വിധവയുടെ തീവ്ര ദുഖം കോടതി നേരിട്ട് കണ്ടു; മാതൃകയായി വിധി

ukrainecourt-02
SHARE

സ്ത്രീകളുടെ അവകാശവും അവരുടെ ജീവിതസാഹചര്യങ്ങളും മാനിച്ചും മാനിക്കാതെയും നിരവധി കോടതിവിധികള്‍ നമ്മുടെ നാട്ടിലുണ്ടായിട്ടുണ്ട്, ഇപ്പോഴും ഉണ്ടാവുന്നുമുണ്ട്. എന്നാല്‍ യുക്രൈനില്‍ ഇന്നലെയുണ്ടായ ഒരു കോടതി വിധി പ്രധാനമായും ഒരു വിധവയുടെ തീവ്രദുഖം കോടതിയില്‍ നേരിട്ട് കണ്ടിട്ടായിരുന്നു.

21കാരനായ റഷ്യന്‍ ടാങ്ക് കമാണ്ടറെയാണ് യുക്രൈന്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഫെബ്രുവരി 24ന് റഷ്യ ആക്രമണം ശക്തമാക്കിയിരുന്ന സമയത്ത് ടാങ്ക് കമാണ്ടറായ വാഡിം ഷിഷിമാറിന്‍ മറ്റ് സൈനികര്‍ക്കൊപ്പം യാത്ര ചെയ്യവെ ഗ്രാമവാസിയായ 62കാരന്‍ ഒലക്സാണ്ടര്‍ ഷെലിപ്പോവിനെ വെടിവെച്ച് കൊല്ലുകയായിരുന്നു. വീടിന് മുന്നില്‍ നിന്ന് ഫോണ്‍ ചെയ്യുകയായിരുന്നു ഒലക്സാണ്ടര്‍. കൊല്ലാന്‍ മറ്റു സൈനികര്‍ നിര്‍ബന്ധിച്ചിട്ടാണ് താന്‍ മനസില്ലാ മനസോടെ അത് ചെയ്തത് എന്ന് വാഡിം കോടതിയില്‍ സമ്മതിച്ചു. യുദ്ധകുറ്റവാളിയായി തടവിലാക്കപ്പെട്ട ശേഷം ഇന്നലെയാണ് കോടതി വാഡിമിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ചെയ്ത കുറ്റം വായിച്ച് കേള്‍പ്പിച്ച് കുറ്റം സമ്മതിക്കുന്നുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ വാഡിം മടികൂടാതെ സമ്മതിച്ചു. 

ഈ ഘട്ടത്തിലാണ് കോടതി മുറിയിലുണ്ടായിരുന്ന ഒലക്സാണ്ടറുടെ വിധവ കോടതിയുടെ അനുവാദത്തോടെ ചില ചോദ്യങ്ങള്‍ ചോദിക്കണമെന്ന് അപേക്ഷിച്ചത്. ജഡ്ജി അനുവാദം നല്‍കിയപ്പോള്‍ കെറ്റ്രീന ഷെലിപ്പൊവ വാഡിമിനോട് ചോദിച്ചു. നിങ്ങളെന്തിന് ഞങ്ങളുടെ നാട്ടില്‍ വന്നു? സാധരണക്കാരനായ എന്റെ ഭര്‍ത്താവിനെ നിങ്ങള്‍ എന്തിന് കൊന്നു. ഞങ്ങളെ സ്വതന്ത്രരാക്കാനും സുരക്ഷിതരാക്കാനും വന്നു എന്നല്ലേ നിങ്ങളുടെ പ്രസിഡന്റ് പറയുന്നത്. എന്നെ ഇപ്പോള്‍ ആരില്‍ നിന്നാണ് നിങ്ങള്‍ സംരക്ഷിച്ചത് സ്വതന്ത്രയാക്കിയത്? എന്റെ ഭര്‍ത്താവില്‍ നിന്നോ? പതറാത്ത ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതെ വാഡിം തലതാഴ്ത്തി നിന്നു. വാദത്തിനൊപ്പം ശക്തമായി ഉയര്‍ന്ന് കേട്ട കെറ്റ്രീനയുടെ വിലാപം കൂടി നീതിയുടെ തുലാസില്‍ വെച്ചാണ് ജഡ്ജി സെര്‍ഹി അഗാഫൊനോവ് വാഡിമിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

MORE IN WORLD
SHOW MORE