നാസയുടെ ജയിംസ് വെബ് ടെലിസ്‌കോപ്പിനെ ഉലച്ച് ഉൽക്ക ; ശക്തമായ പ്രഹരം

telescope
SHARE

ലോകത്തിലെ ഏറ്റവും ശേഷിയുള്ള സ്‌പേസ് ടെലിസ്‌കോപ്പെന്നു വിശേഷിപ്പിക്കപ്പെടുന്ന നാസയുടെ ജയിംസ് വെബ് ടെലിസ്‌കോപ് തകർച്ചയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. ജയിംസ് വെബിന്റെ പ്രധാന ഭാഗമായ പ്രൈമറി മിററിലേക്ക് ഉൽക്ക ശക്തിയോടെ ഇടിക്കുകയായിരുന്നു.  കഴിഞ്ഞ ജനുവരിയിൽ ബഹിരാകാശത്തെ ലക്ഷ്യസ്ഥാനത്തെത്തിയ ടെലിസ്‌കോപ് ഇപ്പോൾ ഭൂമിയിൽ നിന്നു ദശലക്ഷക്കണക്കിന് കിലോമീറ്റർ അകലെയാണ്. മുൻപും നാലു തവണ ടെലിസ്‌കോപിൽ ഉൽക്കകൾ വന്നിടിച്ചിട്ടുണ്ട്.

എന്നാൽ അവയുടെ ആഘാതം ഇപ്പോൾ ഉണ്ടായതിനെ അപേക്ഷിച്ച് കുറവാണ്. കണക്കുകൂട്ടിയതിലും വലിയ ആഘാതം ജയിംസ് വെബിന്റെ മിററിൽ ഉൽക്ക ഏൽപിച്ചെന്നും എന്നാൽ പ്രശ്‌നമൊന്നുമില്ലെന്നും ടെലിസ്‌കോപ് പൂർവാധികം ശക്തിയോടെ പ്രവർത്തിക്കുന്നുണ്ടെന്നും നാസ വ്യക്തമാക്കി. വിഖ്യാത ബഹിരാകാശ ടെലിസ്‌കോപ്പായ ഹബ്ബിളിന്റെ പിൻഗാമിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ജയിംസ് വെബ്, ആദിമ പ്രപഞ്ച ഘടന, തമോഗർത്തങ്ങൾ, പുറംഗ്രഹങ്ങളിലെ കാലാവസ്ഥ, ജീവസാധ്യത, യുറാനസ്‌,നെപ്ട്യൂൺ ഗ്രഹങ്ങളുടെ സവിശേഷതകൾ എന്നിവയെക്കുറിച്ച് നിർണായക വിവരങ്ങൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 31 വർഷമായി ബഹിരാകാശത്തുള്ള ഹബ്ബിൾ ടെലിസ്‌കോപ്പിന്റെ 100 മടങ്ങു കരുത്താണു ജയിംസ് വെബിന്. ഹബ്ബിൾ പ്രകാശ, യുവി കിരണങ്ങൾ ഉപയോഗിച്ചാണ് ചിത്രങ്ങളെടുത്തതെങ്കിൽ ജയിംസ് വെബ് ഇൻഫ്രാ റെഡ് കിരണങ്ങൾ ഉപയോഗിച്ചാണു പ്രവർത്തിക്കുന്നത്.ഇതുവരെയുള്ള ഘട്ടങ്ങളെല്ലാം ടെലിസ്‌കോപ് വിജയകരമായി പൂർത്തിയാക്കി. ടെലിസ്‌കോപ്പിലെ വമ്പൻ സോളർ പാനലുകളാണ് ഊർജം നൽകുന്നത്. ഭൂമിയിൽ നിന്നു 15 ലക്ഷം കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന എൽ2 ഭ്രമണപഥത്തിലാണു ജയിംസ് വെബ് സ്ഥിതി ചെയ്യുന്നത്. 

കഴിഞ്ഞ ജനുവരിയിൽ ജയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പിന്റെ 6.5 മീറ്റർ വലുപ്പമുള്ള വമ്പൻ കണ്ണാടി പൂർണമായി വിടർന്നിരുന്നു.'ഗോൾഡൻ ഐ' എന്നാണ് സ്വർണം പൂശിയ, പുഷ്പാകൃതിയുള്ള കണ്ണാടിക്കു നാസ നൽകിയിരിക്കുന്ന പേര്. ബെറീലിയം ലോഹം ഉപയോഗിച്ചു നിർമിച്ച ഇതിന് ഇതളുകൾ പോലെ 18 ഭാഗങ്ങളുണ്ട്.7000 കിലോ ഭാരം, 1000 കോടി യുഎസ് ഡോളർ ചെലവ്, 10 വർഷം കാലാവധി എന്നിവയുള്ള ജയിംസ് വെബിന്റെ പ്രധാന കണ്ണാടിയുടെ വ്യാസം 6.6 മീറ്ററാണ്. ഇതിലേക്കാണ് ഇപ്പോൾ ഉൽക്ക ഇടിച്ചത്. ഒരുപാടു ദൂരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ എന്തെങ്കിലും കാര്യമായ നാശനഷ്ടമുണ്ടായാൽ ദൗത്യം ഉപേക്ഷിക്കേണ്ടിവരും. ഒരു തരത്തിലും തകരാർ പരിഹരിക്കാൻ നിലവിലെ സാങ്കേതികവിദ്യകളാൽ സാധിക്കില്ല.

MORE IN WORLD
SHOW MORE