,000 ഏക്കർ സ്ഥലം അഗ്നിക്കിരയാക്കിയശേഷമാണ് അടങ്ങിയത്. നഗരത്തിന്റെ വടക്കുകിഴക്ക് 14 മൈലോളം സ്ഥലവും വെന്തുരുകി. അന്നും നൂറുകണക്കിന് പേരെ ഫ്ലാഗ്സ്റ്റാഫ് നഗരത്തിൽ നിന്ന് ഒഴിപ്പിക്കേണ്ടതായി വന്നു.

ചൊവ്വാഴ്ച മാത്രം ചെറുതും വലുതുമായ 40 കാട്ടുതീയാണ് യുഎസിൽ റിപ്പോർട്ട് ചെയ്തതെന്ന് നാഷനൽ ഇന്റർഏജൻസി ഫയർ സെന്റർ (എൻഐഎഫ്സി) അറിയിച്ചു. ആറു സംസ്ഥാനങ്ങളിലായി 12 ദശലക്ഷം ഏക്കർ സ്ഥലം കത്തിനശിച്ചു. ഇതിൽ അലാസ്കയിലും അരിസോനയിലും മൂന്നെണ്ണം വീതവും യൂട്ടായിൽ ഒരെണ്ണവും വലിയ കാട്ടുതീകളാണ്.

തുടക്കമിട്ടത് ടോയ്‌ലറ്റ് പേപ്പർ കത്തിച്ചത്

വനത്തിൽ ക്യാംപ് ചെയ്ത ലൂസിയാന സ്വദേശി മാത്യു റൈസർ (57) എന്നയാളുടെ നടപടികളാണ് കാട്ടുതീയിലേക്കു നയിച്ചതെന്നാണു സൂചന. ഉപയോഗിച്ച ടോയ്‌ലറ്റ് പേപ്പർ കൂട്ടിയിട്ടു കത്തിച്ചത് പടർന്നാണ് കാട്ടുതീയായി രൂപാന്തരപ്പെട്ടതെന്ന് പൊലീസ് പറയുന്നു. ക്യാംപ് സൈറ്റിന് സമീപത്തുള്ള പാറയുടെ അടിയിൽ ടോയ്‌ലറ്റ് പേപ്പർ കൂട്ടിയിട്ട് റൈസർ തന്റെ ലൈറ്റർ കൊണ്ട് തീകൊളുത്തുകയായിരുന്നുവെന്നാണു വിവരം. സ്ലീപ്പിങ് ബാഗ് ഉപയോഗിച്ച് ഇയാൾ തീകെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് റൈസറെ ഉദ്ധരിച്ചു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

MORE IN WORLD
SHOW MORE